'ഹരീഷ് പേരടിയെ ഒഴിവാക്കിയത് മുഖ്യമന്ത്രിയെ വിമർശിച്ചതിനാൽ' - വിശദീകരണവുമായി പു.ക.സ

കോഴിക്കോട്: എ. ശാന്തൻ അനുസ്മണ ചടങ്ങിലേക്ക് ഹരീഷ് പേരടിയെ ക്ഷണിച്ചിട്ട് അവസാന നിമിഷം ഒഴിവാക്കിയതിൽ വിശദീകരണവുമായി പുരോഗമന കലാസാഹിത്യ സംഘം(പു.ക.സ). മുഖ്യമന്ത്രിയെയും ഇടതുപക്ഷത്തെയും അധിക്ഷേപിച്ചതിനാലാണ് ഹരീഷ് പേരടിയെ ചടങ്ങിൽ നിന്ന് ഒഴിവാക്കിയതെന്ന് കോഴിക്കോട് ജില്ലാ സെക്രട്ടറി യു. ഹേമന്ദ് കുമാർ പറഞ്ഞു. പ​ങ്കെടുക്കേണ്ട എന്ന കാര്യം അദ്ദേഹത്തെ അറിയിക്കാൻ വൈകിപ്പോയതിൽ ഖേദമുണ്ടെന്നും ഹേമന്ദ് കുമാർ പറഞ്ഞു.

പു.ക.സയുടെ കോഴിക്കോട് ജില്ലാ കമ്മിറ്റി നടത്തുന്ന എ. ശാന്തൻ അനുസ്മരണ പരിപാടിയിൽ നിന്ന് അവസാന നിമിഷം തന്നെ ഒഴിവാക്കിയെന്ന് ഹരീഷ പേരടി ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. ഉദ്ഘാടകനായിരുന്ന ഹരീഷ് പേരടിയെ അവസാന നിമിഷം മാറ്റി മുഖ്യാതിഥിയായിരുന്ന നടൻ സുധീഷിനെ ഉദ്ഘാടകനാക്കുകയായിരുന്നു.

പിണറായി വിജയനെതിരായ പ്രതിഷേധവും കറുത്ത മാസ്ക്​ നിരോധിക്കലും കൊടുമ്പിരി​കൊണ്ട കഴിഞ്ഞ ദിവസം ഹരീഷ്​ പേരടി ഫേസ്​ബുക്കിൽ പിണറായിക്കെതിരെ പരോക്ഷമായ പോസ്റ്റ്​ ഇട്ടിരുന്നു. രണ്ട്​ ദിവസത്തേക്കെങ്കിലും കറുത്ത കുപ്പായവും കറുത്ത മാസ്കും ധരിക്കുക. പേടിതൂറിയനായ ഫാഷിസ്റ്റിന്​ ​നേരെയുള്ള പ്രതിഷേധമാണിതെന്നായിരുന്നു ഫേസ്​ബുക്ക്​ പ്രതിഷേധക്കുറിപ്പ്​. ഇതാണ്​ പു.ക.സയെ പ്രകോപിപ്പിച്ചത്​.

അതേസമയം, കലാകാരന്റെ ജീവിതം അഭിപ്രായ വ്യത്യാസങ്ങളുടെ യാത്രതന്നെയാണെന്ന് ഹരീഷ് പേരടി പറഞ്ഞു. കലാകാരന്റെ രാഷ്ട്രീയവും അതാണ്. എല്ലാവരും ഒറ്റ നിറമായി മാറണം എന്ന് പറയുന്നത് ശരിയല്ല. ജനാധിപത്യ രാഷ്ട്രത്തിൽ ഒട്ടും ചേരാത്തതാണ് അതെന്നും ഹരീഷ് പേരടി പ്രതികരിച്ചു.

Tags:    
News Summary - Hareesh Peradi Ban, PUKASA gave Explanation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.