തിരുവനന്തപുരം: ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ നിയമനത്തിൽ സർക്കാർ നോമിനിയെ ഗവർണർ വെട്ടി. സെർച് കമ്മിറ്റി സമർപ്പിച്ച മൂന്നുപേരുടെ പട്ടികയിൽനിന്ന് മുൻ മെഡി ക്കൽ വിദ്യാഭ്യാസ ഡയറക്ടർ കൂടിയായ ഡോ.കെ. പ്രവീൺലാലിനെ വി.സിയായി നിയമിക്കാൻ സർക് കാർ രാജ്ഭവനെ താൽപര്യമറിയിച്ചിരുന്നു. എന്നാൽ, ഡോ. മോഹനൻ കുന്നുമ്മലിനെയാണ് ഗവർണർ നിയമിച്ചത്. ഗവർണറുടെ നടപടി സർക്കാർതലത്തിൽ അതൃപ്തിക്കിടയാക്കിയിട്ടുണ്ട്.
വി.സി നിയമനം സംബന്ധിച്ച് ആരോഗ്യമന്ത്രിയുടെ ഒാഫിസ് ആണ് സർക്കാർ താൽപര്യം രാജ്ഭവനെ അറിയിച്ചത്. ഇത് ഗവർണർ അംഗീകരിക്കുമെന്ന പ്രതീക്ഷക്കിടെയാണ് പട്ടികയിൽനിന്നുള്ള മറ്റൊരാളെ നിയമിച്ചുകൊണ്ടുള്ള വിജ്ഞാപനം വരുന്നത്. ഡോ. മോഹനനും ഡോ. പ്രവീൺലാലിനും പുറമെ ഡോ. വി. രാമൻകുട്ടിയുടെ പേര് ഉൾക്കൊള്ളുന്ന പട്ടികയാണ് സെർച് കമ്മിറ്റി ഗവർണർക്ക് സമർപ്പിച്ചത്. ഡോ.ബി. ഇഖ്ബാൽ കൺവീനറായ സെർച് കമ്മിറ്റിയിൽ എം.ജി.ആർ മെഡിക്കൽ സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. മയിൽ വാഹനൻ, യു.ജി.സി മുൻ ചെയർമാൻ ഡോ. ഹരിഗൗതം എന്നിവരായിരുന്നു അംഗങ്ങൾ. കേരളത്തിൽനിന്നുള്ള കേന്ദ്രമന്ത്രിസഭാംഗം വഴിയുള്ള ഇടപെടലാണ് ഡോ. മോഹനെൻറ നിയമനത്തിന് വഴിയൊരുങ്ങിയതെന്നാണ് സർക്കാർതലത്തിലുള്ള സംശയം.
നേരത്തേ കേരള സർവകലാശാലയിൽ സെനറ്റ് അംഗങ്ങളെ നാമനിർദേശം ചെയ്യുന്നതിന് സർക്കാർ സമർപ്പിച്ച പട്ടികയിലെ നാലുപേരെ പി. സദാശിവം ഗവർണറായിരിക്കെ വെട്ടിയത് വിവാദമായിരുന്നു. രാജ്ഭവെൻറ ഇൗ നടപടിക്കെതിരെ സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് പരസ്യപ്രസ്താവനയുമിറക്കിയിരുന്നു. ആരിഫ് മുഹമ്മദ് ഖാൻ നിയമിതനായശേഷം നടക്കുന്ന ആദ്യ വി.സി നിയമനത്തിലും സർക്കാർ താൽപര്യം പരിഗണിച്ചില്ല.
കാർഷിക സർവകലാശാല വി.സി നിയമനത്തിലും സർക്കാർ താൽപര്യം പരിഗണിക്കാതെയാണ് മുൻ ഗവർണർ വിജ്ഞാപനമിറക്കിയത്. കഴിഞ്ഞതവണ ആരോഗ്യ സർവകലാശാല വി.സി നിയമനത്തിലും യു.ഡി.എഫ് സർക്കാർ താൽപര്യമറിയിച്ച വ്യക്തിയെ പരിഗണിക്കാതെയായിരുന്നു ഡോ.എം.കെ.സി. നായരുടെ നിയമനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.