കോഴിക്കോട്: സംസ്ഥാനത്ത് ശബരിമല കർമസമിതി പ്രഖ്യാപിച്ച ഹർത്താലിനോട് സഹകരിക്കില്ലെന്നും കടകൾ തുറക്കുമെന്നും വ്യാപാരികൾ. ഹർത്താൽ വിരുദ്ധ കൂട്ടായ്മ തീരുമാനപ്രകാരമാണ് വ്യാപാരികൾ ഹർത്താലിനെ ചെറുക്കാനൊരുങ്ങുന്നത്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി, വ്യാപാരി വ്യവസായി സമിതി തുടങ്ങി വിവിധ സംഘടനകൾ കടകൾ തുറക്കുമെന്നറിയിച്ചിട്ടുണ്ട്.
ഹർത്താൽ ദിനത്തിൽ കടകൾ തുറക്കാനാണ് തീരുമാനമെന്നും സുരക്ഷ ഒരുക്കാൻ സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ടി. നസിറുദ്ദീൻ ‘മാധ്യമ’ത്തോട് പറഞ്ഞു. ഹർത്താലിനോട് സഹകരിക്കേണ്ടെന്നാണ് എല്ലാ വ്യാപാരികളുെടയും നിലപാട്. ശബരിമല വിഷയവുമായി ഒരു ബന്ധവുമില്ലാത്തവരാണ് വ്യാപാര സമൂഹം. സർക്കാറിനോട് ദേഷ്യം തീർക്കേണ്ടത് നിരപരാധികളായ വ്യാപാരികളോടല്ല. കച്ചവടക്കാർക്ക് സുരക്ഷ ഒരുക്കാൻ സർക്കാർ തയാറാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വാഹനങ്ങൾ ഒാടിക്കുമെന്ന് കേരള സ്റ്റേറ്റ് ലോറി ഒാണേഴ്സ് വെൽെഫയർ ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് കെ.െക. ഹംസ പറഞ്ഞു. എന്നാൽ, ബസുകൾ ഒാടാൻ സാധ്യത കുറവാണെന്നാണ് ബന്ധപ്പെട്ട അസോസിയേഷൻ ഭാരവാഹികൾ നൽകിയ വിവരം. ബുധനാഴ്ച ബസുകൾക്കു നേരെ നടന്ന ആക്രമണങ്ങളും സുരക്ഷ ഭീഷണിയും കാരണം ബസുകൾ നിരത്തിലിറക്കണമെന്ന് സംഘടന പ്രഖ്യാപിച്ചിട്ടില്ലെന്ന് ബസ് ഒാപറേറ്റ് അസോ. ജില്ല പ്രസിഡൻറ് എ. അബ്ദുൽ നാസർ പറഞ്ഞു.
കോഴിക്കോട് മിഠായിതെരുവിലെ വ്യാപാരികളുടെ കൂട്ടായ്മയും സഹകരിക്കില്ലെന്നറിയിച്ചിട്ടുണ്ട്. തുറന്നു പ്രവർത്തിക്കുന്ന കടകൾക്കും സ്ഥാപനങ്ങൾക്കും മതിയായ പൊലീസ് സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് കാലിക്കറ്റ് ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയും സിറ്റി പൊലീസ് കമീഷണർക്ക് അപേക്ഷ നൽകിയിട്ടുണ്ട്. അതേസമയം, മിഠായിതെരുവിലും കോഴിക്കോട് നഗരത്തിലെ വിവിധ കടകളിലും ഹർത്താൽ അനുകൂലികളെത്തി ഭീഷണിപ്പെടുത്തിയതായി കച്ചവടക്കാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.