കെ റയിൽ പദ്ധതി സർക്കാരിന്റെ സ്വപ്നമായി അവശേഷിക്കുമെന്ന് ഹൈബി ഈഡൻ

കൊച്ചി: കെ റയിൽ പദ്ധതി സർക്കാരിന്റെ സ്വപ്നം മാത്രമായി അവശേഷിക്കുമെന്ന് ഹൈബി ഈഡൻ എം.പി. സംസ്ഥാന കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി സംഘടിപ്പിച്ച റെയിൽവേ അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കെ റെയിൽ തയാറാക്കിയ സിൽവർലൈൻ പദ്ധതി സാമ്പത്തികമായും സാമൂഹ്യമായും വയബിൾ അല്ല എന്ന് പാർലമെന്റിൽ കേന്ദ്ര റെയിൽവേ മന്ത്രി തന്നെ അറിയിച്ചതാണ്. എന്നിട്ടും അതേ പദ്ധതി പുനരുജ്ജീവിപ്പിച്ചതിന് പിന്നിലെ പ്രത്യേക താൽപര്യം കമീഷനാണ് എന്ന് അദ്ദേഹം ആരോപിച്ചു. ഭാവി കേരളത്തിന്റെ വികസനത്തെ അട്ടിമറിക്കുന്ന പദ്ധതിയാണിത്.

സംസ്ഥാനത്തിന്റെ വികസനത്തിന് അടിയന്തരമായി നടപ്പിലാക്കേണ്ട നിരവധി പദ്ധതികൾ ഉണ്ടായിട്ടും അതൊന്നും പരിഗണിക്കാതെ സർക്കാർ സിൽവർലൈനിന് മാത്രം മുൻഗണന നൽകുന്നതിന് പിന്നിലെ താല്പര്യം കമീഷൻ മാത്രമാണ്. റയിൽവേ പദ്ധതിക്കായി വർഷങ്ങൾക്ക് മുമ്പ് കുടിയൊഴിപ്പിച്ച മൂലമ്പിള്ളിയിലെ ജനങ്ങളെ പുനരധിവസിപ്പിക്കാൻ സർക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല. വാഗ്ദാനങ്ങൾ നിരവധി ലഭിച്ചിട്ടും അവർക്ക് തെരുവായിരുന്നു ആശ്രയം.

വീണ്ടും ലക്ഷത്തിലേറെ മനുഷ്യരെ തെരുവിലിറക്കാൻ പദ്ധതിയൊരുക്കുകയാണ് സർക്കാർ. എറണാകുളം മുതൽ കായംകുളം വരെയുള്ള നിലവിലെ റെയിൽ പാതക്കായി ഏറ്റെടുക്കേണ്ട സ്ഥലം 30 വർഷമായി മരവിപ്പിച്ച് ക്രയവിക്രയങ്ങൾ നടത്താനാകാതെ ജനങ്ങൾ ബുദ്ധിമുട്ടിലായിട്ടും ഇത് നടപ്പിലാക്കാൻ സർക്കാർ മുന്നോട്ടുവന്നില്ല. ജനങ്ങളുടെ യാത്രാ സൗകര്യവും ബുദ്ധിമുട്ടുകളും പരിഗണിക്കുന്ന സർക്കാർ എന്തുകൊണ്ടാണ് ഇത്തരം പ്രവർത്തനങ്ങൾ നടത്താത്തത് എന്നും അദ്ദേഹം ചോദിച്ചു.

പദ്ധതിയുടെ സാമ്പത്തിക- സാമൂഹിക പ്രത്യാഘാതങ്ങളെ പറ്റി സമഗ്രമായി പഠിച്ചു മാത്രമേ മുന്നോട്ടുപോകൂ എന്ന് പാർലമെന്റിൽ കേന്ദ്ര ക്യാബിനറ്റ് മന്ത്രി തന്നെ പ്രഖ്യാപിച്ചതാണ്. യാതൊരു പഠനവും നടത്താതെ റെയിൽവേ ബോർഡ് ഈ നടപടികൾ സ്വീകരിക്കുമ്പോൾ കേന്ദ്രസർക്കാരിന് എത്രമാത്രം ആത്മാർഥതയാണ് ജനങ്ങളോടുള്ളത് എന്ന് അദ്ദേഹം ചോദിച്ചു.

സമിതി സംസ്ഥാന ചെയർമാൻ എം.പി ബാബുരാജ് അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ ജോസഫ് എം.പുതുശ്ശേരി, സമിതി ജനറൽ കൺവീനർ എസ്. രാജീവൻ, പ്രഫ. കുസുമം ജോസഫ്, കേരള കോൺഗ്രസ് ഉന്നത അധികാര സമിതി അംഗം വി.ജെ ലാലി, എസ്.യു.സി.ഐ (കമ്യൂണിസ്റ്റ്) ജില്ല സെക്രട്ടറി എൻ.ആർ മോഹൻകുമാർ, ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡൻറ് വി. പി ജോർജ്, വെൽഫെയർ പാർട്ടി നേതാവ് നാദിർഷ, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാജിത നൗഷാദ്, ഗ്രാമപഞ്ചായത്ത് മെമ്പർ കരിം എടത്തല, പൗരാവകാശ സംരക്ഷണ സമിതി സെക്രട്ടറി സാബു പരിയാരത്ത്, കേരള നദി സംരക്ഷണ സമിതി നേതാവ് ഏലൂർ ഗോപിനാഥ്, പെരിയാർ മലിനീകരണ വിരുദ്ധ സമിതി നേതാവ് ജബ്ബാർ മേത്തർ, യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ല സെക്രട്ടറി അരവിന്ദ് വെട്ടിക്കൽ, എസ്.ഡി.പി.ഐ നേതാവ് മുഹമ്മദ് ഷമീർ, സമിതി സംസ്ഥാന നേതാക്കളായ കെ. ശൈവപ്രസാദ്, എം.ടി തോമസ്, ചന്ദ്രാംഗദൻ കെ.പി, ടി.ടി ഇസ്മയിൽ, ബാബു കുട്ടൻചിറ, ശിവദാസ് മഠത്തിൽ, വിനു കുര്യാക്കോസ്, മൻസൂർ അലി, മുരുകേഷ് നടക്കൽ, സിന്ധു ജെയിംസ്, ഷൈല കെ ജോൺ, മിനി ഫിലിപ്പ്, ഗിരീശൻ മാസ്റ്റർ, പ്രഫ. ഫ്രാൻസിസ് കളത്തുങ്കൽ, റോസ്ലിൻ ഫിലിപ്പ്, രാമാനുജൻ തമ്പി, ശരണ്യ രാജ്, തുടങ്ങിയവർ സംസാരിച്ചു.

Tags:    
News Summary - Hibi Eden said that the K Rail project will remain a dream of the government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.