മലപ്പുറം: കരിപ്പൂർ വഴി ഹജ്ജിനു പുറപ്പെടുന്നവർ കണ്ണൂർ, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളിൽനിന്ന് പോകുന്നവരെ അപേക്ഷിച്ച് 35,000 രൂപ അധികം നൽകണമെന്ന് കേന്ദ്ര ഹജ്ജ് മന്ത്രാലയം. നിരക്കിലെ വ്യത്യാസം ചൂണ്ടിക്കാട്ടി സംസ്ഥാന ഹജ്ജ് കമ്മിറ്റിയും ഹാജിമാരും നൽകിയ നിവേദനങ്ങൾ ഫലംകണ്ടില്ല.
വിമാനനിരക്കിലാണ് വലിയ വ്യത്യാസം. കരിപ്പൂർ വഴി യാത്രതിരിക്കുന്നവർ 3,73,000 രൂപയാണ് അടക്കേണ്ടത്. കൊച്ചി വഴി പുറപ്പെടുന്നവർക്ക് 3,37,100, കണ്ണൂരിൽനിന്ന് പോകുന്നവർക്ക് 3,38,000 എന്നിങ്ങനെയാണ് നിരക്ക്. നിരക്ക് വ്യത്യാസം പരിഹരിക്കാൻ എയർ ഇന്ത്യ അധികൃതരുമായി ബന്ധപ്പെട്ട് നടപടികൾ സ്വീകരിക്കുമെന്ന് വ്യോമയാന മന്ത്രാലയം സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസിക്ക് ഉറപ്പുനൽകിയിരുന്നു. പക്ഷേ, അവസാന ഗഡു അടക്കാനുള്ള ഹജ്ജ് മന്ത്രാലയത്തിന്റെ അറിയിപ്പ് വന്നപ്പോഴാണ് കൂടിയ നിരക്കുതന്നെ നൽകണമെന്ന് വ്യക്തമായത്.
എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് കരിപ്പൂരിൽനിന്ന് ഹാജിമാരെ കൊണ്ടുപോകുന്നത്. കണ്ണൂരിലും കൊച്ചിയിലും സൗദി എയർലൈൻസാണ് സർവിസ് നടത്തുന്നത്. സൗദി എയർലൈൻസ് നിരക്ക് കുറച്ച് ക്വട്ടേഷനെടുത്തതിനാലാണ് നിരക്ക് വ്യത്യാസമെന്നാണ് അധികൃതരുടെ വിശദീകരണം. സംസ്ഥാനത്ത് കൂടുതൽ തീർഥാടകർ പുറപ്പെടുന്നത് കരിപ്പൂർ വഴിയാണ്. ഇതിൽതന്നെ അയ്യായിരത്തിലേറെ പേർ സ്ത്രീകളാണ്.
മലപ്പുറം: സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി അപേക്ഷ നൽകിയ തീർഥാടകർ മൂന്നാംഗഡു ഏപ്രിൽ 27നകം അടക്കണമെന്ന് ഹജ്ജ് കമ്മിറ്റി അറിയിച്ചു. നേരത്തേ അടച്ച രണ്ടു ഗഡു തുകയായ 2,51,800 രൂപക്കു പുറമെ ഇനി അടക്കാനുള്ള തുകയാണ് അടക്കേണ്ടത്. തീർഥാടകർ കവർ നമ്പർ ഉപയോഗിച്ച് ഹജ്ജ് കമ്മിറ്റി വെബ്സൈറ്റിൽ പരിശോധിച്ചാൽ അടക്കേണ്ട തുക സംബന്ധിച്ച വിവരങ്ങൾ ലഭിക്കും. ഇപ്പോൾ പ്രഖ്യാപിച്ച തുക താൽക്കാലികവും ആവശ്യമെങ്കിൽ മാറ്റത്തിന് വിധേയവുമായിരിക്കും.
അപേക്ഷഫോറത്തിൽ ബലികർമത്തിനുള്ള കൂപ്പൺ ആവശ്യപ്പെട്ടവർ, ആ ഇനത്തിൽ 15,180 രൂപകൂടി അധികം അടക്കണം. ഇൻഫന്റിന് (രണ്ടു വയസ്സിന് താഴെയുള്ള കുട്ടികൾ ഉള്ളവർ) കരിപ്പൂർ -13,500 രൂപ, കൊച്ചിൻ എമ്പാർക്കേഷൻ -9950 രൂപ, കണ്ണൂർ എമ്പാർക്കേഷൻ -10,000 രൂപ എന്നീ നിരക്കിലുള്ള തുകകൂടി അടക്കണം.
ഓരോ കവറിനും പ്രത്യേകമായുള്ള ബാങ്ക് റഫറൻസ് നമ്പർ രേഖപ്പെടുത്തിയ പേമെന്റ് സ്ലിപ് ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലോ യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യയിലോ പണമടക്കാം. ഓൺലൈനായും പണമടക്കാം. തുക സംബന്ധിച്ചും മറ്റുമുള്ള വിവരങ്ങൾ ഹജ്ജ് കമ്മിറ്റി വെബ്സൈറ്റിൽ ലഭ്യമാണ്. വെബ്സൈറ്റ്: www.hajcommittee.com, www.keralahajcommittee.org.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.