തിരുവനന്തപുരം: പൂർണമായും നീതി നിഷേധിക്കപ്പെടുന്നെന്ന് തോന്നിയതുകൊണ്ട് മാത്രമാണ് സമരരംഗത്തേക്ക് വന്നതെന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ വൈദ്യ അനാസ്ഥക്കിരയായി സമരരംഗത്തുള്ള കെ.കെ. ഹർഷിന. തെരുവിലിറങ്ങിയിട്ട് 87 ദിവസമാകുന്നു. മൂന്നു ചെറിയ കുട്ടികളുള്ള ഞാൻ നിരവധി പ്രതിസന്ധികളും പ്രയാസങ്ങളും തരണം ചെയ്താണ് സമരം തുടരുന്നത്. നീതി കിട്ടിയേ വീട്ടിൽ പോകൂവെന്ന് ഉറച്ച തീരുമാനത്തിൽതന്നെയാണ്. മരിച്ചു വീഴേണ്ടി വന്നാലും നീതികിട്ടാതെ പിന്നോട്ട് പോകില്ല. 86 ദിവസമായിട്ടും സർക്കാർ കാണാഞ്ഞിട്ടാണെങ്കിൽ അവർ കണ്ടോട്ടേ എന്ന് കരുതിയാണ് 87 ാം ദിവസം ഇവിടെ സെക്രട്ടേറിയറ്റിലേക്ക് വന്നതെന്നും അവർ പറയുന്നു.
പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയതിനെ തുടർന്ന് സമരപോരാട്ടം നടത്തുന്ന ഹർഷിന തലസ്ഥാനത്ത് ഏകദിന സമരത്തിനെത്തിയതായിരുന്നു. തിരുവനന്തപുരത്ത് ഒരുപാട് കാലം ഇരിക്കുക എന്നത് പ്രായോഗികമല്ല. മൂന്നു ചെറിയ കുട്ടികളുണ്ട്. മൂത്തയാൾക്ക് 10 വയസ്സാണ്. രണ്ടാമത്തെയാൾക്ക് ഏഴ്. ചെറിയയാൾക്ക് അഞ്ചു വയസ്സും. മൂന്നു പേരെയും കൂട്ടിയിട്ടാണ് സമരത്തിനു പോകുന്നത്. രണ്ടു മക്കൾക്കും വ്യാഴാഴ്ച പരീക്ഷയാണ്. എഴുതാൻ കഴിയുമോ എന്നറിയില്ല.
ആരോഗ്യാവസ്ഥ വളരെ മോശമാണ്. അഞ്ചു വർഷം വേദന സഹിച്ച് ഇപ്പോൾ അതു ശീലമായതുകൊണ്ട് പിടിച്ചു നിൽക്കുകയാണ്. രാഹുൽ ഗാന്ധിയെ നേരിൽ കണ്ട് തന്‍റെ അവസ്ഥ അവതരിപ്പിച്ചു. അദ്ദേഹത്തിന്‍റെ മണ്ഡലത്തിലാണ് എന്‍റെ വീട്. മുഖ്യമന്ത്രിക്ക് ബുധനാഴ്ച അദ്ദേഹം കത്തയച്ചിട്ടുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്.
നീതി നിഷേധിക്കുന്നതിന് പിന്നിലുള്ളത് ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരാണ്. ഇവരുടെ ഇടപെടൽ കാരണം ആരോഗ്യമന്ത്രിക്ക് ശക്തമായ നിലപാടെടുക്കാൻ കഴിയുന്നില്ല. തുടക്കം മുതലേ ‘ഹർഷിനയുടെ കൂടെയുണ്ട്’ എന്നാണ് മന്ത്രി ആവർത്തിക്കുന്നത്. പക്ഷേ, ഇങ്ങനെ നിലപാടുള്ള മന്ത്രിക്കുപോലും നീതി നൽകാൻ കഴിയാത്ത വിധം ഇടപെടലുണ്ടാകുകയാണ്. പൊലീസ് സത്യസന്ധമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. മന്ത്രി പറയുന്നത് ആത്മാർഥമായിട്ടാണെങ്കിൽ റിപ്പോർട്ടിൻമേൽ നടപടിയെടുക്കണം. അർഹതപ്പെട്ട നീതി നടപ്പാക്കണം.
ഇതു രാഷ്ട്രീയ സമരമല്ല. ആർക്കും രാഷ്ട്രീയ ലക്ഷ്യങ്ങളുമില്ല. ഇതിൽ രാഷ്ട്രീയം കാണാൻ പ്രത്യേക രാഷ്ട്രീയമുള്ളവർക്കേ കഴിയൂ. ഉത്തരവാദികളെ സമൂഹത്തിനു മുന്നിലെത്തിച്ച് മാതൃകപരമായി ശിക്ഷിക്കണം. അർഹമായ നഷ്ടപരിഹാരം വേണമെന്നും ഹർഷിന പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.