തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ് ജൂലൈ ഒന്നിന് ആരംഭിക്കാനുള്ള നടപടികളുമായി സർക്കാർ. ഏതാനും വന്‍കിട ആശുപത്രികള്‍ മാത്രമാണ് പദ്ധതിയുടെ ഭാഗമാകാതെ മാറിനിൽക്കുന്നത്. ആദ്യഘട്ടത്തില്‍ 40 ലക്ഷത്തോളം പേര്‍ പദ്ധതിയുടെ ഭാഗമാകുമെന്നാണ് കരുതുന്നത്. എന്നാൽ, ഇന്‍ഷുറന്‍സ് കാര്‍ഡ് വിതരണം അടക്കമുള്ള നടപടികള്‍ ഇനിയും തുടങ്ങിയിട്ടില്ല.
തിരുവനന്തപുരത്തെ എട്ട് വന്‍കിട ആശുപത്രികളും കോട്ടയത്തെ രണ്ടും എറണാകുളത്തെ മൂന്നും സ്വകാര്യ ആശുപത്രികളുമാണ് പദ്ധതിയുടെ ഭാഗമാകാനുള്ളത്. കഴിഞ്ഞദിവസവും ഇവരുമായി ചര്‍ച്ച നടത്തിയെങ്കിലും അന്തിമധാരണയായില്ല. വൈകാതെ ഇവർ പദ്ധതിയുടെ ഭാഗമാകുമെന്നാണ് ധനവകുപ്പ് വൃത്തങ്ങൾ പറയുന്നത്. സര്‍ക്കാര്‍ നിശ്ചയിച്ച കുറഞ്ഞ നിരക്കില്‍ ചികിത്സ നല്‍കാന്‍ കഴിയില്ലെന്ന വാദമാണ് ആശുപത്രി അധികൃതര്‍ ഉയര്‍ത്തുന്നത്.
ഹൃദയ-ന്യൂറോ വിദഗ്ധ ചികിത്സ രംഗത്തെ കേന്ദ്ര സ്വയംഭരണ സ്ഥാപനമായ തിരുവനന്തപുരത്തെ ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയും മെഡിസെപ് പദ്ധതിയുമായി ഇനിയും കൈകോര്‍ത്തിട്ടില്ല. ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേര്‍ന്ന ശേഷം ഇക്കാര്യത്തില്‍ അന്തിമ നിലപാട് അറിയിക്കും.
5.24 ലക്ഷം സര്‍ക്കാര്‍ ജീവനക്കാരും അഞ്ചര ലക്ഷത്തോളം പെന്‍ഷന്‍കാരും പദ്ധതിയുടെ ഭാഗമാകും. ജീവനക്കാരുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ 25 ലക്ഷത്തോളം പേര്‍ക്ക് പരിരക്ഷ ലഭിക്കും. പെന്‍ഷന്‍കാര്‍ക്ക് ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവിന് മാത്രമാണ് ഇന്‍ഷുറന്‍സ് പരിരക്ഷ. സർക്കാർ സർവിസ് റൂള്‍സില്‍ നിഷ്‌കര്‍ക്കുന്ന ആശ്രിതര്‍ക്ക് മാത്രമേ ഇന്‍ഷുറന്‍സ് കവറേജ് ലഭിക്കൂ. പൊതുമേഖല സ്ഥാപനങ്ങളിലേയും സഹകരണ സ്ഥാപനങ്ങളിലേയും ജീവനക്കാരും പരിധിയില്‍ വരും
മൂന്നു ലക്ഷം രൂപയുടെ പ്രതിവര്‍ഷ കാഷ്‌ലെസ് ഇന്‍ഷുറന്‍സ് പരിരക്ഷയാണ് ലഭിക്കുക. ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്തില്ലെങ്കില്‍ 1.5 ലക്ഷം രൂപ അടുത്തവര്‍ഷത്തെ പരിരക്ഷയില്‍ അധികമായി ഉള്‍പ്പെടും. 6,000 രൂപയാണ് പ്രീമിയം ഇനത്തില്‍ ജീവനക്കാര്‍ പ്രതിവർഷം അടക്കേണ്ടത്. പെന്‍ഷന്‍കാര്‍ക്ക് മെഡിക്കല്‍ അലവന്‍സായി പ്രതിമാസം നല്‍കുന്ന 500 രൂപ പ്രീമിയമായി ഈടാക്കും. ഇന്‍ഷുറന്‍സ് കാര്‍ഡ് മെഡിസെപ് സൈറ്റില്‍നിന്ന് ജീവനക്കാര്‍ക്ക് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.