ഹൈകോടതി വിധി; ഗവര്‍ണറുടെ രാഷ്‌ട്രീയക്കളിക്കേറ്റ തിരിച്ചടിയാണെന്ന്‌ എം.വി. ഗോവിന്ദന്‍

തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ ഗവര്‍ണര്‍ നോമിനേറ്റ്‌ ചെയ്‌ത വിദ്യാര്‍ഥി പ്രതിനിധികളെ അയോഗ്യരാക്കിയ ഹൈകോടതി നടപടി ഗവര്‍ണറുടെ രാഷ്‌ട്രീയക്കളിക്കേറ്റ തിരിച്ചടിയാണെന്ന്‌ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പ്രസ്‌താവനയില്‍ പറഞ്ഞു.

കേരള സര്‍വകലാശാലയില്‍ എല്ലാ മാനദണ്ഡങ്ങളേയും കാറ്റില്‍പ്പറത്തിക്കൊണ്ട്‌ സംഘപരിവാര്‍ അനുകൂല വിദ്യാര്‍ഥികളെ നോമിനേറ്റ്‌ ചെയ്‌ത ഗവര്‍ണറുടെ നടപടിയാണ്‌ ഹൈകോടതി റദ്ദാക്കിയിരിക്കുന്നത്‌. ഈ മേഖലയില്‍ മികവുറ്റ വിദ്യാര്‍ഥികളുടെ പാനല്‍ സര്‍ക്കാര്‍ സമര്‍പ്പിച്ചിരുന്നുവെങ്കിലും എല്ലാ കീഴ്‌വഴക്കങ്ങളേയും ലംഘിച്ചുകൊണ്ട്‌ ഗവര്‍ണര്‍ രാഷ്‌ട്രീയ താല്‍പര്യത്തോടെ സംഘപരിവാറുകാരെ നോമിനേറ്റ്‌ ചെയ്യുകയാണുണ്ടായത്‌. ഇവര്‍ക്ക്‌ പകരം പുതിയ വിദ്യാര്‍ഥി പ്രതിനിധികളെ നോമിനേറ്റ്‌ ചെയ്യണമെന്ന നിര്‍ദ്ദേശവും കോടതി മുന്നോട്ടുവെച്ചിട്ടുണ്ട്‌.

കേരള സര്‍വകലാശാലയിലെ സിന്‍ഡിക്കേറ്റിലേക്ക്‌ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച നോമിനികളെ അയോഗ്യരാക്കണമെന്ന ഹര്‍ജിയും ഇതോടൊപ്പം ഹൈകോടതി കോടതി തള്ളിയിരിക്കുകയാണ്‌. ഉന്നത വിദ്യാഭ്യാസ രംഗത്ത്‌ സര്‍ക്കാര്‍ സ്വീകരിച്ച സമീപനം ശരിയാണെന്നും, ഗവര്‍ണറുടേത്‌ തെറ്റായ നടപടിയാണെന്നും വ്യക്തമാകുകയാണ്‌ ഇതിലൂടെ കോടതി ചെയ്‌തിട്ടുള്ളത്‌. മറ്റ്‌ സര്‍വകലാശാലകളിലെ ഗവര്‍ണറുടെ തെറ്റായ നോമിനേഷനുകളെക്കൂടി ബാധിക്കുന്ന വിധിയാണിത്‌.

സംസ്ഥാന സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാന്‍ ഗവര്‍ണറെ ഉപയോഗിച്ച്‌ സംഘപരിവാര്‍ നടത്തിയ ഇടപെടലുകളാണ്‌ കോടതി വിധിയിലൂടെ തുറന്നുകാട്ടപ്പെട്ടിരിക്കുന്നത്‌. ഗവര്‍ണറുടെ നടപടിയെ പിന്തുണക്കുകയും, സര്‍ക്കാരിനെതിരെ നിലപാടെടുക്കുകയും ചെയ്‌ത യു.ഡി.എഫ്‌ - ബി.ജെ.പി നേതൃത്വത്തിനും, വലതുപക്ഷ മാധ്യമങ്ങള്‍ക്കും കനത്ത തിരിച്ചടിയാണ്‌ കോടതി വിധിയെന്നും ഗോവിന്ദന്‍ പ്രസ്‌താവനയില്‍ പറഞ്ഞു.

Tags:    
News Summary - High Court Judgment; M.V. Govindan said that it was a setback for the governor's political games

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.