കൊച്ചി: മലപ്പുറം ജില്ല സഹകരണ ബാങ്ക് കേരള ബാങ്കിൽ ലയിപ്പിച്ച നടപടി ഹൈകോടതി ശരിവെച്ചു. ലയനത്തിനായി സംസ്ഥാന സർക്കാർ കൊണ്ടുവന്ന സഹകരണ നിയമ ഭേദഗതി നിയമാനുസൃതമാണെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് പി. ഗോപിനാഥിന്‍റെ ഉത്തരവ്. സഹകരണ രജിസ്ട്രാറുടെ ഉത്തരവ് ചോദ്യം ചെയ്ത് യു.ഡി.എഫ് നേതാക്കളായ യു.എ. ലത്തീഫ് എം.എൽ.എ, പി.ടി. അജയമോഹൻ എന്നിവരും മലപ്പുറം ജില്ലയിലെ 93 പ്രാഥമിക സഹകരണ സംഘം പ്രസിഡന്‍റുമാരും സമർപ്പിച്ച ഹരജികൾ കോടതി തള്ളി.
പൊതുയോഗം ചേർന്ന് മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ അനുകൂല പ്രമേയം പാസാക്കണമെന്ന കേന്ദ്ര ബാങ്കിങ് ഭേദഗതി നിയമത്തിന് വിരുദ്ധമാണ് സംസ്ഥാന നിയമമെന്നായിരുന്നു ഹരജിക്കാരുടെ വാദം. റിസർവ് ബാങ്കിന്‍റെ ലൈസൻസിൽ പ്രവർത്തിക്കുന്ന ബാങ്കിന് കേന്ദ്ര നിയമം ബാധകമാണെന്നും വാദിച്ചു. എന്നാൽ, ബാങ്കിങ് ഇടപാടുകൾക്ക് മാത്രമാണ് കേന്ദ്ര നിയമം ബാധകമെന്നും സഹകരണ സംഘങ്ങളുടെ ലയനത്തിന് സംസ്ഥാന നിയമമാണ് പാലിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി. കേന്ദ്ര നിയമം പാലിക്കാത്ത സാഹചര്യത്തിൽ കേന്ദ്ര ഡെപ്പോസിറ്റ് ക്രെഡിറ്റ് ഗാരന്‍റി സ്കീമിലെ വ്യവസ്ഥകൾ പ്രകാരമുള്ള ആനുകൂല്യങ്ങൾ പ്രാഥമിക ബാങ്കുകൾക്ക് ലഭിക്കാതെ പോകുമെന്ന വാദവും തള്ളി. സഹകരണ രജിസ്ട്രാറുടെ ഉത്തരവിന് സഹകരണ നിയമ ഭേദഗതിയുടെ പിൻബലമുണ്ടെന്നും സഹകരണം സംസ്ഥാന വിഷയമായതിനാൽ നിയമ ഭേദഗതി നിയമപരമാണെന്നും കോടതി വിലയിരുത്തി.
നിയമ ഭേദഗതി കേന്ദ്ര ബാങ്കിങ് നിയമത്തിന് വിരുദ്ധമായതിനാൽ ലയനം അസാധുവാണെന്ന വാദം റിസർവ് ബാങ്ക് ഉന്നയിച്ചിരുന്നു. മലപ്പുറം ജില്ല സഹകരണ ബാങ്കിന് നൽകിയ ലൈസൻസ് റദ്ദാക്കുകയോ ലയനം തങ്ങൾ അംഗീകരിക്കുകയോ ചെയ്തിട്ടില്ലെന്നും റിസർവ് ബാങ്ക് വ്യക്തമാക്കി. എന്നാൽ, സംസ്ഥാന നിയമം ചൂണ്ടിക്കാട്ടി ഈ വാദവും കോടതി നിരസിച്ചു.
അപ്പീല്‍ നല്‍കും
മലപ്പുറം: ജില്ല സഹകരണ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിച്ച നടപടി ചോദ്യം ചെയ്ത ഹരജികള്‍ ഹൈകോടതി സിംഗിള്‍ ബെഞ്ച് തള്ളിയതിനെതിരെ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കുമെന്ന് എം.ഡി.സി ബാങ്ക് പ്രസിഡന്റ് അഡ്വ. യു.എ. ലത്തീഫ് എം.എല്‍.എ. അനുകൂല വിധി നേടിയെടുക്കും വരെ നിയമപോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.