കൊണ്ടോട്ടി (മലപ്പുറം): വാക്‌സിനെടുക്കാൻ എത്തിയയാൾ വനിത ജീവനക്കാരിയുൾപ്പെടെ മൂന്ന് ആരോഗ്യപ്രവർത്തകരെ മർദിച്ചു. പരിക്കേറ്റ ജെ.എച്ച്.ഐ രാജേഷ്, അറ്റൻഡർ കെ.സി. ശബരി ഗിരീഷ്, ജെ.പി.എച്ച്.എൻ പി.ടി. രമണി എന്നിവർ കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
നെടിയിരുപ്പ് ചിറയിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വ്യാഴാഴ്ച രാവിലെയായിരുന്നു അതിക്രമം. സംഭവത്തിൽ നെടിയിരുപ്പ് മേലേപറമ്പ് സ്വദേശി മുഹമ്മദലിക്കെതിരെ കരിപ്പൂർ പൊലീസ് കേസെടുത്തു. ജീവനക്കാരിൽ നിന്ന് മൊഴിയെടുത്തതായും കർശന നടപടിയെടുക്കുമെന്നും കരിപ്പൂർ ഇൻസ്‌പെക്ടർ ഷിബു പറഞ്ഞു.
പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ രാവിലെ ഒമ്പത് മുതൽ വാക്സിൻ നൽകാനുള്ള നടപടി തുടങ്ങിയിരുന്നു. എന്നാൽ, സോഫ്റ്റ്്വെയർ പ്രശ്നംമൂലം ഷെഡ്യൂൾ ലഭിക്കാൻ വൈകി. ഇതോടെ മുഹമ്മദലി ആരോഗ്യപ്രവർത്തകരോട് തട്ടിക്കയറുകയും അസഭ്യം പറയുകയും ചെയ്തെന്നാണ് പരാതി.
ഡോക്ടറോട് തട്ടിക്കയറിയപ്പോൾ ഇടപെട്ടപ്പോഴാണ് മർദിച്ചതെന്ന് ജീവനക്കാർ പറഞ്ഞു. സ്ഥലത്തെത്തിയ മറ്റുരണ്ട് ജീവനക്കാർക്കു നേരെയും കൈയേറ്റശ്രമം ഉണ്ടായതായും പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.