കൊണ്ടോട്ടി: സംസ്ഥാനത്തുനിന്നുള്ള ഹജ്ജ് വിമാന സർവിസുകള്‍ ഞായറാഴ്ച പൂര്‍ത്തിയാകാനിരിക്കെ സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഇതുവരെ മക്കയിലെത്തിയവരുടെ എണ്ണം പതിനായിരം കവിഞ്ഞു. കരിപ്പൂർ, കൊച്ചി, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍നിന്നായി തിങ്കളാഴ്ച വരെ 11,179 പേരാണ് യാത്ര പുറപ്പെട്ടത്. ഇതില്‍ 7164 പേര് വനിതകളും 4015 പേര് പുരുഷന്മാരുമാണ്. ഇനി 6773 പേരാണ് യാത്രയാകാനുള്ളത്.
കരിപ്പൂരില്‍നിന്ന് 6950 പേരാണ് മക്കയിലെത്തിയത്. ഇവര്‍ക്കായി എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ 42 സർവിസുകള്‍ നടത്തി. സൗദി എയര്‍ലൈന്‍സ് കൊച്ചിയില്‍നിന്ന് 11 വിമാനങ്ങളിലായി 3146 പേരെയും കണ്ണൂരില്‍നിന്ന് മൂന്നു വിമാനങ്ങളിലായി 1083 പേരെയും മക്കയിലെത്തിച്ചു. കരിപ്പൂരില്‍നിന്ന് തിങ്കളാഴ്ച മൂന്നു വിമാനങ്ങളിലായി 273 വനിതകളും 225 പുരുഷന്മാരുമുള്പ്പെടെ 498 പേര് യാത്രയായി. കൊച്ചിയില്‍നിന്ന് ഒരു വിമാനത്തില്‍ 155 പുരുഷന്മാരും 123 വനിതകളുമുള്‍പ്പെടെ 278 തീർഥാടകരും കണ്ണൂരില്‍നിന്ന് രണ്ടു വിമാനങ്ങളിലായി 538 വനിതകളും 184 പുരുഷന്മാരുമടക്കം 722 തീര്‍ഥാടകരും യാത്ര തിരിച്ചു. കണ്ണൂരില്‍നിന്നുള്ള തിങ്കളാഴ്ചയിലെ രണ്ടാമത്തെ വിമാനം പുരുഷന്മാര് കൂടെയില്ലാത്ത വനിത തീര്‍ഥാടകര്‍ക്കു മാത്രമുള്ളതായിരുന്നു.
കരിപ്പൂര്‍ ഹജ്ജ് ക്യാമ്പിലെ യാത്രയയപ്പ് സംഗമങ്ങള്‍ക്ക് അഹമ്മദ് ദേവര്‍കോവില്‍ എം.എല്‍.എ, ഹജ്ജ് കമ്മിറ്റി അംഗങ്ങളായ അഡ്വ. പി. മൊയ്തീന്‍കുട്ടി, കെ. ഉമര്‍ ഫൈസി, കെ.എം. മുഹമ്മദ് ഖാസിം കോയ, സയ്യിദ് ശിഹാബുദ്ദീന് ബുഖാരി കടലുണ്ടി, പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍, ഹജ്ജ് അസിസ്റ്റന്റ് സെക്രട്ടറി എന്‍. മുഹമ്മദലി, ഹജ്ജ് സെല്‍ സ്പെഷല്‍ ഓഫിസര്‍ യു. അബ്ദുല്‍ കരീം തുടങ്ങിയവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.