തിരുവനന്തപുരം: ബി.ജെ.പി പിന്തുണയോടെ ശബരിമല കർമസമിതി വ്യാഴാഴ്ച നടത്തിയ ഹർത്താലിലുണ്ടായ അക്രമത്തിൽ സംസ്ഥാ നത്ത് തകർക്കപ്പെട്ടത് നൂറ് കെ.എസ്.ആർ.ടി.സി ബസുകൾ. ഇതുവഴി 3.35 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ടോമിൻ ജെ. തച്ചങ്കരി പറഞ്ഞു. ഒരു വർഷത്തിനിടെ വിവിധ ഹർത്താലുകളിലായി കെ.എസ്.ആർ.ടി.സിക്ക് പത് ത് കോടി രൂപയുടെ നഷ്ടമാണുണ്ടായത്.
ഹർത്താലിൽ നിരന്തരം കെ.എസ്.ആർ.ടി.സി ബസുകൾ ആക്രമിക്കപ്പെടുന്നതിൽ പ്രതിഷേധിച്ച് തകർന്ന ബസുകൾ അണിനിരത്തി തിരുവനന്തപുരം നഗരത്തിൽ സി.എം.ഡിയുടെ നേതൃത്വത്തിൽ ജീവനക്കാർ പ്രതീകാത്മക വിലാപയാത്ര നടത്തി. ‘ഇതിനൊന്നും ഞാൻ ഉത്തരവാദിയല്ല. ദയവായി എന്നെ എറിഞ്ഞു തകർക്കരുത്’ എന്നെഴുതിയ ബാനർ ബസിൽ കെട്ടിയായിരുന്നു വിലാപയാത്ര.
തിരുവനന്തപുരം കോട്ടക്കകത്തെ കെ.എസ്.ആർ.ടി.സി ആസ്ഥാനത്തുനിന്ന് തുടങ്ങിയ യാത്ര ആയുർവേദ കോളജ് ജങ്ഷനിൽ സമാപിച്ചു. ഹർത്താലിലുണ്ടായ നഷ്ടം തിരിച്ചുപിടിക്കാൻ ആഹ്വാനം ചെയ്ത പാർട്ടികളുടെ ബാങ്ക് അക്കൗണ്ട് സഹിതം പൊലീസിന് കത്ത് നൽകിയതായി ടോമിൻ തച്ചങ്കരി പറഞ്ഞു. കഴിഞ്ഞ ഹർത്താലിൽ ഒന്നരക്കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്.
വ്യാഴാഴ്ചയുണ്ടായ ഹർത്താലിൽ ഒന്നേകാൽ കോടി രൂപ വിലയുള്ള വോൾവോ സ്കാനിയ, എ.സി ചിൽ ബസുകൾവരെ അക്രമത്തിനിരയായി. കോഴിക്കോടുനിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുള്ള എ.സി ചിൽ ബസ് തകർത്തത് വിദേശയാത്രക്കാരെ ബുദ്ധിമുട്ടിലാക്കി. നാശനഷ്ടത്തിന് പുറമെ തകർക്കപ്പെട്ട ബസുകളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കാൻ സമയമെടുക്കുന്നതുവഴി വരുമാനനഷ്ടവും യാത്രാദുരിതവുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.