കണ്ണൂര്‍: കണ്ണൂർ സെന്‍ട്രല്‍ ജയിലിൽ നിന്ന് തടവുചാടിയ കൊയ്യോട് ചെമ്പിലോട്ടെ ടി.സി. ഹർഷാദ് (34) പിടിയിൽ. ഹർഷാദിന് താമസമൊരുക്കിയ കാമുകിയും ടാറ്റൂ കലാകാരിയുമായ തമിഴ്നാട് ശിവഗംഗ സ്വദേശിനി അപ്സരയും (21) പിടിയിലായിട്ടുണ്ട്. തടവുചാടി 40 ദിവസത്തിന് ശേഷമാണ് ഇരുവരും കണ്ണൂര്‍ ടൗൺ പൊലീസിന്‍റെ പിടിയിലായത്.
ശിവഗംഗ ജില്ലയിലെ കാരക്കൊടി ഭാരതിപുരത്തെ വീട്ടിൽ താമസിച്ച് വരികയായിരുന്നു ഹർഷാദും കാമുകിയും. ഹർഷാദിനെ ജയിൽ ചാടാൻ സഹായിച്ച റിസ് വാനിൽ നിന്ന് ഇവരുടെ താമസസ്ഥലത്തെ കുറിച്ച് വിവരം ലഭിച്ചത്. ലഹരിക്കേസിൽ 10 വർഷത്തെ കഠിനതടവ് ശിക്ഷ അനുഭവിക്കുകയായിരുന്ന ഹർഷാദ് ജനുവരി 14നാണ് ജയിൽ ചാടിയത്.
സെൻട്രൽ ജയിലിൽ നിന്ന് ചാടിയ ഹർഷാദും അപ്സരയും ആദ്യം ബംഗളൂരുവിലെത്തി. തുടർന്ന് ഇവർ നേപ്പാൾ അതിർത്തി വരെ പോയി തിരികെ ഡൽഹിയിലെത്തിയ ശേഷം തമിഴ്നാട്ടിലെ ശിവഗംഗയിൽ എത്തുകയായിരുന്നു. അപ്സരയാണ് ഭാരതിപുരത്ത് വാടകവീട് എടുത്തത്. ആദ്യം സബ് കലക്ടറുടെ ഫ്ലാറ്റ് ആണ് വാടകക്ക് എടുത്തത്. തുടർന്ന് മറ്റൊരു വീട്ടിലേക്ക് മാറി.
ഹർഷാദിന്‍റെ സുഹൃത്തിന്‍റെ തലശ്ശേരിയിലെ ടാറ്റൂ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു അപ്സര. ഇവിടെ വച്ചാണ് അവിവാഹിതയായ അപ്സര ഹർഷാദിനെ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. ഹർഷാദിന് ഭാര്യയും കുഞ്ഞുമുണ്ട്.
രാവിലെ പത്രം ശേഖരിക്കാൻ ജയിലിൽ നിന്ന് പുറത്തിറങ്ങിയ ഇയാൾ ഗേറ്റിന് മുമ്പിൽ കാത്തിരുന്ന സുഹൃത്ത് റിസ് വാനോടൊപ്പം ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. ഹർഷാദിനെ കാണാതായി ഒരു മണിക്കൂർ കഴിഞ്ഞ ശേഷമാണ് വിവരം ജയിൽ അധികൃതർ അറിയുന്നത്.
കോടതിയിൽ കീഴടങ്ങിയ റിസ് വാനെ ചോദ്യം ചെയ്തപ്പോഴാണ് ഇവർ എവിടെയാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചത്. അക്രമം, അടിപിടി, കഞ്ചാവ് വിൽപന എന്നീ കുറ്റകൃത്യങ്ങളിൽ കണ്ണൂർ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ 17 കേസുകൾ ഹർഷാദിനെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.