കൊച്ചി: കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ മർദിച്ച കേസിലെ രണ്ട് പ്രതികളുടെ ജാമ്യം ഹൈകോടതി റദ്ദാക്കി. ജാമ്യം നൽകിയ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി ഉത്തരവ് ചോദ്യം ചെയ്ത് കാർഡിയോളജിസ്റ്റ് ഡോ. പി.കെ. അശോകൻ നൽകിയ ഹരജിയിലാണ് നാലും അഞ്ചും പ്രതികളായ സൽമാനുൾ ഫാരിസ്, ടി. മുഹമ്മദ് റഷീദ് എന്നിവരുടെ ജാമ്യം റദ്ദാക്കി ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഉത്തരവിട്ടത്. ഇരുപ്രതികളും ഉടൻ കീഴടങ്ങണമെന്നും എല്ലാ കക്ഷികളെയും കേട്ടശേഷം സെഷൻസ് കോടതി ജാമ്യഹരജിയിൽ നിയമപരമായി തീരുമാനമെടുക്കണമെന്നും ഉത്തരവിൽ പറയുന്നു.
പ്രസവത്തിനായി ഫാത്തിമ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന സൽമാനുൽ ഫാരിസിന്റെ ഭാര്യയെ ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു. മരിച്ച നിലയിലാണ് കുഞ്ഞിനെ പുറത്തെടുത്തതെന്നും ഇതേതുടർന്ന് സൽമാനും ബന്ധുക്കളും ഡോക്ടറെ ആക്രമിച്ചെന്നുമാണ് കേസ്. മാർച്ച് നാലിനാണ് സംഭവമുണ്ടായത്. പ്രതികളുടെ മുൻകൂർ ജാമ്യഹരജി മാർച്ച് 17ന് അഡീ. സെഷൻസ് കോടതി തള്ളിയതിനെ തുടർന്ന് മാർച്ച് 20ന് ഇവർ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ കീഴടങ്ങി. കോടതി അന്നുതന്നെ ജാമ്യം അനുവദിക്കുകയായിരുന്നു.
ആരോപണത്തിന്റെ ഗൗരവം പരിഗണിക്കാതെയാണ് ജാമ്യം നൽകിയതെന്നും മുൻകൂർ ജാമ്യം തള്ളിയത് കണക്കിലെടുത്തില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഡോ. അശോകൻ ഹൈകോടതിയെ സമീപിച്ചത്. കുഞ്ഞുമരിച്ച സംഭവത്തിൽ പിതാവിന്റെ വികാരപ്രകടനമായി സംഭവത്തെ കാണണമെന്ന് പ്രതിഭാഗം വാദിച്ചെങ്കിലും ആരോപണത്തിന്റെ ഗൗരവമോ കേസിന്റെ വസ്തുതകളോ പരിഗണിക്കാതെയാണ് ജാമ്യം നൽകിയതെന്ന് വിലയിരുത്തിയ കോടതി ജാമ്യം റദ്ദാക്കുകയായിരുന്നു.
ചെറിയ പ്രകോപനങ്ങളിൽ പോലും ആരോഗ്യപ്രവർത്തകർ ആക്രമിക്കപ്പെടുകയാണെന്നും രോഗിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഡോക്ടർമാർ ഭീഷണി നേരിടുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടി. ഇവർക്കു നേരെയുള്ള ആക്രമണം ഗൗരവമായി കാണുമെന്ന് കോടതികളുടെ ഉത്തരവുകളുണ്ടായിട്ടും ആക്രമണം തുടരുന്നു. കോടതികൾ ഇത്തരം സംഭവങ്ങളെ ലാഘവത്തോടെ കണ്ടാൽ ആക്രമണങ്ങൾ ആവർത്തിക്കപ്പെടും. ഡോക്ടറുടെ പേടിച്ചരണ്ട മനസ്സും സർജന്റെ വിറയാർന്ന കൈകളും രോഗികളെ സംബന്ധിച്ച് നല്ല ലക്ഷണമല്ലെന്നും സിംഗിൾബെഞ്ച് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.