കൊച്ചി: കുട്ടികളെ പരിചരിക്കാൻ അനുവദിച്ചിട്ടുള്ള അവധി (ചൈൽഡ് കെയർ ലീവ്) മാതാവിന് ഒറ്റത്തവണയായി എടുത്തുതീർക്കാമെന്ന് ഹൈകോടതി. എത്ര തവണയായി അവധി എടുക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം ജീവനക്കാരിയായ അമ്മയുടേതാണെന്നും ഇൗ അവകാശം തടയാനാവില്ലെന്നും കോടതി വ്യക്തമാക്കി. ചൈൽഡ് കെയർ ലീവ് അപേക്ഷ തള്ളിയതിനെതിരെ തിരുവനന്തപുരം പള്ളിപ്പുറം സി.ആർ.പി.എഫ് ക്യാമ്പിലെ കോൺസ്റ്റബിൾ എസ്. ബീന നൽകിയ ഹരജി അനുവദിച്ചാണ് ഉത്തരവ്.
2016 നവംബർ 15 മുതൽ 2017 േമയ് 16 വരെ ചൈൽഡ് കെയർ ലീവിലായിരുന്ന ഹരജിക്കാരി 180 ദിവസത്തേക്കുകൂടി അവധി നീട്ടണമെന്നാവശ്യപ്പെട്ട് 2017 ഏപ്രിൽ 25നാണ് അപേക്ഷ നൽകിയത്. ഇതിനിടെ, ആർജിത അവധികൂടി എടുത്ത് ജോലിക്ക് കയറിയശേഷേമ അപേക്ഷപ്രകാരം വീണ്ടും ചൈൽഡ് കെയർ ലീവ് നൽകുന്ന കാര്യം പരിഗണിക്കാനാവൂവെന്ന് സി.ആർ.പി.എഫ് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഹരജിക്കാരിയെ അറിയിച്ചു. തുടർന്ന് ഒരു മാസത്തേക്ക് ആർജിത അവധിയെടുത്ത് ജോലിയിൽ പ്രവേശിച്ചെങ്കിലും ചൈൽഡ് കെയർ ലീവ് അനുവദിച്ചില്ല. ഇതിനെതിരെയാണ് കോടതിയെ സമീപിച്ചത്.
ചൈൽഡ് കെയർ ലീവ് പരിഗണിക്കാൻ ആർജിത അവധിയെടുക്കാനും തുടർന്ന് േജാലിക്ക് ഹാജരാകാനും നിർബന്ധിച്ചതും പിന്നീട് അവധി അേപക്ഷ തള്ളിയതും ഏകപക്ഷീയവും നീതീകരണമില്ലാത്തതുമായ നടപടിയാണെന്നായിരുന്നു ഹരജിക്കാരിയുടെ വാദം. ഏഴും നാലും വയസ്സായ കുട്ടികളെ സംരക്ഷിക്കാൻ ആരുമില്ലാത്ത അവസ്ഥയിലാണ് അവധിക്ക് അപേക്ഷിച്ചതെന്ന് ഹരജിക്കാരി ചൂണ്ടിക്കാട്ടി.
എന്നാൽ, ആകെ അനുവദിച്ചിട്ടുള്ള 730 അവധികളിൽ 550 എണ്ണം ഹരജിക്കാരി ഒന്നിച്ച് എടുത്ത് തീർത്തെന്നും ഒറ്റത്തവണയായി ബാക്കികൂടി എടുക്കാനാണ് അപേക്ഷ നൽകിയതെന്നും ഇത് അനുവദിക്കാനാവില്ലെന്നുമുള്ള കേന്ദ്രസർക്കാർ വാദം കോടതി തള്ളി. അവധി അപേക്ഷ പരിഗണിച്ച് ഒരാഴ്ചക്കകം ഉത്തരവിടാൻ േകാടതി സി.ആർ.പി.എഫിനോട് നിർദേശിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.