തിരുവനന്തപുരം: ഹരിത കർമസേനക്ക് യൂസർ ഫീ നൽകിയില്ലെങ്കിൽ വസ്തുനികുതി(കെട്ടിടനികുതി) കുടിശ്ശികയായി കണക്കാക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവ്. കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ അജൈവ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതാണ് ഹരിത കർമസേന. എല്ലാ വാർഡിലും ഇവരുടെ സേവനമുണ്ട്. വീടുകളിലെത്തി അജൈവ മാലിന്യം ശേഖരിക്കുന്നതിന് വീട്ടുകാർ യൂസർ ഫീ നൽകണം. ഇത് കൊടുക്കാൻ ആളുകൾ മടിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.
വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും പ്ലാസ്റ്റിക് അടക്കം അജൈവ മാലിന്യം ശേഖരിക്കേണ്ടത് ഹരിത കര്‍മസേന പ്രവര്‍ത്തകരാണ്. അതത് തദ്ദേശസ്ഥാപനങ്ങൾ ഇവര്‍ക്ക് യൂസര്‍ ഫീ നിശ്ചയിച്ച് നൽകണം. തദ്ദേശസ്ഥാപനങ്ങളുടെ സ്വഭാവവും പ്രദേശത്തിന്റെ പ്രത്യേകതയും അനുസരിച്ച് 50 മുതൽ 100 രൂപവരെയാണ് പ്രതിമാസ യൂസര്‍ ഫീ. നിശ്ചിത ഫീസ് നൽകാൻ ആളുകൾ തയാറാകുന്നില്ലെന്നും മാലിന്യമെടുക്കാൻ ഹരിത കര്‍മസേന പ്രവര്‍ത്തകര്‍ ഫലപ്രദമായി എത്തുന്നില്ലെന്നും പല മേഖലകളിൽനിന്നും പരാതികൾ ഉയരുന്നതിനിടെയാണ് പുതിയ നടപടി. ഉത്തരവ് അനുസരിച്ച് യൂസര്‍ ഫീ കുടിശ്ശിക വന്നാൽ കെട്ടിട നികുതിക്കൊപ്പം ഈടാക്കാം. എ.പി.എൽ- ബി.പി.എൽ വ്യത്യാസമടക്കം ഒന്നും പരിഗണിക്കാതെ എല്ലാവര്ക്കും ബാധകമാകുന്ന വിധത്തിലാണ് ഉത്തരവ്. ഏതെങ്കിലും വിഭാഗത്തെ ഒഴിവാക്കേണ്ടതുണ്ടോ എന്നു തീരുമാനിക്കേണ്ടത് അതത് തദ്ദേശസ്ഥാപനങ്ങളാണ്. യൂസര്‍ ഫീ നൽകാത്തവര്‍ക്ക് ഹരിത കർമസേനയുടെ സേവനം നിഷേധിക്കാനും അധികാരമുണ്ടായിരിക്കും.
സ്വന്തമായി പുരയിടമുള്ളവര്ക്കുപോലും അജൈവമാലിന്യം കുഴിച്ചിടാനോ കത്തിച്ച് കളയാനോ നിലവിൽ വ്യവസ്ഥയില്ല. കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് നിലവിൽ 30,000 ഹരിത കർമസേന അംഗങ്ങളുണ്ട്. വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും ശേഖരിക്കുന്ന അജൈവ മാലിന്യം ഹരിത കർമസേന ഗ്രീൻ കേരള കമ്പനിക്കാണ് കൈമാറുന്നത്. അലക്ഷ്യമായി മാലിന്യം കൈകാര്യം ചെയ്യുന്നവര്‍ക്കെതിരെ കനത്ത പിഴ അടക്കമുള്ള തീരുമാനങ്ങളും ഉടനുണ്ടാകുമെന്നാണ് തദ്ദേശവകുപ്പ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.