കൊച്ചി: കെ-റെയിൽ പദ്ധതിക്കായി ജനങ്ങളെ ഭയപ്പെടുത്തി കല്ലിടുന്നതെന്തിനെന്ന് ഹൈകോടതി. വിവരം ഭൂവുടമകളെ അറിയിച്ചിട്ടാണോ ഉദ്യോഗസ്ഥർ കല്ലിടാനെത്തുന്നത്. സാമൂഹികാഘാത പഠനത്തിനായി കല്ലിടേണ്ടതുണ്ടോയെന്നും മറ്റ് അടയാളങ്ങൾ പ്രായോഗികമല്ലേയെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വാക്കാൽ ആരാഞ്ഞു.

സാമൂഹികാഘാത പഠനം നടത്താൻ കല്ലിടുന്നത് ചോദ്യം ചെയ്ത് നൽകിയ ഒരുകൂട്ടം ഹരജികളാണ് പരിഗണിച്ചത്. ഹരജികൾ സുപ്രീംകോടതി പരിഗണിക്കുന്നുണ്ടെന്ന് സർക്കാർ അറിയിച്ചതിനെ തുടർന്ന് വിശദ വാദത്തിന് ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റി. സർവേ തടഞ്ഞ സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് സർക്കാർ നൽകിയ അപ്പീലിൽ ഡിവിഷൻ ബെഞ്ച് നേരത്തെ റദ്ദാക്കിയിരുന്നു. എന്നാൽ, നിയമപരമായി സർവേ നടത്തണമെന്ന സിംഗിൾ ബെഞ്ച് നിർദേശം ഡിവിഷൻ ബെഞ്ച് റദ്ദാക്കിയിട്ടില്ലെന്ന് കോടതി പറഞ്ഞു. എന്നിട്ടും കെ-റെയിൽ എന്ന് രേഖപ്പെടുത്തിയ കല്ലുകൾ സ്ഥാപിക്കുന്നത് ആരുടെ നിർദേശ പ്രകാരമാണെന്ന് വാക്കാൽ ആരാഞ്ഞു. ഇതിന് ഡിവിഷൻ ബെഞ്ച് അനുമതി നൽകിയിട്ടുണ്ടോ. കെ -റെയിൽ പദ്ധതിക്കോ സർവേക്കോ കോടതി എതിരല്ല. സർവേ നിയമപരമായി നടത്താനാണ് ആവശ്യപ്പെടുന്നത്. സർവേ നിയമ പ്രകാരം കല്ലുകൾ സ്ഥാപിക്കാം. എന്നാൽ, ഇതു നിയമപരമല്ലെന്ന് പൗരന്മാർക്ക് തോന്നിയാൽ കോടതിക്ക് ഇടപെടാതിരിക്കാനാവില്ല. സാമൂഹികാഘാത പഠനം നടത്താൻ വേണ്ടി കല്ലിടുന്നതിന്‍റെ സാമൂഹികാഘാതം ഇപ്പോൾ കാണുന്നുണ്ടല്ലോ. രാജ്യത്തും സംസ്ഥാനത്തുമായി നടപ്പാക്കുന്ന നിരവധി പദ്ധതികൾക്ക് ഇത്തരം പ്രശ്നങ്ങളില്ല. ഇതു പറയുമ്പോൾ രാഷ്ട്രീയമാണെന്ന് പറയും. എന്നാൽ, കോടതിക്ക് രാഷ്ട്രീയമില്ല. സർവേ നടത്തുന്നത് നിയമപ്രകാരവും ഭൂവുടമയെ വിശ്വാസത്തിലെടുത്തുമാകണം. ഇത്തരം കല്ലുതന്നെ സ്ഥാപിക്കണമെന്ന് വാശി പിടിക്കുന്നതെന്തിനാണെന്നും കോടതി ചോദിച്ചു. കെ - റെയിൽ എന്നു രേഖപ്പെടുത്തി കല്ലിടാൻ ഡയറക്ടർ ഉത്തരവ് നൽകിയിട്ടുണ്ടെന്ന് കക്ഷികൾ അറിയിച്ചതോടെ ഈ ഉത്തരവ് ഹാജരാക്കാനും നിർദേശിച്ചു.

Full View


Tags:    
News Summary - High Court against govt in K-rail case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.