തിരുവല്ല: മണിമലയാറ്റിലൂടെ കിലോമീറ്ററുകൾ ഒഴുകിയെത്തിയ വയോധികയെ യുവാവ് രക്ഷപ്പെടുത്തി. മണിമല തൊട്ടിയിൽ ഓമനയാണ് (68) ആറ്റിലൂടെ ഒഴുകിയത്. വ്യാഴാഴ്ച രാവിലെ പത്തിന് കുറ്റൂരിലെ തോണ്ടറ കടവിന് സമീപത്തുനിന്നാണ് സമീപവാസിയായ റെജി വർഗീസ് വള്ളത്തിലെത്തി ഇവരെ രക്ഷപ്പെടുത്തിയത്. കുറ്റൂർ റെയിൽവേ പാലത്തിന് സമീപത്തെ കടവിലൂടെ ഒഴുകിപ്പോകുന്ന ഓമനയെക്കണ്ട ചിലർ ആറ്റുതീരത്ത് താമസിക്കുന്ന റെജിയെ വിളിച്ചറിയിക്കുകയായിരുന്നു.
സ്വന്തമായി വള്ളമുള്ള റെജി ആറ്റിൽ കാത്തുനിന്ന് ഇവരെ കരക്കടുപ്പിച്ചു. പിന്നീട് പൊലീസെത്തി താലൂക്ക് ആശുപത്രിയിലെത്തിച്ച് മകൻ രാജേഷിനെ വിവരം അറിയിക്കുകയും ചെയ്തു. ബുധനാഴ്ച രാത്രിമുതൽ വൃദ്ധയെ വീട്ടിൽനിന്ന് കാണാതായിരുന്നെന്നും ബന്ധുക്കൾ മണിമല പൊലീസിൽ പരാതി നൽകിയിരുന്നതായും തിരുവല്ല പൊലീസ് പറഞ്ഞു.
വിദഗ്ധപരിശോധനക്ക് ഓമനയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. മണിമലയിൽനിന്നാണ് ഇവർ ഒഴുക്കിൽപെട്ടതെങ്കിൽ 30 കിലോമീറ്റർ സഞ്ചരിച്ചതായും തടിക്കഷ്ണം ആയിരിക്കും ഇവർക്ക് രക്ഷയായതെന്നും കരുതുന്നു. എന്നാൽ, വയോധിക കൂടുതൽ കാര്യങ്ങൾ സംസാരിക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.