കണ്ണൂർ: പാലക്കാട് പനയമ്പാടത്ത് സിമന്റ് ലോറി ഇടിച്ചുകയറി നാലു സ്‌കൂള്‍ വിദ്യാർഥികള്‍ മരിച്ച ദാരുണ സംഭവത്തില്‍ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം. പി അനുശോചിച്ചു. നാടിനെ നടുക്കിയ ദുരന്തമാണിത്. ആലപ്പുഴ കളര്‍കോട് ആറു മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ മരണത്തിന്റെ വേദന മാറും മുമ്പെയാണ് മറ്റൊരു റോഡ് അപകടത്തില്‍ നാലു കുഞ്ഞുകളുടെ ജീവന്‍ നഷ്ടപ്പെട്ടത്. കുട്ടികളുടെ ജീവനെടുത്ത സ്ഥലത്തെ റോഡില്‍ അപകടങ്ങള്‍ പതിവാണ്. ഇക്കാര്യം പലപ്പോഴായി നാട്ടുകാര്‍ അധികാരികളോട് ചൂണ്ടിക്കാട്ടിയതുമാണ്. ഉത്തരവാദിത്തപ്പെട്ടവര്‍ യഥാസമയം നടപടിയെടുത്തിരുന്നെങ്കില്‍ നാലു കുഞ്ഞുങ്ങളുടെ ജീവന്‍ നഷ്ടപ്പെടില്ലായിരുന്നുവെന്നും അദ്ദേഹം അനുശോചനക്കുറിപ്പിൽ പറഞ്ഞു.
അധികാരികളുടെ അവഗണനയും നിസംഗതയുമാണ് കുട്ടികളുടെ ജീവനെടുത്തത്. ഈ റോഡിൽ ഇതുവരെ 55 അപടകങ്ങളിലായി 7 മരണങ്ങള്‍ സംഭവിച്ചതായിട്ടാണ് വിവരം. ദേശീയപാത നിര്‍മ്മാണത്തിലെ അശാസ്ത്രീയതും അപകടങ്ങള്‍ക്ക് കാരണമാണ്. ഇവിടെത്തെ അപകട സാധ്യതയ്ക്ക് പരിഹാരം കാണാത്ത ദേശീയപാത അതോറിറ്റി, സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറാവാതിരുന്ന ഗതാഗത-മോട്ടോര്‍ വകുപ്പ് എന്നിവർ പ്രതിസ്ഥാനത്താണ്. ഇതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം. ദേശീയപാതാ നിര്‍മ്മാണം നടക്കുന്ന സംസ്ഥാനത്തെ വിവിധയിടങ്ങളിലും സമാനമായ പ്രശ്‌നങ്ങളുണ്ടെന്നും അത് പരിഹരിക്കാന്‍ ബന്ധപ്പെട്ടവര്‍ എത്രയും വേഗം തയ്യാറാകണമെന്നും കെ.സുധാകരന്‍ ആവശ്യപ്പെട്ടു.
ഇന്ന് വൈകീട്ട് നാല് മണിയോടെയാണ് പാലക്കാട് പനയമ്പാടത്ത് ലോറി പാഞ്ഞുകയറി നാലു വിദ്യാർഥിനികൾ ദാരുണമായി കൊല്ലപ്പെട്ടത്. ചെറുള്ളി അബ്ദുൽ സലാമിന്റെ മകൾ ഇർഫാന ഷെറിൻ, അബ്ദുൽ റഫീഖിന്റെ മകൾ റിത ഫാത്തിമ, സലാമിന്റെ മകൾ നിതാ ഫാത്തിമ, ഷറഫുദ്ദീന്റെ മകൾ എ.എസ്.ആയിഷ എന്നിവരാണ് മരിച്ചത്. നാലുപേരും സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. സ്കൂൾവിട്ട് വരികയായിരുന്ന കുട്ടികൾക്ക് നേരെയാണ് ലോറി പാഞ്ഞുകയറിയത്. കരിമ്പ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്നു വിദ്യാർഥികൾ.
അപകടം നടന്നയുടനെ തന്നെ നാട്ടുകാർ ഉൾപ്പെടെ ചേർന്നാണ് വിദ്യാർത്ഥികളെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി വിദ്യാർഥിനികളുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകാൻ പാലക്കാട് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.