വടകര: സി.പി.എം -ബി.ജെ.പി സംഘര്‍ഷം നിലനില്‍ക്കുന്ന വടകര മേഖലയില്‍ അക്രമത്തിനു ശമനമായില്ല. ഞായറാഴ്ച പുലര്‍ച്ചെ രണ്ടിടങ്ങളിലായി സി.പി.എം പ്രവര്‍ത്തകരുടെ വീടുകള്‍ക്കു നേരെ ബോംബെറിഞ്ഞു. ചോറോട് കുരിയാടി ബ്രാഞ്ച് സെക്രട്ടറി പ്രസീത നിലയത്തില്‍ മോഹനന്, സി.പി.എം നാരായണ നഗരം ബ്രാഞ്ച് കമ്മിറ്റി അംഗം തച്ചോളി മാണിക്കൊത്ത് കല്ലുള്ള മീത്തല്‍ കെ.വി. റീജിത്ത് എന്നിവരുടെ വീടുകള്‍ക്കു നേരെയാണ് ഉഗ്ര ശേഷിയുള്ള സ്റ്റീല്‍ ബോംബ് എറിഞ്ഞത്. മോഹനെൻറ വീടിനു മുകള്‍നിലയിലാണ് ബോംബ് പതിഞ്ഞത്.
ജനല്‍ ഗ്ലാസുകൾക്കും വീടിെൻറ സീലിങ്ങിനും തകരാര്‍ സംഭവിച്ചു. ബോംബിെൻറ ചീള് തെറിച്ച് പരിക്കേറ്റ മോഹനനെ വടകര ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച അര്‍ധരാത്രി ഒരു മണിയോടെയാണ് സംഭവം. പുലര്‍ച്ചയോടെയാണ് റീജിത്തിെൻറ വീടിനുനേരെ ആക്രമണം ഉണ്ടായത്. എറിഞ്ഞ പൈപ്പ് ബോംബ് പൊട്ടാത്തതിനാല് വന്‍ അപകടം ഒഴിവായി. ആക്രമണത്തില്‍ സി.പി.എം വടകര ടൗണ്‍ ലോക്കല്‍ കമ്മിറ്റി പ്രതിഷേധിച്ചു.
ഇക്കഴിഞ്ഞ മൂന്നാം തീയതി പുലർച്ചയാണ് വീടുകൾക്കു നേരെയുള്ള ബോംബേറ് ആരംഭിക്കുന്നത്. പുതിയ സാഹചര്യത്തിൽ, അനുമതിയില്ലാതെ പ്രകടനം നടത്തരുതെന്ന് കാണിച്ച് പൊലീസ് ബി.ജെ.പി, സി.പി.എം നേതൃത്വങ്ങള്‍ക്ക് നോട്ടീസ് നല്കി. അക്രമ സംഭവങ്ങളില്‍ ഇതേവരെ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ശനിയാഴ്ച രാത്രി മൂന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് ലിങ്ക് റോഡില്‍വെച്ച് മര്‍ദനമേറ്റതിനെ തുടര്‍ന്ന് വടകര സി.എം ആശുപത്രിക്ക് മുന്‍വശം സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു.
അക്രമത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച വടകര നിയോജക മണ്ഡലം പരിധിയിലെ വടകര മുനിസിപ്പാലിറ്റി, ചോറോട്, ഒഞ്ചിയം, ഏറാമല, അഴിയൂര്‍ പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍ ആചരിക്കാന്‍ ബി.ജെ.പി വടകര മണ്ഡലം കമ്മിറ്റി ആഹ്വാനം ചെയ്തു. ദീര്‍ഘദൂര ബസുകള്‍, പത്രം, പാല്, ആശുപത്രി, വിവാഹം എന്നിവയെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.