തിരൂർ: മുസ്‍ലിം പേരിൽ ഫേസ്ബുക്കിൽ വ്യാജ ഐ.ഡി ഉണ്ടാക്കി വിദ്വേഷപ്രചരണം നടത്തിയയാളെ കണ്ടെത്താൻ പ്രാഥമികാന്വേഷണം പോലും നടത്താതെ ലുക്കൗട്ട് നോട്ടീസ് പരസ്യം പുറത്തിറക്കി പരിഹാസ്യരായി കാഞ്ഞിരപ്പള്ളി പൊലീസ്. അമല്‍ജ്യോതി എൻജിനീയറിങ് കോളജിലെ വിദ്യാർഥിനി ശ്രദ്ധ സതീഷിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട സംഭവത്തിൽ വിദ്വേഷ കമന്റ് പോസ്റ്റ് ചെയ്ത വ്യാജ ഐ.ഡിയെ തേടിയാണ് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്. സമൂഹത്തിൽ വിദ്വേഷം സൃഷ്ടിക്കാൻ മുസ്‍ലിം പേരിൽ സംഘ്പരിവാർ അനുകൂലികൾ സൃഷ്ടിച്ചതാണെന്ന് പ്രസ്തുത അക്കൗണ്ടിനെ കുറിച്ച് തുടക്കം മുതൽ ആരോപണം ഉയർന്നിരുന്നു. ഇതൊന്നും മുഖവിലക്കെടുക്കാതെയാണ് പൊലീസ് അന്വേഷണവുമായി ഇറങ്ങിത്തിരിച്ചത്.
പാകിസ്താൻ സ്വദേശിയുടെ ഫോട്ടോയും മലപ്പുറം തിരൂർ സ്വദേശിയായ ഗവ. ഡോക്ടറുടെ അഡ്രസും ഉപയോഗിച്ചായിരുന്നു ഫേസ്ബുക് ഐ.ഡി സൃഷ്ടിച്ചത്. ഇതുപോലും പരിശോധിക്കാതെയാണ് പൊലീസ് പേരും സ്ഥലവും ഫോട്ടോയും ഉൾപ്പെടെയുള്ള ലുക്കൗട്ട് നോട്ടീസ് പ്രസിദ്ധീകരിച്ച് പ്രതിയെ തേടി തിരൂരിലെത്തിയത്.
പ്രതിയെ പിടിക്കാൻ ദിവസങ്ങൾക്ക് മുമ്പ് തിരൂരിലെത്തിയ കാഞ്ഞിരപ്പള്ളി പൊലീസ് അന്വേഷണം നടത്തിയപ്പോഴാണ് തിരൂരിലെ ഡോക്ടറുടെ പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയതാണെന്ന് വ്യക്തമായത്. വ്യാജ അക്കൗണ്ടിലെ പ്രൊഫൈൽ ഫോട്ടോയും വ്യാജമാണെന്നും അത് പാകിസ്താൻ സ്വദേശിയായ മുഹമ്മദ് താരീഖ് മജീദിന്റേത് ആണെന്നും വ്യക്തമായി.
ഇതോടെ പ്രതിയെ പിടികൂടാനായി രാത്രിയിൽ ഡോക്ടറുടെ വീട്ടിലെത്തിയ കാഞ്ഞിരപ്പള്ളി പൊലീസ് തങ്ങൾക്ക് പറ്റിയ പിഴവ് തിരിച്ചറിഞ്ഞ് തിരൂരിൽ നിന്ന് മടങ്ങുകയുമായിരുന്നു. ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നതിന് മുമ്പ് പൊലീസ് അന്വേഷണം നടത്താതിരുന്നതാണ് ഇത്തരമൊരു ഗുരുതര പിഴവിന് ഇടയാക്കിയതെന്ന ആക്ഷേപം സാമൂഹ്യ മാധ്യമങ്ങളിൽ ഉൾപ്പെടെ വ്യാപകമാണ്. വ്യാജ അക്കൗണ്ടിലൂടെ വിദ്വേഷ പ്രചരണം നടത്തിയയാളെ ഉടൻ പിടികൂടണമെന്ന ആവശ്യവും ഇതോടെ ശക്തമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.