കൊച്ചി: പിടിച്ചെടുക്കുന്ന ലഹരി വസ്തുക്കൾ സമയബന്ധിതമായി പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ലാബുകളില്ലാത്തത് നാണക്കേടുണ്ടാക്കുന്നതായി ഹൈേകാടതി. മയക്കുമരുന്ന് കേസുകളുടെ അന്വേഷണവും വിചാരണയും വേണ്ടത്ര ലാബുകൾ ഇല്ലാത്ത കാരണത്താൽ വൈകുന്നത് ജുഡീഷ്യറിക്കാകെ നാണക്കേടാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി കേന്ദ്ര, സംസ്ഥാന സർക്കാറുകെള രൂക്ഷമായി വിമർശിച്ചു. ഒരു കിലോ ബ്രൗൺഷുഗറുമായി ജനുവരി 15ന് പിടിയിലായ റയീസ് മുഹമ്മദ് എന്നയാൾ നൽകിയ ജാമ്യ ഹരജിയിലാണ് സിംഗിൾബെഞ്ചിെൻറ വിമർശനം.
ആറു മാസത്തിലേറെയായി കസ്റ്റഡിയിൽ കഴിയുന്ന പ്രതിക്ക് ജാമ്യം നൽകുന്നതിനെ പൊലീസ് എതിർത്തു. ഇയാളിൽനിന്ന് പിടികൂടിയ ലഹരി വസ്തു പരിശോധനക്ക് ലാബിലേക്ക് അയച്ചിട്ടുണ്ടെന്നും റിപ്പോർട്ട് കിട്ടിയില്ലെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. തുടർന്ന് റിപ്പോർട്ട് ലഭ്യമാക്കാൻ നിർദേശിച്ച് ഹരജി ജൂൺ 26 ലേക്ക് മാറ്റി.
എന്നാൽ, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തെ തുടർന്ന് റിപ്പോർട്ട് വേഗം ലഭ്യമാക്കാനാവില്ലെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. തുടർന്നാണ് മയക്കു മരുന്ന് കേസുകളിൽ പലപ്പോഴും പരിശോധന ഫലം വളരെ വൈകുന്നതായി ചൂണ്ടിക്കാട്ടി കോടതി വിമർശനമുന്നയിച്ചത്. പല കേസുകളിലും മാസങ്ങൾ ഏറെ കഴിഞ്ഞ് പിടികൂടിയത് ലഹരി മരുന്നല്ലെന്ന റിപ്പോർട്ട് വരും. അപ്പോഴും പ്രതികൾ കസ്റ്റഡിയിലായിരിക്കും. ഇൗ സ്ഥിതി തുടരാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
പുതിയതരം ലഹരി മരുന്നുകൾ പരിശോധിക്കാൻ അത്യാധുനിക ഉപകരണങ്ങളും ജീവനക്കാരും ഇല്ലാത്തത് മയക്കുമരുന്ന് കേസുകളിലെ നടപടികളെ പ്രതികൂലമായി ബാധിക്കുന്നതായി കോടതി ചൂണ്ടിക്കാട്ടി. ലാബുകൾ നവീകരിക്കണമെന്നും മതിയായ ജീവനക്കാരുണ്ടാകണമെന്നും സുപ്രീം കോടതി അഞ്ച് കൊല്ലം മുമ്പ് പറഞ്ഞതാണ്. എന്നാൽ, ഒരു മാറ്റവുമുണ്ടായില്ല. ദക്ഷിണേന്ത്യയിൽ ഒരു സെൻട്രൽ ഫോറൻസിക് സയൻറിഫിക് ലാബ് പോലുമില്ല. ഇതെല്ലാം അന്വേഷണത്തെ ബാധിക്കുന്ന ഘടകങ്ങളാണ്-കോടതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.