മലപ്പുറം: എം.എസ്.എഫ് വനിത വിഭാഗമായ 'ഹരിത'യുടെ സംസ്ഥാന കമ്മിറ്റി മുസ്ലിം ലീഗ് മരവിപ്പിച്ചു. എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് പി.കെ. നവാസ് ഉൾപ്പെടെയുള്ളവർക്കെതിരെ വനിത കമീഷനിൽ 'ഹരിത' ഭാരവാഹികൾ നൽകിയ പരാതിയുടെ തുടർച്ചയായാണ് നടപടി. സംഘടനയോഗങ്ങൾ അടക്കമുള്ളവയിൽ മോശം പരാമർശങ്ങൾ നടത്തിയ പി.കെ. നവാസ്, മലപ്പുറം ജില്ല പ്രസിഡൻറ് കബീർ മുതുപറമ്പ്, ജനറൽ സെക്രട്ടറി വി.എ. വഹാബ് എന്നിവരോട് വിശദീകരണം തേടിയിട്ടുമുണ്ട്. രണ്ടാഴ്ചക്കകം മറുപടി നൽകാനാണ് നിർദേശം. പിന്നീട് തുടർനടപടികൾ തീരുമാനിക്കുമെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം വാർത്താക്കുറിപ്പിൽ അറിയിച്ചു.
എം.എസ്.എഫിലും ഹരിതയിലുമുണ്ടായ അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെ വിവാദം പൊതുസമൂഹത്തിേലക്കെത്തിച്ച് ഗുരുതര അച്ചടക്കലംഘനം നടത്തിയെന്നാണ് ഹരിത സംസ്ഥാന കമ്മിറ്റി മരവിപ്പിക്കാൻ കാരണമായി ലീഗ് നേതൃത്വം വ്യക്തമാക്കുന്നത്. വനിത കമീഷനിൽ നൽകിയ പരാതി 24 മണിക്കൂറിനകം പിൻവലിക്കണമെന്ന് ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച പാണക്കാട്ടെ കൂടിക്കാഴ്ചയിൽ നൽകിയ അന്ത്യശാസനം ഹരിത നേതാക്കൾ തള്ളിയിരുന്നു. ഈ സമയപരിധി കഴിഞ്ഞതോടെ സംസ്ഥാന ഭാരവാഹികൾ രാജിവെക്കാനൊരുങ്ങവെയാണ് കമ്മിറ്റിയെ മരവിപ്പിച്ചത്. ജൂൺ 22ന് കോഴിക്കോട്ട് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി യോഗത്തിൽ സംഘടന സംബന്ധിച്ച കാര്യങ്ങളിൽ നവാസ് ഹരിതയുടെ അഭിപ്രായം ആവശ്യപ്പെട്ട് സംസാരിക്കവെ അതിനെ വിശേഷിപ്പിച്ചത് 'വേശ്യക്കും വേശ്യയുടേതായ ന്യായീകരണം ഉണ്ടാകും' എന്നാണെന്ന് ഹരിത വനിത കമീഷന് നൽകിയ പരാതിയിൽ പറയുന്നു.
ഫോൺ സംഭാഷണത്തിൽ വഹാബും മോശം വാക്കുകൾ ഉപയോഗിച്ചു. ലൈംഗികചുവയോടെ ചിത്രീകരിച്ചതിന് പുറമെ, ദുരാരോപണങ്ങൾ ഉന്നയിച്ച് മാനസികമായും സംഘടനപരമായും വ്യക്തിപരമായും തകർക്കാൻ ശ്രമിക്കുകയുമാണെന്ന് ഇവർ വ്യക്തമാക്കി. യോഗങ്ങളിലും ഫോൺ സംഭാഷണങ്ങളിലും അധിക്ഷേപിച്ചെന്ന ആരോപണ പശ്ചാത്തലത്തിലാണ് കബീറിനോടും വഹാബിനോടും വിശദീകരണം തേടിയത്.
ലൈംഗികചുവയോടെ ചിത്രീകരിക്കുകയും ദുരാരോപണങ്ങൾ ഉന്നയിച്ച് മാനസികമായും സംഘടനപരമായും വ്യക്തിപരമായും തകർക്കാൻ ശ്രമിക്കുകയുമാണ്. എം.എസ്.എഫ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറിയായ വഹാബ് ഫോൺ മുഖേനയും മറ്റും അസഭ്യവാക്കുകൾ ഉപയോഗിച്ചാണ് അധിക്ഷേപിച്ചെന്നും ഇവർ ആരോപിച്ചു. ജില്ലാ കമ്മിറ്റി യോഗത്തിൽ അധിക്ഷേപിച്ചെന്ന് വ്യക്തമാക്കി കഴിഞ്ഞ ദിവസം ജില്ലാ പ്രസിഡന്റ് കബീറിനെതിരെ ഹരിത നേതാവ് ആഷിഖ ഖാനവും രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.