തൊടുപുഴ: കനത്ത മഴയിലും മണ്ണിടിച്ചിലിലും മൂന്നാർ, മറയൂർ, മാങ്കുളം പ്രദേശങ്ങൾ ഒറ് റപ്പെട്ട ഇടുക്കി ജില്ലയിൽ വെള്ളിയാഴ്ച കൂടി റെഡ് അലർട്ട്. കനത്ത മഴ തുടരുമെന്ന കാല ാവസ്ഥ പ്രവചനം കണക്കിലെടുത്താണിത്. പഴയമൂന്നാർ വെള്ളത്തിലായതോടെ ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചതാണ് മൂന്നാറിനെ ഒറ്റപ്പെടുത്തിയത്. അഞ്ചു ദിവസമായി പെയ്യുന്ന മഴ യിൽ കന്നിമലയാറും മാട്ടുപ്പെട്ടിയാറും മുതിരപ്പുഴയും കരകവിഞ്ഞാണ് മൂന്നാറിൽ വെള് ളം പൊങ്ങിയത്. കൊച്ചി-ധനുഷ്കോടി ദേശീയപാത, മൂന്നാര്‍-ഉദുമൽപേട്ട അന്തര്‍ സ്ഥാനപാത എന്നിവിടങ്ങളിലൂടെയുള്ള ഗതാഗതവും പൂർണമായും നിലച്ചു.
ചെറുതോണിക്ക് സമീപം കീരിത്തോട്ടിൽ കഴിഞ്ഞ വർഷം ഉരുൾപൊട്ടൽ നടന്ന സ്ഥലത്ത് ചെറുതും വലുതുമായ അഞ്ച് ഉരുൾപൊട്ടലാണ് ഉണ്ടായത്. ഇവിടെ അഞ്ചോളം കുടുംബങ്ങൾ ഒറ്റപ്പെട്ട നിലയിലാണ്. മണ്ണിടിഞ്ഞും ഉരുൾപൊട്ടിയും മാങ്കുളം തീർത്തും ഒറ്റപ്പെട്ട നിലയിലാണ്. ആറംമൈൽ തൂക്കുപാലവും ആനക്കുളത്തേക്കുള്ള പഴയ പാലവും ഒലിച്ചുപോയി.
ആദിവാസി കോളനികളും ഒറ്റപ്പെട്ടു. വാഹനസൗകര്യം നിലച്ചതോടെ ഉദ്യോഗസ്ഥർക്കടക്കം ഇവിടേക്ക് എത്താൻ കഴിയുന്നില്ല. പെരിയവരൈ പാലം ഒലിച്ചുപോയതോടെ മറയൂരടക്കമുള്ള പ്രദേശങ്ങളിലേക്കും എത്തിച്ചേരാനാവുന്നില്ല. കഴിഞ്ഞ പ്രളയത്തിൽ പാലം തകർന്നതിനെ തുടർന്ന് താൽക്കാലികമായി നിർമിച്ച പാലമാണ് ഒഴുകിപ്പോയത്.
പള്ളിവാസലിനു സമീപത്തെ ആറ്റുകാട് പാലം കനത്ത മഴയിൽ തകര്‍ന്നതോടെ ആറ്റുകാട് എസ്റ്റേറ്റും ഒറ്റപ്പെട്ട നിലയിലാണ്. ഇടമലക്കുടിയടക്കമുള്ള ആദിവാസി കോളനികളും ഒറ്റപ്പെട്ട നിലയിലാണ്. പുഴകളിൽ ജലനിരപ്പ് ഉയർന്നത് ഇവിടങ്ങളെ ഒറ്റപ്പെടുത്തി.
ഇക്കാ നഗറിൽ തോടിനു സമീപം പാർക്കു ചെയ്തിരുന്ന രണ്ടു വാഹനങ്ങൾ ഒഴുക്കിൽ പെട്ടു . മൂന്നാർ - നല്ലതണ്ണി, മൂന്നാർ - നടയാർ റോഡിലും മണ്ണിടിഞ്ഞു വീണിട്ടുണ്ട്. പലയിടത്തും മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നുണ്ട്. ദേവികുളം സബ് കളക്ടറുടെ നേതൃത്വത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു വരുന്നു. കഴിഞ്ഞ ഒരു ദിവസം കൊണ്ട് മൂന്നാറിൽ 21.14 സെൻറീ മീറ്റർ മഴയാണ് പെയ്തത്.
സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തര യോഗം വിളിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.