വിദ്വേഷ പ്രസംഗം: ചോദ്യം ചെയ്യലിന് ഹാജരാകാൻ പി.സി. ജോർജിന് വീണ്ടും പൊലീസിന്‍റെ നോട്ടീസ്

തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗക്കേസില്‍ അറസ്റ്റിലായി പിന്നീട് ജാമ്യത്തിലിറങ്ങിയ മുന്‍ എം.എല്‍.എ പി.സി. ജോർജിന് ചോദ്യം ചെയ്യലിനും ശാസ്ത്രീയ പരിശോധനകൾക്കും ഹാജരാകാൻ പൊലീസ് വീണ്ടും നോട്ടീസ് നൽകും.

തിങ്കളാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ടാകും നോട്ടീസ്. ജോർജ് ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി ഹൈകോടതിയെ സമീപിച്ചാൽ അത് നിലനിൽക്കില്ലെന്ന നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് നീക്കം മാറ്റിയത്. തൃക്കാക്കര തെരഞ്ഞെടുപ്പിന്‍റെ കൊട്ടിക്കലാശ ദിനമായ ഞായറാഴ്ച ഹാജരാകാൻ അന്വേഷണോദ്യോഗസ്ഥനായ ഫോർട്ട് അസി. കമീഷണർ ഷാജി പി.സി. ജോര്‍ജിന് നോട്ടീസ് നൽകിയിരുന്നു.

ശബ്ദപരിശോധനക്കുൾപ്പെടെ രാവിലെ 11ന് ഹാജരാകാനായിരുന്നു നിർദേശം. തൃക്കാക്കരയിൽ മുഖ്യമന്ത്രിക്ക് മറുപടി നൽകുമെന്ന ജോർജിന്‍റെ പ്രഖ്യാപനത്തിന് തടയിടാനായിരുന്നു പൊലീസിന്‍റെ ഈ നീക്കമെന്ന ആക്ഷേപവുമുയർന്നിരുന്നു. എന്നാല്‍, പൊലീസിനു മുന്നിൽ ഹാജരാകാതെ, ജോർജ് തൃക്കാക്കരയിലേക്ക് പോകുകയായിരുന്നു.

പൊലീസിനു മുന്നിൽ മൊഴി നൽകാൻ ഹാജരാകാതിരിക്കുന്നത് കോടതിയുടെ ജാമ്യവ്യവസ്ഥകളുടെ ലംഘനമായി കാണേണ്ടിവരുമെന്ന് അസി. കമീഷണർ ജോർജിനോട് വ്യക്തമാക്കിയിരുന്നു. എന്നാൽ, തൃക്കാക്കരയിലേക്ക് താൻ പ്രചാരണത്തിനായി പോകുകയാണെന്നും ചോദ്യം ചെയ്യലിനായി തിരുവനന്തപുരത്തേക്ക് എത്താനാകില്ലെന്നും ജോർജ് മറുപടി നല്‍കി.

ആരോഗ്യപരിശോധനക്കുവേണ്ടി ഡോക്ടറെ കാണാനുണ്ടെന്നും അതിനാൽ ഞായറാഴ്ച കഴിഞ്ഞുള്ള ഏതെങ്കിലും ദിവസം പൊലീസ് ആവശ്യപ്പെടുന്ന മുറക്ക് ചോദ്യം ചെയ്യലിന് ഹാജരാകാമെന്നുമായിരുന്നു പി.സിയുടെ മറുപടി. തൃക്കാക്കരയിൽ പോയ ശേഷം താൻ ഹാജരാകാമെന്ന് ജോർജ് പൊലീസിനെ അറിയിച്ചിരുന്നു. എന്നാൽ, അത് വേണ്ടെന്നും ജാമ്യോപാധികൾ ലംഘിച്ചത് ചൂണ്ടിക്കാട്ടി ഹൈകോടതിയെ സമീപിക്കാനുമായിരുന്നു പൊലീസ് തീരുമാനം.

അതിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് നിയമോപദേശവും തേടി. എന്നാൽ, ജോർജ് ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് ഇതിലൂടെ തെളിയിക്കാനാകില്ലെന്നാണ് പൊലീസിന് ലഭിച്ച നിയമോപദേശം. അതിന്‍റെ അടിസ്ഥാനത്തിലാണ് കോടതിയെ സമീപിക്കേണ്ടെന്ന തീരുമാനത്തിലേക്ക് പൊലീസ് നീങ്ങിയത്. തുടർന്നാണ് വീണ്ടും നോട്ടീസ് നൽകിയത്.

Tags:    
News Summary - Hate speech: Notice of police again to PC George

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.