'ടൗട്ടെ' വരുന്നു; കേരളത്തിൽ ശക്​തമായ മഴക്ക്​ സാധ്യത

തിരുവനന്തപുരം: തെക്കു കിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ശക്തി പ്രാപിച്ച് അതിതീവ്രന്യൂനമർദമായി മാറി. ശനിയാഴ്ച പുലർച്ചയോടെ കർണാടക തീരത്തു​െവച്ച്​ 'ടൗട്ടെ' ചുഴലിക്കാറ്റായി മാറുമെന്നും അതിന​ുശേഷമുള്ള മണിക്കൂറുകളിൽ തീവ്രത വർധിക്കുമെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. വടക്ക്, വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന ടൗട്ടെ 18ന് ഗുജറാത്ത്, ദിയു തീരത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ചുഴലിക്കാറ്റിന്‍റെ സഞ്ചാരപഥത്തിൽ നിലവിൽ കേരളം ഉൾപ്പെടുന്നില്ലെങ്കിലും ഇത്​ കേരള തീരത്തോട് വളരെ അടുത്തുനിൽക്കുന്നതിനാൽ 16 വരെ സംസ്ഥാനത്ത് അതിതീവ്രമോ അതിശക്തമോ ആയ മഴക്കും ശക്തമായ കാറ്റിനും കടൽക്ഷോഭത്തിനും സാധ്യതയുണ്ട്​.

ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്​ ജില്ലകളിൽ റെഡ് അലർട്ടുണ്ട്​. അഞ്ച് ജില്ലകളിലും അതിതീവ്രമഴയാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം പ്രവചിക്കുന്നത്. 24 മണിക്കൂറിൽ 204 മില്ലി മീറ്ററിന് മുകളിൽ മഴ ലഭിക്കു​ന്നതാണ്​ അതിതീവ്ര മഴ.  കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്​. 115.6 മി.മീറ്റർ മുതൽ 204.4 മി.മീറ്റർ വരെ മഴ ഉണ്ടാകുമെന്നാണ്​ കരുതുന്നത്​. തിരുവനന്തപുരം, പാലക്കാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്.

ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് മത്സ്യബന്ധനത്തിന് ഏര്‍പ്പെടുത്തിയ നിരോധനം മറിച്ചൊരു അറിയിപ്പുണ്ടാകുന്നതുവരെ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും നിരോധിച്ചു. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ള പ്രദേശങ്ങളിൽനിന്ന് അധികൃതരുടെ നിർദേശാനുസരണം ജനങ്ങൾ മാറി താമസിക്കണം. മത്സ്യബന്ധനയാനങ്ങൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം.

നേരിടാൻ കേരളം സജ്ജം -മുഖ്യമന്ത്രി

ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് ഏത് അടിയന്തരഘട്ടത്തെയും നേരിടാൻ സംസ്ഥാനം സജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കൊല്ലം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലെ ദേശീയ ദുരന്ത നിവാരണ സേനയുടെ ഒമ്പത് സംഘങ്ങളെ മുന്‍കരുതലായി വിന്യസിച്ചു.

കരസേനയുടെ ഒരു ടീമിനെ കാസർകോട്ടും രണ്ട് ടീമുകളെ കണ്ണൂരും വിന്യസിച്ചിട്ടുണ്ട്. കരസേനയുടെ രണ്ട് സംഘങ്ങള്‍ തിരുവനന്തപുരത്ത് സജ്ജമാണ്. എൻജിനീയറിങ് ടാസ്ക് ഫോഴ്സ് ബംഗളുരൂവില്‍ തയാറായി നില്‍ക്കുന്നുണ്ട്. വ്യോമസേനയുടെ രണ്ട് ഹെലികോപ്ടറുകളും ഒരുക്കി നിര്‍ത്തിയിരിക്കുന്നു. ജില്ല ദുരന്ത നിവാരണ അതോറിറ്റികളുടെ കണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്. 1077 എന്ന ടോള്‍ഫ്രീ നമ്പറില്‍ ഇ.ഒ.സിയുമായി ബന്ധപ്പെടാമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Tags:    
News Summary - heavy rain warning in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.