തിരുവനന്തപുരം: ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിന് അഞ്ച് വർഷത്തേക്കുകൂടി പുനർനിയമനം നൽകുകയും കേരള സർവകലാശാല വി.സിയുടെ അധിക ചുമതല നൽകുകയും ചെയ്ത ചാൻസലറായ ഗവർണറുടെ നടപടിയിൽ നിയമയുദ്ധത്തിന് വഴി തുറക്കുന്നു. ഗവർണറുടെ നടപടി ഹൈകോടതിയിൽ ചോദ്യംചെയ്യുന്നതിന് മുന്നോടിയായി അഡ്വക്കറ്റ് ജനറലിൽനിന്ന് സർക്കാർ നിയമോപദേശം തേടും. പശ്ചിമ ബംഗാളിൽ വൈസ് ചാൻസലർമാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ സംസ്ഥാന സർക്കാറിന്റെ അഭിപ്രായം പരിഗണിക്കണമെന്ന സുപ്രീംകോടതി വിധി ആയുധമാക്കിയാകും സർക്കാർ കോടതിയിലേക്ക് നീങ്ങുക. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ വി.സി നിയമനം നടത്തിയതിലെ നിയമപ്രശ്നവും സർക്കാർ ഉയർത്തിയേക്കും.
ആരോഗ്യ സർവകലാശാലയിൽ ഡോ. മോഹനൻ കുന്നുമ്മലിന് അഞ്ച് വർഷത്തേക്ക്/70 വയസ്സ് പൂർത്തിയാകുന്നത് വരെ കാലാവധി നീട്ടി നൽകിയതുവഴി ഗവർണർ സ്വന്തംനിലക്ക് സ്ഥിരം വി.സി നിയമനമാണ് നടത്തിയത്. സംസ്ഥാനത്തെ സർവകലാശാലകളിലെ വി.സി നിയമനത്തിൽ ഇന്നുവരെയുണ്ടാകാത്ത സാഹചര്യമാണിതെന്നാണ് വിലയിരുത്തൽ. സർക്കാർ-ഗവർണർ ഏറ്റുമുട്ടലിനിടെ പല സർവകലാശാലകളിലും സർക്കാർ പാനൽ പരിഗണിക്കാതെ ഗവർണർ താൽക്കാലിക വി.സിമാരെ നിയമിച്ചിട്ടുണ്ടെങ്കിലും സ്ഥിരം വി.സി നിയമനം ആരോഗ്യ സർവകലാശാലയിലേതാണ്. ഈ നീക്കത്തെ പ്രതിരോധിച്ചില്ലെങ്കിൽ വി.സി പദവി ഒഴിവുള്ള 14 സർവകലാശാലകളിലും ഈ തന്ത്രം ഗവർണർ പ്രയോഗിക്കുമെന്ന ആശങ്കയും സർക്കാറിനുണ്ട്.
കണ്ണൂർ സർവകലാശാല വി.സി പുനർനിയമനവുമായി ബന്ധപ്പെട്ട കേസിൽ ചാൻസലർ ബാഹ്യ ഇടപെടലുകൾക്ക് വഴങ്ങേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഈ വിധിയും പുനർനിയമനത്തിന് സെർച് കമ്മിറ്റിയും പ്രായപരിധിയും ബാധകമല്ലെന്ന അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശവുമാണ് ഗവർണർക്ക് ആയുധം. എന്നാൽ, കണ്ണൂർ വി.സി പുനർനിയമന വിധിക്കുശേഷം പശ്ചിമ ബംഗാൾ വി.സി നിയമന കേസിൽ ഒടുവിൽ വന്ന സുപ്രീംകോടതി വിധിയിൽ സർക്കാറിന്റെ അധികാരം വ്യക്തമാക്കിയിട്ടുണ്ടെന്നും ഒടുവിൽ വന്ന വിധിയാണ് നിലനിൽക്കുകയെന്നുമാണ് സർക്കാർ കേന്ദ്രങ്ങൾ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം, ആരോഗ്യ സർവകലാശാല വി.സിയുടെ കാലാവധി പൂർത്തിയാക്കാനിരിക്കെ പുതിയ വി.സിക്ക് ചുമതല നൽകുന്ന നടപടിയിൽ ആരോഗ്യവകുപ്പ് ജാഗ്രത പുലർത്തിയില്ലെന്ന് വിമർശനമുണ്ട്. ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിൽ താൽക്കാലിക വി.സി നിയമനത്തിനായി സർക്കാർ ഗവർണർക്ക് മുന്നിൽ പാനൽ എത്തിച്ചപ്പോൾ ആരോഗ്യ സർവകലാശാലയുടെ കാര്യത്തിൽ അതുണ്ടാകാതിരുന്നത് ഗവർണർക്ക് കാര്യങ്ങൾ എളുപ്പമാക്കി. കേരള സർവകലാശാലയിൽ താൽക്കാലിക വി.സി നിയമനത്തിനുള്ള പാനൽ ഉന്നത വിദ്യാഭ്യാസ വകുപ്പിൽനിന്ന് രാജ്ഭവനിലെത്തിയതാകട്ടെ മോഹനൻ കുന്നുമ്മലിന് അധിക ചുമതല നൽകി ഉത്തരവിറങ്ങിയ ശേഷവും.
സർക്കാർ പാനൽ സമർപ്പിച്ച ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളുടെ വി.സി നിയമനത്തിൽ ഗവർണർ ഹൈകോടതിയിൽനിന്ന് വ്യക്തത തേടാൻ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്.
നിയമവശങ്ങൾ പരിശോധിച്ച് നടപടി -മന്ത്രി
തിരുവനന്തപുരം: ആരോഗ്യ സർവകലാശാല വി.സി നിയമനത്തിൽ ചാൻസലറായ ഗവർണറുടെ നടപടി സംബന്ധിച്ച് നിയമവശങ്ങൾ പരിശോധിച്ച് തുടർനടപടിയെടുക്കുമെന്ന് നിയമവകുപ്പിന്റെ ചുമതലയുള്ള മന്ത്രി പി. രാജീവ്. പശ്ചിമ ബംഗാൾ കേസിൽ സംസ്ഥാന സർക്കാറിന് സർവകലാശാലകളിലുള്ള അധികാരം ഉറപ്പിക്കുന്നതാണ് ഒടുവിലത്തെ സുപ്രീംകോടതി വിധി. സർക്കാറിന്റെ അഭിപ്രായം പരിഗണിക്കാതെ വി.സിയെ നിയമിച്ച നടപടിയും ചാൻസലറെ പരിഗണിക്കാതെയുള്ള നടപടിയും ചർച്ച ചെയ്താണ് വിധി പറഞ്ഞത്. സെർച് കമ്മിറ്റി നൽകുന്ന പട്ടികയിലുള്ളവർക്ക് മുൻഗണന നിശ്ചയിക്കേണ്ടത് മുഖ്യമന്ത്രിയാണെന്ന് കോടതി വ്യക്തമാക്കി. മുൻഗണനയിൽ ചാൻസലർ മാറ്റം വരുത്തുകയാണെങ്കിൽ അതിന് വ്യക്തമായ കാരണങ്ങളുണ്ടാകണം. ഇവിടെ സർക്കാറിനെ അവഗണിച്ച് തെറ്റായ രൂപത്തിലാണ് ചാൻസലർ കാര്യങ്ങൾ നിർവഹിക്കുന്നത്. ആരോഗ്യ സർവകലാശാല കേരളത്തിൽ എല്ലായിടത്തുമുള്ള മെഡിക്കൽ കോളജുകളെ ഉൾപ്പെടെ നിയന്ത്രിക്കുന്ന സംവിധാനമാണ്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലങ്ങളിലും മെഡിക്കൽ കോളജുകളുണ്ട്. ആ മെഡിക്കൽ കോളജുകൾ കൂടി ഉൾപ്പെടുന്ന സർവകലാശാലയുടെ വൈസ് ചാൻസലറെ ഇപ്പോൾ നിയമിച്ചത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.