തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളിൽ കനത്ത മഴ തുടരുന്നു. തെക്കൻ ജില്ലകളിലും മലയോര മേഖലയിലും തിമിർത്തുപെയ്ത മഴയിൽ നദികൾ കരകവിഞ്ഞു. പലയിടങ്ങളിലും ഉരുൾപൊട്ടലുണ്ടായിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട ജില്ലകളിലായി രണ്ടുപേർ മരിച്ചു.നീരൊഴുക്ക് ശക്തമായതോടെ വിവിധ ഡാമുകളുടെ ഷട്ടറുകൾ തുറന്നു. വന്യജീവി ഡിവിഷനുകളിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചു.
പത്തനംതിട്ട വെച്ചൂച്ചിറ കൊല്ലമുള പലകക്കാവില്‍ ഒഴുക്കില്‍പെട്ട് കൊല്ലമുള സ്വദേശി പൊക്കണാമറ്റത്തില്‍ അദ്വൈതാണ് (22) മരിച്ചത്. സന്ധ്യയോടെ മലവെള്ളപ്പാച്ചിലില്‍ വെള്ളം കയറിയ തോട് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം. ഒപ്പമുണ്ടായിരുന്ന സാമുവല്‍ എന്ന യുവാവ് നീന്തിക്കയറി. വെച്ചൂച്ചിറ പൊലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
കൊല്ലം പുനലൂർ അച്ചൻകോവിൽ കുംഭാവുരുട്ടിയിൽ കുളിക്കാനെത്തിയ തമിഴ്നാട് മധുര സ്വദേശി കുമരൻ (50) ആണ് മലവെള്ളപ്പാച്ചിലിൽ മരിച്ചത്. രണ്ടുപേർക്ക് ഗുരുതര പരിക്കേറ്റു. അഞ്ചുപേരെ രക്ഷപ്പെടുത്തി. ഞായറാഴ്ച വൈകീട്ട് മൂന്നരയോടെയാണ് അപകടം. ഈറോഡ് സ്വദേശി കിഷോറിനെയാണ് (27) ഗുരുതരാവസ്ഥയിൽ പുനലൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിക്കേറ്റ് തിരുനെൽവേലി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച മറ്റൊരാളെ തിരിച്ചറിഞ്ഞിട്ടില്ല. സ്ത്രീകളും കുട്ടികളും അടക്കം നിരവധി ആളുകൾ ജലപാതത്തിൽ കുളിക്കുമ്പോഴാണ് മുകളിൽനിന്ന് വൻതോതിൽ വെള്ളം താഴേക്ക് പതിച്ചത്. ജലപാതത്തിന് നേരെ താഴെ ഉണ്ടായിരുന്നവരാണ് അപകടത്തിലായത്.
ഇടുക്കി ജില്ലയിൽ വീണ്ടും മഴ ശക്തിപ്പെട്ടു. മൂലമറ്റത്ത് ഉരുൾപൊട്ടി. കുളമാവിൽ മണ്ണിടിഞ്ഞു. ആളപായമില്ല. മൂലമറ്റം കണ്ണിക്കൽ മലയിൽ ഉരുൾപൊട്ടി മണപ്പാടി, കച്ചിറമറ്റം പാലങ്ങൾ വെള്ളത്തിനടിയിലായി. പമ്പാനദിയിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. കുരുമ്പൻമൂഴി കോസ്വേ വീണ്ടും മുങ്ങി. എന്നാൽ, ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വിലയിരുത്തൽ.
കോട്ടയം മീനച്ചിൽ താലൂക്കിൽ മൂന്നിലവ് ചക്കിക്കാവിൽ മലവെള്ളപാച്ചിലിൽ റോഡ് തകർന്ന് കുടുങ്ങിയ വിനോദ സഞ്ചാരിയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ഇല്ലിക്കൽ കല്ല് സന്ദർശിക്കാനെത്തിയ പതിനഞ്ചിലധികം പേരെ രക്ഷപ്പെടുത്തി മേച്ചിൽ സി.എസ്.ഐ പള്ളിയിലേക്ക് മാറ്റി. മൂന്നിലവ് ഗ്രാമപഞ്ചായത്ത് ഓഫീസിൽ വെള്ളം കയറി. മീനച്ചിൽ, മണിമല നദികളിൽ ജലനിരപ്പ് ഉയരുന്നു. മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്ക് പരിധിയിലെ ഗ്രാമപഞ്ചായത്തുകളിൽ ജാഗ്രത പുലർത്താൻ ജില്ല കലക്ടർ വിവിധ വകുപ്പുകൾക്ക് നിർദ്ദേശം നൽകി.
തിരുവനന്തപുരം പൊന്മുടി, കല്ലാർ, മങ്കയം, ഇക്കോ ടൂറിസം കേന്ദ്രങ്ങളിലേക്ക് യാത്രവിലക്ക് ഏർപ്പെടുത്തി. നദികൾ കരകവിഞ്ഞൊഴുകുകയാണ്. കല്ലാർ മീൻമുട്ടിയിൽ കുടുങ്ങിയ സഞ്ചാരികളെ നാട്ടുകാരും പൊലീസും അഗ്നിരക്ഷാസേനയും ചേർന്ന് രക്ഷപ്പെടുത്തി. വന്യജീവി ഡിവിഷനിലെ നെയ്യാർ, കോട്ടൂർ, പേപ്പാറ ഇക്കോ ടൂറിസം കേന്ദ്രങ്ങളും അടച്ചതായി അധികൃതർ അറിയിച്ചു.
തിരുവനന്തപുരം: മഴ കനക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ അതിജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസ്, അഗ്നിരക്ഷാ സേന, മറ്റ് സർക്കാർ സംവിധാനങ്ങൾ എന്നിവ ജാഗരൂകരായിരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ ഒരു കാരണവശാലും കടലിൽ പോകരുത്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽനിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കാൻ നിർദേശം നൽകി. ആവശ്യമെങ്കിൽ ക്യാമ്പുകളിലേക്ക് മാറ്റണം. ക്യാമ്പുകളിൽ സൗകര്യങ്ങൾ ഉറപ്പാക്കും. നദികൾ, ജലാശയങ്ങൾ, തോടുകൾ തുടങ്ങിയ സ്ഥലങ്ങളിൽ കുളിക്കാനോ അലക്കാനോ മൃഗങ്ങളെ കുളിപ്പിക്കാനോ ഇറങ്ങരുത്. രാത്രി യാത്രകൾ പരമാവധി ഒഴിവാക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
കനത്ത മഴയെത്തുടർന്ന് മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധിയായിരിക്കുമെന്ന് ജില്ല കലക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു.
നെടുമങ്ങാട് താലൂക്കിലെ അംഗൻവാടികൾ, സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്ക്കൂളുകൾക്ക് ജില്ല കലക്ടർ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു.
സംസ്ഥാനത്ത് അതിതീവ്രമഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ മഞ്ഞ അലർട്ടും ബാധകമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.