തിരുവനന്തപുരം: ജലസംഭരണികൾ വറ്റിവരണ്ട് കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങിയിരുന്ന വൈദ്യുതി ബോർഡിന് കാലവർഷം ശക്തിപ്പെട്ടത് നേരിയ ആശ്വാസം. വരും ദിവസങ്ങളിൽ മഴ ശക്തിപ്പെട്ട് നീരൊഴുക്ക് മെച്ചപ്പെട്ടില്ലെങ്കിൽ വിലകൂടിയ താപവൈദ്യുതിയെ കൂടുതൽ ആശ്രയിക്കേണ്ടിവരും. ഇത് ഉപഭോക്താക്കൾക്ക് വൻ ബാധ്യതയാകും.
സമീപ വർഷങ്ങളിൽ ഏറ്റവും കുറഞ്ഞ നീരൊഴുക്കാണ് ഈ വർഷം. എല്ലാ സംഭരണികളിലും കൂടി 711.86 ദശലക്ഷം യൂനിറ്റിനുള്ള വെള്ളമേ ജൂലൈ നാലുവരെയുള്ളൂ. 2022ൽ ഇതേസമയം 1482.86 ദശലക്ഷം യൂനിറ്റിനും 2021ൽ 1864.52 ൽ ദശലക്ഷം യൂനിറ്റിനും 2020ൽ 915 ദശലക്ഷം യൂനിറ്റിനും 2018 ൽ 1997.87 ദശലക്ഷം യൂനിറ്റിനും വെള്ളമുണ്ടായിരുന്നു.
ചൊവ്വാഴ്ച കണക്ക് പ്രകാരം ഈ ജലവർഷം ഇതുവരെ ഒഴുകിയെത്തിയത് 308.08 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം മാത്രമാണ്. കഴിഞ്ഞ വർഷം ഇതേ ദിവസം സംഭരണികളിൽ 1482.54 ദശലക്ഷം യൂനിറ്റിന് വെള്ളമുണ്ടായിരുന്നു. ഇക്കൊല്ലം ഇതുവരെ മാത്രം 770.67 ദശലക്ഷം യൂനിറ്റിനുള്ള വെള്ളത്തിന്റെ കുറവുണ്ട്. പുറത്തുനിന്ന് വാങ്ങുന്ന വൈദ്യുതിക്ക് യൂനിറ്റിന് ഏഴുരൂപ വില നൽകണം.
വളരെ കുറഞ്ഞ ഉൽപാദനച്ചെലവ് മാത്രമാണ് ജലവൈദ്യുതിക്ക്. താപവൈദ്യുതി അധികമായി വാങ്ങിയാൽ സർചാർജിലേക്കും ക്രമേണ നിരക്ക് വർധനയിലേക്കും നയിക്കും. ഏതാനും മാസമായി കെ.എസ്.ഇ.ബി സർചാർജ് പിരിച്ചുകൊണ്ടിരിക്കുകയാണ്. പുറമെ അടുത്ത നാല് വർഷത്തേക്കുള്ള വൈദ്യുതി നിരക്ക് വർധനയും തയാറായി കഴിഞ്ഞു. ജൂലൈ പത്തിനുശേഷം ഇത് പ്രഖ്യാപിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബോർഡ്.
വരും ദിവസങ്ങളിൽ മഴ ശക്തമായാൽ സംഭരണികളിൽ കൂടുതൽ ജലമെത്തും. തിങ്കളാഴ്ച 61.53 ദശലക്ഷം യൂനിറ്റിന്റേതായി നീരൊഴുക്ക് ശക്തിപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തെ ഏറ്റവും വലിയ സംഭരണിയായ ഇടുക്കിയിലും രണ്ടാമത്തെ വലിയ പദ്ധതിയായ ശബരിഗിരിയിലും 15 ശതമാനം വീതം വെള്ളമേയുള്ളൂ. മറ്റ് വലിയ അണക്കെട്ടുകളായ ഷോളയാർ 40 ശതമാനം, ഇടമലയാറിൽ 20, കുണ്ടള 35, മാട്ടുപ്പെട്ടി 36 എന്നിങ്ങനെയാണ് ജലനിരപ്പ്.
ഇവയിലെല്ലാം കൂടി 3696.41 ദശലക്ഷം യൂനിറ്റിന്റെ സംഭരണ ശേഷിയുള്ളതിൽ 17 ശതമാനം വെള്ളമേ ഉള്ളൂ. ഇടത്തരം അണക്കെട്ടുകളായ കുറ്റ്യാടി 41, താരിയോട് 9, ആനയിറങ്കൽ 11, പൊന്മുടി 16 എന്നിങ്ങനെയാണ് ജലനിരപ്പ്. ചെറിയ സംഭരണികളായ നേരിയമംഗലം 66, പെരിങ്ങൽ 32, ലോവർപെരിയാർ 55 എന്നിവയുടെ ജലനിരപ്പ് മെച്ചപ്പെടുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.