ഗുരുവായൂര്: ഗുരുവായൂർ ക്ഷേത്രത്തിലെ ചുറ്റമ്പലവും നാലമ്പലത്തിെൻറ മൂന്നു ഭാഗങ്ങളും കത്തിയമർന്ന അഗ്നിബാധക്ക് അരനൂറ്റാണ്ട് തികയുന്നു. ഗുരുവായൂർ ക്ഷേത്രചരിത്രത്തിലെ പ്രധാന നാഴികക്കല്ലാണ് 1970 നവംബർ 29ന് അർധരാത്രിക്ക് ശേഷം നടന്ന അഗ്നിബാധ.
ഗുരുവായൂർ ക്ഷേത്രത്തിെൻറ ഭരണസംവിധാനം തന്നെ ഈ അഗ്നിബാധക്ക് ശേഷം മാറി. ഏകാദശിയോടനുബന്ധിച്ച് നടന്ന പൊലീസ് വിളക്ക് സമാപിച്ച് നടയടച്ചു കഴിഞ്ഞ ശേഷമായിരുന്നു തീപിടിത്തം. രാത്രി ഒന്നോടെ പടിഞ്ഞാറെ ചുറ്റമ്പലത്തിെൻറ ഭാഗത്തുനിന്ന് ആരംഭിച്ച തീ നിമിഷനേരംകൊണ്ട് ആളിപ്പടരുകയായിരുന്നു. ക്ഷേത്രത്തിൽനിന്ന് അസാധാരണമായ പുക ഉയരുന്നതുകണ്ട് ഓടിയെത്തിവർ മതിൽ ചാടിക്കടന്നും മറ്റും അകത്ത് കടന്നപ്പോഴാണ് ക്ഷേത്രത്തെ അഗ്നിവിഴുങ്ങുന്ന കാഴ്ച കണ്ടത്.
ഓടിയെത്തിയ നാനാജാതി മതസ്ഥരായ ആളുകളെല്ലാം രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. മേൽക്കൂരയിലെ ചുട്ടുപഴുത്ത ചെമ്പുതകിടുകളും വിളക്കുകളുമെല്ലാം ചേർന്ന് ഏറെ ദുസ്സഹമായിരുന്നു സ്ഥിതി. ക്ഷേത്രത്തിൽ അഭയംതേടിയിരുന്ന പ്രാവുകൾ ചത്തുവീഴാൻ തുടങ്ങിയിരുന്നു. ശ്രീകോവിലിലേക്ക് ഏതുനിമിഷവും തീ പടരാം എന്നതായിരുന്നു അവസ്ഥ.
നാല് പേർ ശ്രീകോവിലിൽ കയറി പ്രധാന വിഗ്രഹം എടുത്ത് തന്ത്രി മഠത്തിലേക്ക് മാറ്റി. തീയണക്കാനായി പൊന്നാനി, തൃശൂർ, കളമശ്ശേരി എഫ്.എ.സി.ടി എന്നിവിടങ്ങളിൽനിന്ന് ഫയർഎൻജിനുകളെത്തി. നവംബർ 30ന് പുലർച്ച 5.30 ഓടെയാണ് തീ നിയന്ത്രണവിധേയമായത്.
ഇതിനകം ചുറ്റമ്പലവും പടിഞ്ഞാറെ വിളക്കുമാടവും ക്ഷേത്രത്തിെൻറ തെക്ക്, വടക്ക് വശങ്ങളും പൂർണമായും കത്തിയമർന്നു. 30ന് രാവിലെയുള്ള ആകാശവാണി വാർത്തയിലൂടെയാണ് തീപിടിത്ത വിവരം ലോകമറിഞ്ഞത്. വിവരം അറിഞ്ഞയുടൻതന്നെ അന്നത്തെ ദേവസ്വം മന്ത്രി എൻ.കെ. ബാലകൃഷ്ണൻ സ്ഥലത്തെത്തി. തീപിടിത്തത്തെ കുറിച്ച് പഠിക്കാൻ സർക്കാർ കമീഷനെ നിയോഗിച്ചു. ഡിസംബർ അഞ്ചിന് കെ. കേളപ്പൻ ചെയർമാനായി പുനരുദ്ധാരണ കമ്മിറ്റിക്ക് രൂപംനൽകി.
പുനരുദ്ധാരണത്തിനായി 26, 69,000 രൂപ പൊതുജനങ്ങളിൽനിന്ന് സംഭാവനയായി ലഭിച്ചു. കേരളത്തിലെ പ്രശസ്ത ജ്യോത്സ്യൻമാരെ വിളിച്ചുചേർത്ത് അഭിപ്രായമാരാഞ്ഞായിരുന്നു പുനരുദ്ധാരണം. വടക്ക്, കിഴക്ക് വാതിലുകൾക്ക് വീതികൂട്ടുക എന്നതൊഴിച്ചുള്ള നിർദേശങ്ങളെല്ലാം അംഗീകരിക്കപ്പെട്ടു. മേൽപത്തൂർ നാരായണ ഭട്ടതിരി നാരായണീയം എഴുതി എന്ന് വിശ്വസിക്കുന്ന തെക്കെ വിളക്കുമാടത്തിലെ കിഴക്കെ തൂണും മാറ്റിയില്ല. പുനർനിർമാണം നടന്നുകൊണ്ടിരിക്കെ മുഖ്യമന്ത്രിയായിരുന്ന സി. അച്യുതമേനോൻ പ്രവൃത്തികൾ കാണാനെത്തിയിരുന്നു.
1971 മേയ് ഒന്നിന് കാഞ്ചികാമകോടി ശങ്കരാചാര്യരുടെ നേതൃത്വത്തിൽ വിഗ്രഹത്തിെൻറ പുനഃപ്രതിഷ്ഠ നടന്നു. തീപിടിത്തത്തിനുശേഷം 1973ലെ വിഷുദിനത്തിലാണ് വിളക്കുമാടത്തിൽ ആദ്യമായി തിരിതെളിയിച്ചത്.
അഗ്നിബാധയെ തുടർന്ന് സർക്കാർ നിയോഗിച്ച കമീഷൻ ക്ഷേത്രനടത്തിപ്പിൽ ഏറെ മാറ്റങ്ങൾ വേണ്ടതുണ്ടെന്ന് കണ്ടെത്തി. ഇതിെൻറ അടിസ്ഥാനത്തിൽ സാമൂതിരിയിൽനിന്ന് സർക്കാർ ക്ഷേത്രഭരണം ഏറ്റെടുത്തു. 1971ൽ ഓർഡിനൻസിലൂടെ സർക്കാർ ക്ഷേത്രഭരണത്തിന് പുതിയ സംവിധാനമുണ്ടാക്കി.
1977ൽ ഗുരുവായൂർ ദേവസ്വം നിയമവും നിലവിൽവന്നു. അഗ്നിബാധക്കുശേഷം ക്ഷേത്രം കത്തിക്കയറുകയാണ് ഉണ്ടായതെന്നാണ് വിശ്വാസികൾ പറയുന്നത്. തീർഥാടകരുടെ എണ്ണത്തിലും വരുമാനത്തിലും പ്രശസ്തിയിലുമെല്ലാം വർധനവുണ്ടായി. ഭരണസംവിധാനവും മെച്ചപ്പെട്ടതായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.