കൊച്ചി: സി-ഡിറ്റ് ഡയറക്ടറുടെ യോഗ്യത പുനർനിർണയിച്ച് സർക്കാർ പുറപ്പെടുവിച്ച ഉത്തരവും ഇതനുസരിച്ച വിജ്ഞാപനവും നിയമനവും ചട്ടവിരുദ്ധമാണെന്ന് വിലയിരുത്തി ഹൈകോടതി റദ്ദാക്കി. മുൻ എം.പി ടി.എൻ. സീമയുടെ ഭർത്താവ് ജി. ജയരാജിന് ഇതോടെ ഡയറക്ടർ പദവി നഷ്ടമാകും. 2020 ഒക്ടോബർ 28ലെ ഉത്തരവ് ചോദ്യംചെയ്ത് സി-ഡിറ്റിലെ ഇ-ഗവേണൻസ് ഇംപ്ലിമെന്റേഷൻ ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ എം.ആർ. മോഹനചന്ദ്രൻ നൽകിയ ഹരജിയിൽ ജസ്റ്റിസ് രാജാ വിജയരാഘവനാണ് വിധി പുറപ്പെടുവിച്ചത്. വിദ്യാഭ്യാസ വിദഗ്ദ്ധൻ, പ്രഭാഷകൻ, ശാസ്ത്രപ്രവർത്തകൻ എന്നീ വിഭാഗങ്ങളിൽ നിന്നൊരാളെ ഡയറക്ടറായി നിയമിക്കണമെന്നാണ് ചട്ടം. ഇതിന് വിരുദ്ധമായി ജി. ജയരാജിനെ നിയമിച്ചെന്നായിരുന്നു ഹരജിയിലെ ആരോപണം. ഈ ഹരജി നിലനിൽക്കെ ജയരാജിന്റെ നിയമനം സർക്കാർ റദ്ദാക്കി.
ഇതിനുശേഷം ഡയറക്ടറുടെ യോഗ്യത പുനർനിർണയിച്ച് ഉത്തരവിറക്കി. വിരമിച്ച ജീവനക്കാരെയും ഡയറക്ടർ സ്ഥാനത്തേക്ക് പരിഗണിക്കാമെന്നതടക്കം വ്യവസ്ഥകളാണ് പുതുതായി ഉൾപ്പെടുത്തിയത്. തുടർന്ന് ഹരജിക്കാരൻ വീണ്ടും കോടതിയെ സമീപിച്ചു. സൊസൈറ്റിയായി രജിസ്റ്റർ ചെയ്ത സി-ഡിറ്റിലെ വ്യവസ്ഥകൾ ഭേദഗതി ചെയ്യാൻ നിർവാഹക സമിതിക്ക് മാത്രമാണ് അധികാരമെന്നും സർക്കാറിന് ഏകപക്ഷീയമായി വ്യവസ്ഥകൾ മാറ്റാൻ കഴിയില്ലെന്നും ഹരജിക്കാരൻ വാദിച്ചു. എന്നാൽ, യോഗ്യത നിശ്ചയിക്കാൻ നിർവാഹക സമിതിയുടെ അംഗീകാരം വേണ്ടെന്നായിരുന്നു സർക്കാറിന്റെ വാദം. സി-ഡിറ്റ് രജിസ്ട്രാർ നൽകിയ ശിപാർശയനുസരിച്ചാണ് യോഗ്യതയിൽ മാറ്റംവരുത്തിയതെന്നും ഡയറക്ടർ നിയമനത്തിന് മൂന്നംഗ സെർച് കമ്മിറ്റിയെ നിയോഗിച്ചിരുന്നുവെന്നും സർക്കാർ വിശദീകരിച്ചു.
സി-ഡിറ്റ് സർക്കാറിന്റെ നിയന്ത്രണത്തിലായതിനാൽ സൊസൈറ്റി ചട്ടത്തിലെ വ്യവസ്ഥകൾ ബാധകമല്ലെന്നും വാദിച്ചു. ഈ വാദം തള്ളിയ കോടതി, സി-ഡിറ്റിന്റെ പ്രവർത്തനത്തിൽ സർക്കാറിന് ഇടപെടാൻ പരിമിതിയുണ്ടെന്ന് വിലയിരുത്തി. നിർവാഹക സമിതിയുടെ തീരുമാനമില്ലാതെ യോഗ്യത പുനർനിർണയിക്കാനുള്ള സർക്കാർ നീക്കം സൊസൈറ്റിയുടെ പ്രവർത്തനത്തിലുള്ള ഇടപെടലാണെന്നും കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.