മലപ്പുറം: കനത്ത ചൂടിൽ തുടർച്ചയായ പരിശീലനത്തിനിടെ വന്നെത്തുന്ന പൊതു അവധി ദിവസങ്ങളിൽ എക്സൈസ്, അഗ്നിരക്ഷ സേന ട്രെയിനികൾക്കും അവധി നൽകണമെന്ന് ആവശ്യം ഉയരുന്നു. സംസ്ഥാനത്ത് കേരള പൊലീസ്, അഗ്നിരക്ഷ സേന, എക്സൈസ് തുടങ്ങിയ വിഭാഗങ്ങളിലായി 6000ത്തിലേറെ പേർ വിവിധ ക്യാമ്പുകളിൽ പരിശീലനത്തിലുണ്ട്.
വരുന്ന പെരുന്നാൾ ദിനവും വിഷുദിനവും ഉൾപ്പെടുത്തി പ്രത്യേക അവധി നൽകി വീട്ടിലേക്ക് പോവാൻ അവസരം നൽകണമെന്നാണ് ആവശ്യം. സാധാരണ ഇത്തരം ക്യാമ്പുകളിൽ വിശേഷ ദിവസങ്ങളിൽ അവധി കൊടുക്കണമെന്ന് ചട്ടമില്ലെങ്കിലും പ്രത്യേക സാഹചര്യങ്ങളിൽ അവധി നൽകിയ ചരിത്രമുണ്ട്.
പെരുന്നാൾ, വിഷു എന്നിവ ഇപ്രാവശ്യം അടുത്തടുത്ത് വരുന്നതിനാൽ തുടർച്ചയായ ദിവസങ്ങളിൽ പരിശീലനം ഉണ്ടാവില്ല. ഇവർക്ക് പരിശീലനം നൽകേണ്ട പരിശീലകർ അവധി ദിവസങ്ങളിൽ വീടുകളിൽ പോകും. എന്നാൽ, പരിശീലനത്തിലുള്ള സേനാംഗങ്ങളോട് ഈ ദിവസങ്ങളിൽ ക്യാമ്പിൽതന്നെ തുടരാനാണ് നിലവിലെ നിർദേശം.
വേനൽ കനത്തതോടെ എം.എസ്.പി അടക്കമുള്ള പല ക്യാമ്പുകളിലും ജലദൗർലഭ്യവും രൂക്ഷമാണ്. ഈ സാഹചര്യത്തിൽ ക്യാമ്പുകൾക്ക് ഇടവേള നൽകുന്നതാവും ഉചിതമെന്ന് ഉദ്യോഗസ്ഥർക്കു തന്നെ അഭിപ്രായമുണ്ട്. എന്നാൽ, നിലവിൽ അവധി നൽകുന്നതിനെക്കുറിച്ച് അനുകൂല തീരുമാനമില്ലെന്നാണ് പരിശീലനത്തിലുള്ളവർ പറയുന്നത്. കടുത്ത ചൂടിൽ പരിശീലനത്തിലുള്ളവർക്ക് നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉള്ളതായും വിവരമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.