ശരത്ത്

ഇവിടെയുണ്ട്, വേദനക്കിടക്കയിലൊരു ജീവൻ

കൽപറ്റ: കോളനിയിലെ ഇടുങ്ങിയ മുറിയിൽ പലകക്കട്ടിലിൽ കിടക്കുന്ന പതിനാറുകാരനായ ശരത്തിന് ഒന്ന് തിരിഞ്ഞുകിടക്കണമെങ്കിൽ പരസഹായം വേണം. വേദനക്കിടക്കയിലുള്ള പുൽപള്ളി പാക്കം കാരേരി കാട്ടുനായ്ക്ക കോളനിയിലെ വിജയന്റെ മകൻ ശരത്തിന് ജനുവരി 28 ഒരു കറുത്ത ഞായറാണ് സമ്മാനിച്ചത്. കോളനിയിലെ അഞ്ചുപേർക്കൊപ്പം വീട്ടിലേക്ക് നടന്നുവരുകയായിരുന്നു അവൻ. ​അപ്പോഴാണ് സുഹൃത്ത് മനുവി​നൊപ്പം മുന്നിൽ നടന്ന ശരത്തിനെ തോട്ടത്തിലുണ്ടായിരുന്ന കാട്ടാന പെട്ടെന്ന് ആക്രമിച്ചത്. തുമ്പിക്കൈയിൽ ചുറ്റിമുറുക്കിയ ആന ശരത്തി​നെ വലിച്ചെറിഞ്ഞു.

എന്നിട്ടും കലി തീരാതെ പാഞ്ഞടുത്ത ആന വീണുകിടക്കുന്ന ശരത്താണെന് കരുതി സമീപം കിടന്ന മരമുട്ടി കാലുകൾകൊണ്ട് തട്ടിക്കൊണ്ടുപോകുകയായിരുന്നു. ഈ സമയം കൂടെ ഉണ്ടായിരുന്നവർ ശരത്തിനെയുമെടുത്ത് ഓടി രക്ഷപ്പെട്ടു. ഇരുഭാഗത്തെയും ഇടുപ്പെല്ലിന് ഗുരുതര പരിക്കേറ്റ ശരത്തിനെ വയനാട് മെഡിക്കൽ കോളജിൽ എത്തിക്കുകയും അവിടെനിന്ന് അന്നുതന്നെ കോഴി​ക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. അവിടെ ചികിത്സയിലായിരുന്ന ശരത്ത് മൂന്നുദിവസം മുമ്പാണ് കോളനിയിൽ തിരിച്ചെത്തിയത്.

കിടന്ന കിടപ്പിൽ പരസഹായമില്ലാതെ ഒന്നുംചെയ്യാൻ വയ്യ. കഠിനമായ വേദന. ഭക്ഷണം കഴിച്ചാൽ ഓക്കാനിക്കുന്ന അവസ്ഥ. പുൽപള്ളി വിജയ ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസിലാണ് ശരത്ത് പഠിക്കുന്നത്. അവന് പരിക്കുപറ്റിയ ശേഷം പിതാവ് വിജയനും മാതാവ് കമലാക്ഷിയും പണിക്ക് പോയിട്ടില്ല. അവന് പോഷകാഹാരം പോലും നൽകാൻ കഴിയാതെ നിത്യവൃത്തിക്കുപോലും പ്രയാസപ്പെടുകയാണ് കുടുംബം.

വനംവകുപ്പ് നൽകിയ 10,000 രൂപയും സ്കൂളിൽ നിന്ന് പിരിച്ചുനൽകിയ 10,000 രൂപയുമാണ് ഏക ആശ്വാസമായത്. പത്തു സെന്റ് സ്ഥലത്ത് അഞ്ചു കോളനികളുണ്ട്. ഇതിൽ ശരത്തിന്റെ, സൗകര്യങ്ങൾ കുറഞ്ഞ വീട്ടിൽതന്നെ കുട്ടികളടക്കം പത്തുപേർ. ആരോഗ്യപ്രശ്നമുള്ള മകന് ഭാവിയിൽ എന്തെങ്കിലും സർക്കാർ ജോലി കിട്ടിയാൽ മതിയെന്ന പ്രതീക്ഷയിലാണ് കുടുംബം.

Tags:    
News Summary - Here it is a life on a bed of pain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.