കനത്ത മഴ: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136ലേക്ക്

കുമളി: കനത്ത മഴയെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136ലേക്ക് ഉയരുന്നു. വ്യാഴാഴ്ച വൈകീട്ടത്തെ കണക്കനുസരിച്ച് അണക്കെട്ടിലെ ജലനിരപ്പ് 135.40 അടിയാണ്. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് സെക്കൻഡിൽ 4118 ഘന അടിയിൽനിന്ന്​ 5800 ഘനയടിയായി വർധിച്ചു. തമിഴ്നാട്ടിലേക്ക് 1000 ഘനയടി ജലം മാത്രമാണ് കൊണ്ടുപോകുന്നത്.

മഴ ശക്തമായതും തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുന്ന ജലത്തിന്‍റെ അളവ് കുറച്ചതുമാണ് ജലനിരപ്പ് അതിവേഗം ഉയരാൻ ഇടയാക്കിയത്. മുല്ലപ്പെരിയാർ ജലം എത്തിക്കുന്ന തമിഴ്നാട്ടിലെ തേനി ജില്ലയിലും വ്യാപകമായി മഴ പെയ്യുന്നുണ്ട്. ജില്ലയിലെ പെരിയകുളത്ത് 67.6, സോത്തുപ്പാറയിൽ 47, വീരപാണ്ടി 46, ബോഡി നായ്ക്കന്നൂരിൽ 47 മില്ലിമീറ്ററും മഴയാണ്​ പെയ്തത്. തേനി ജില്ലയിലെ മഴയെ തുടർന്ന് നിറഞ്ഞ വൈഗ അണക്കെട്ടിൽനിന്ന്​ മധുരക്ക്​ ജലം തുറന്നുവിട്ടിരിക്കുകയാണ്. 71 അടി ശേഷിയുള്ള വൈഗയിൽ 67.65 അടി ജലമാണ് ഇപ്പോഴുള്ളത്. ഇവിടേക്ക്​ സെക്കൻഡിൽ 2477 ഘനയടി ജലം ഒഴുകിയെത്തുമ്പോൾ 2099 ഘനയടിയാണ് മധുരയിലേക്ക് ഒഴുകുന്നത്.

മുല്ലപ്പെരിയാറിൽ 142 അടിയാണ് സംഭരണ തോത്. അണക്കെട്ടിന്‍റെ വൃഷ്ടിപ്രദേശമായ പെരിയാർ വനമേഖലയിൽ 30.4ഉം തേക്കടിയിൽ 38.4 മില്ലിമീറ്റർ മഴയുമാണ് കഴിഞ്ഞ ദിവസം പെയ്തത്. അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നതോടെ തേക്കടി തടാക തീരങ്ങൾ വെള്ളത്തിനടിയിലായിട്ടുണ്ട്.

Tags:    
News Summary - Heavy rains: Mullaperiyar dam water level to 136

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.