അഡ്വ. കെ. തൊഹാനി

'ഒരാൾക്ക് തെറ്റുപറ്റിയാൽ തെരുവിലേക്ക് വലിച്ചെറിയുകയല്ല വേണ്ടത്'; ഹരിത നേതാക്കളെ തള്ളി മലപ്പുറം ജില്ലാ പ്രസിഡന്‍റ്

കോഴിക്കോട്: പി.കെ. കുഞ്ഞാലിക്കുട്ടിയുടെ അന്ത്യശാസനത്തിന്‍റെ സമയം അവസാനിക്കാനിരിക്കെ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ് പി.കെ. നവാസിനെതിരെ വനിതാ കമീഷനിൽ പരാതി നൽകിയ സംസ്ഥാന നേതാക്കളെ തള്ളി ഹരിത മലപ്പുറം ജില്ലാ പ്രസിഡന്‍റ്. ജില്ലാ പ്രസിഡന്‍റ് അഡ്വ. കെ. തൊഹാനി ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഹരിത സംസ്ഥാന നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച് രംഗത്തു വന്നത്.

പാർട്ടി പ്രവർത്തകർ ഒരു കുടുംബത്തെ പോലെയാണെന്നും ഒരാൾക്ക് തെറ്റുപറ്റിയാൽ തിരുത്തുകയാണ് വേണ്ടതെന്നും അല്ലാതെ തെരുവിലേക്ക് വലിച്ചെറിയുകയല്ലെന്നും ത്വഹാനി ഫേസ്ബുക്കിൽ കുറിച്ചു. പ്രസ്ഥാനം പരിഗണിച്ചു കൊണ്ടിരിക്കുന്ന ഒരു വിഷയത്തിൽ വനിതാ കമീഷനും പൊലീസും കൂടി ഇടപെടണമെന്ന് വന്നാൽ അത് ബ്ലാക് മെയിലിങ് ആണ്. സംഘടനാ നേതൃത്വത്തെ ഗൺ പോയിന്‍റിൽ നിർത്തലാണ്. ജൻഡർ ജസ്റ്റിസ് പറയുമ്പോഴെല്ലാം അതിന് നൈതികതയുടെ അടിത്തറയുണ്ടെന്ന് നെഞ്ചിൽ കൈവെച്ച് പറയാനാകണമെന്നും തൊഹാനി ചൂണ്ടിക്കാട്ടുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്‍റെ ഭാഗമാകുക വഴി ആ സംഘടനയുടെ വ്യവസ്ഥകൾ കൂടി നമ്മൾ സ്വമേധയാ അംഗീകരിക്കുകയാണ്.
പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ എല്ലാ പ്രസ്ഥാനങ്ങൾക്കും അതിൻ്റേതായ സംവിധാനവും രീതികളും ഉണ്ട്. ആ സംവിധാനങ്ങളും രീതികളും കൂടി അംഗീകരിക്കുന്ന കാലത്തോളമേ നമ്മൾ ആ പ്രസ്ഥാനത്തിന്‍റെ ഭാഗമായിരിക്കൂ.
പ്രസ്ഥാനം പരിഗണിച്ചു കൊണ്ടിരിക്കുന്ന ഒരു വിഷയത്തിൽ വനിതാ കമ്മീഷനും പൊലീസും കൂടി ഇടപെടണമെന്ന് വന്നാൽ അത് ബ്ലാക് മെയിലിംഗാണ്. സംഘടനാ നേതൃത്വത്തെ ഗൺ പോയിന്‍റിൽ നിർത്തലാണ്. ജൻഡർ ജസ്റ്റിസ് പറയുമ്പോഴെല്ലാം അതിന് നൈതികതയുടെ അടിത്തറയുണ്ടെന്ന് നെഞ്ചിൽ കൈവെച്ച് പറയാനാകണം.
മുസ്ലിം ലീഗിനെ ഹൃദയത്തിലേറ്റിയ ഓരോരുത്തരുടെയും അഭിമാനമായ പാണക്കാട് സയ്യിദുമാരിലുള്ള വിശ്വാസത്തിന് തരിമ്പും പോറലേൽപിക്കാൻ പ്രൊപഗാൻഡ സംഘങ്ങൾക്ക് കഴിയില്ല.
കണ്ണിലെ കൃഷ്ണമണി പോലെ ഈ പ്രസ്ഥാനത്തെ നയിക്കുന്ന ഓരോ ലീഗ് പ്രവർത്തകന്‍റെയും ആവേശമായ, ഞങ്ങളുടെ സ്വകാര്യ അഹങ്കാരമായ പ്രിയപ്പെട്ട നേതാക്കളിലുള്ള ആത്മവിശ്വാസം ആവർത്തിച്ച് പ്രഖ്യാപിക്കുന്നു.
പെൺകുട്ടികൾക്ക് മതിയായ അവസരം ഈ പ്രസ്ഥാനം നൽകുന്നുണ്ട്. എത്ര യുവതികളാണ് ഇക്കഴിഞ്ഞ ത്രിതല പഞ്ചായത്ത് ഇലക്ഷനിലേക്ക് ഹരിത പതാകയുടെ കീഴിൽ മത്സരിച്ചത്.
ഹരിതയുടെ പ്രധാന ചുമതലകളിലൊന്ന് ഏറ്റെടുത്തപ്പോഴുള്ള അനുഭവങ്ങൾ ഹൃദ്യമാണ്. സ്വതന്ത്ര ചിന്തകൾക്ക് തടയിടാതെ, ഗുണകാംക്ഷയോടെ ഉപദേശ നിർദ്ദേശങ്ങൾ നൽകുന്ന നേതാക്കളുടെ പിന്തുണ വിലമതിക്കാനാകില്ല.
പാർട്ടി വേദികളിൽ പ്രവർത്തകർ നൽകുന്ന ബഹുമാനവും അതുപോലെ തന്നെ.
അവരുടെ നിഷ്കളങ്ക സ്നേഹാദരവ് അനുഭവിക്കുമ്പോൾ നമുക്കെങ്ങനെയാണ് ഈ പാർട്ടിയെ തെരുവിൽ ചർച്ചക്ക് വെക്കാനാവുക.
പറഞ്ഞു പൊലിപ്പിക്കുന്ന പാട്രിയാർക്കിയും അസമത്വവും എവിടെയും കണ്ടില്ല.
ഞാനോ നിങ്ങളോ ഈ പാർട്ടിക്ക് അനിവാര്യമാണ് എന്ന ചിന്ത മൗഢ്യമാണ്.
അഹങ്കാരവും ഈഗോയും ഗ്രൂപ്പിസവും കൊണ്ട് പ്രസ്ഥാനത്തെ നശിപ്പിക്കാൻ ശ്രമിക്കുമ്പോൾ ഒരു കാര്യം ആലോചിച്ചാൽ മതി. ആരൊക്കെ പോയാലും പാർട്ടിക്കൊരു ചുക്കും സംഭവിക്കില്ല, മറിച്ച് ഈ പാർട്ടി ഇല്ലാതായാൽ പലർക്കും പലതും നഷ്ടപ്പെടും.
മുസ്ലിം ലീഗ് വെറുമൊരു രാഷ്ട്രീയ പാർട്ടിയല്ല. അത് അടിച്ചമർത്തപ്പെട്ട ഒരു സമുദായത്തിന്‍റെ നാവാണ്, പടവാളാണ്. തലമുറകളുടെ പ്രതീക്ഷയാണ്. നവോത്ഥാനത്തിന്റെയും നവനിർമിതിയുടെയും ചരിത്രമാണ്.
നേതൃത്വത്തെ വിശ്വാസമില്ലെന്ന് പറഞ്ഞ് അപമാനിച്ച്, അവരെ ധിക്കരിച്ച് ശത്രുക്കളെ കൂട്ടുപിടിച്ച് സംഘടനയെ പൊതുമധ്യത്തിൽ അപമാനിക്കാൻ യഥാര്‍ത്ഥ മുസ്ലിം ലീഗുകാർക്ക് ഒരിക്കലും കഴിയില്ല.
പാർട്ടി പ്രവർത്തകർ ഒരു കുടുംബത്തെ പോലെയാണ്. ഒരാൾക്ക് തെറ്റ് പറ്റിയാൽ തിരുത്തുകയാണ് വേണ്ടത്. തെരുവിലേക്ക് വലിച്ചെറിയുകയല്ല.
സിയാവുദീൻ സർദാർ പറഞ്ഞുവെച്ചത് ഓർത്ത് പോവുകയാണ്; ഒന്നിനുമുള്ള റെഡിമെയ്ഡ് പരിഹാരം അല്ല സംഘടന, മനുഷ്യ സമൂഹമെന്ന നിലയിൽ പ്രശ്നങ്ങളുണ്ടെങ്കിൽ പരിഹാരം നമുക്കുള്ളിൽ നിന്ന് തന്നെയാണ് രൂപം കൊള്ളേണ്ടത്. അതത്രെ ആരോഗ്യകരമായ ജനാധിപത്യം.
മുസ്ലിം ലീഗിനൊപ്പം..
നേതൃത്വത്തിനൊപ്പം…
അഡ്വ. തൊഹാനി,
പ്രസിഡന്‍റ്, എം.എസ്.എഫ്. ഹരിത മലപ്പുറം

സംസ്ഥാന പ്രസിഡൻറ് പി.കെ. നവാസ്, മലപ്പുറം ജില്ല ജനറൽ സെക്രട്ടറി വി.എ. വഹാബ് എന്നിവർ ഹരിത അംഗങ്ങളെ അധിക്ഷേപിച്ചതിന് ശബ്ദ രേഖകൾ ഉൾപ്പെടെ വനിത കമീഷന് പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ തിങ്കളാഴ്ച പാണക്കാട് കുടപ്പനക്കൽ തറവാട്ടിൽവെച്ച് നടന്ന കൂടിക്കാഴ്ചയിലാണ് പരാതി പിൻവലിക്കാൻ ഹരിത സംസ്ഥാന പ്രസിഡന്‍റ് മുഫീദ തെസ്നിക്കും ജനറല്‍ സെക്രട്ടറി നജ്മ തബ്ഷീറക്കും പി.കെ. കുഞ്ഞാലിക്കുട്ടി അന്ത്യശാസനം നൽകിയിരുന്നു.

എം.എസ്.എഫ് സംസ്ഥാന അധ്യക്ഷൻ പി.കെ. നവാസ്, മലപ്പുറം ജില്ല പ്രസിഡന്‍റായി അഡ്വ. കെ. തൊഹാനിയെ ഹരിത സംസ്ഥാന കമ്മിറ്റിയോട് ചർച്ച ചെയ്യാതെ നിയമിച്ചതാണ് സംഘടനയിൽ എതിർപ്പിന് ഇടയാക്കിയത്. മലപ്പുറം ജില്ലയിൽ നിരവധി സജീവ പ്രവർത്തകർ ഉണ്ടായിരിക്കെ ഹരിത പ്രവർത്തക അല്ലാത്ത, ലോ കോളജ് അധ്യാപികയായ തൊഹാനിയെ ജില്ലാ പ്രസിഡന്‍റ് ആയി നിയമിക്കുകയായിരുന്നു.

ഇതിനെതിരെ സംസ്ഥാന പ്രസിഡന്‍റ് മുഫീദ തെസ്നിക്കും ജനറല്‍ സെക്രട്ടറി നജ്മ തബ്ഷീറക്കും അടക്കമുള്ള ഹരിതയുടെ സംസ്ഥാന നേതൃത്വം രംഗത്തു വരികയായിരുന്നു. ഇതിന് പിന്നാലെയാണ് പി.കെ. നവാസ്, മലപ്പുറം ജില്ല ജനറൽ സെക്രട്ടറി വി.എ. വഹാബ് എന്നിവർ ഹരിത അംഗങ്ങളെ അധിക്ഷേപിച്ചതിന്‍റെ ശബ്ദ രേഖകൾ പുറത്തുവന്നത്.

Tags:    
News Summary - Haritha Malappuram district president Adv K Thohani supports P K Navas and rejects green leaders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.