ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യ മ​ന്ത്രി വീ​ണ ജോ​ര്‍ജ്,

സൂ​പ്ര​ണ്ട് ഡോ. ​എ. അ​ബ്ദു​ല്‍ സ​ലാം, എ​ച്ച്. സ​ലാം എം.​എ​ല്‍.​എ എ​ന്നി​വ​രു​മാ​യി ച​ര്‍ച്ച ന​ട​ത്തു​ന്നു

ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ആരോഗ്യ മന്ത്രിയുടെ മിന്നൽ സന്ദർശനം

അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ആരോഗ്യമന്ത്രി വീണ ജോർജിന്‍റെ മിന്നൽ സന്ദർശനം. ഔദ്യോഗിക വാഹനം മാറ്റി എച്ച്. സലാം എം.എൽ.എ ഓടിച്ച സ്വകാര്യ വാഹനത്തിൽ വ്യാഴാഴ്ച രാവിലെ വന്ന മന്ത്രി, കാർഡിയോളജി ഒ.പിയിലാണ് ആദ്യമെത്തിയത്. തുടർന്ന് സർജറി, പീഡിയാട്രിക്, ഓർത്തോ വിഭാഗം ഒ.പികളും ലേബർ റൂം, ഗൈനക്കോളജി ഒ.പി, വാർഡുകൾ എന്നിവയും സന്ദർശിച്ചു.

മന്ത്രിയെത്തിയത് അറിഞ്ഞ് ജീവനക്കാരും നഴ്സുമാരും എത്തിയെങ്കിലും അവരോട് ജോലിയിൽ തുടരാൻ നിർദേശിച്ചു. ഈ സമയം ചില രോഗികളും കൂട്ടിരിപ്പുകാരുമെത്തി പരാതികൾ പറഞ്ഞു. ഡോക്ടർമാർ കുറിച്ചു നൽകുന്നവയിൽ ചില മരുന്നുകൾ ഫാർമസിയിൽനിന്ന് ലഭിക്കുന്നില്ലെന്നും ജീവനക്കാരുടെ പെരുമാറ്റം മോശമാണെന്നുമായിരുന്നു കൂടുതൽ പരാതിയും. മരുന്നുകൾ എഴുതി നൽകിയ ചീട്ടുകളുടെ ചിത്രം മന്ത്രി മൊബൈൽ ഫോണിൽ പകർത്തി.

 സർക്കാർ നിർദേശിച്ച മരുന്നുകളാണോ കുറിച്ചു നൽകുന്നതെന്ന് പരിശോധിക്കാമെന്നും മറ്റു കാര്യങ്ങളിൽ അടിയന്തര നടപടി സ്വീകരിക്കാമെന്നും പറഞ്ഞു. ആശുപത്രിയിലും പരിസരത്തും പൊലീസ് നിരീക്ഷണം കൂടുതൽ ശക്തമാക്കണമെന്നും എയ്ഡ് പോസ്റ്റിലേക്ക് ആവശ്യമായ പൊലീസുകാരെ ലഭ്യമാക്കാൻ ജില്ല പൊലീസ് മേധാവിക്ക് നിർദേശം നൽകാമെന്നും മന്ത്രി അറിയിച്ചു. ഡ്യൂട്ടിയിൽ എത്തിയ ഡോക്ടർമാരുടെയും ഡ്യൂട്ടി ചുമതല ഉണ്ടായിട്ട് എത്താതിരുന്ന ഡോക്ടർമാരുടെയും വിവരങ്ങൾ രേഖാമൂലം ലഭ്യമാക്കാൻ മന്ത്രി ആശുപത്രി സൂപ്രണ്ടിനോട് നിർദേശിച്ചു.

എച്ച്.സലാം എം.എൽ.എയുടെ നിർദേശാനുസരണം രോഗികൾക്കും ഒപ്പമെത്തുന്നവർക്കുമായി അത്യാഹിത വിഭാഗത്തിൽ ഉൾപ്പെടെ വരുത്തിയ നൂതന മാറ്റങ്ങളിൽ മന്ത്രി തൃപ്തി പ്രകടിപ്പിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. എ. അബ്ദുൽ സലാമും മന്ത്രിക്കൊപ്പമുണ്ടായിരുന്നു

Tags:    
News Summary - Health Minister's lightning visit at Alappuzha Medical College Hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.