കൊച്ചി: നമ്പി നാരായണനും ഐ.എസ്.ആർ.ഒ ചാരക്കേസിന്റെ അന്വേഷണ ചുമതലയുണ്ടായിരുന്ന സി.ബി.ഐ ഉദ്യോഗസ്ഥരടക്കമുള്ളവരും തമ്മിൽ നടന്ന ഭൂമി ഇടപാടുകൾ സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഗൂഢാലോചനക്കേസിലെ പ്രതി നൽകിയ ഹരജിയിൽ ഹൈകോടതിയുടെ നോട്ടീസ്.
ചാരക്കേസ് ആദ്യം അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥനായ എസ്. വിജയൻ നൽകിയ ഹരജിയാണ് ഫയലിൽ സ്വീകരിച്ച് ജസ്റ്റിസ് എൻ. നഗരേഷ് വിശദീകരണം തേടിയത്. ഇത് സംബന്ധിച്ച ആവശ്യം തള്ളിയ തിരുവനന്തപുരം സി.ബി.ഐ കോടതി ഉത്തരവിനെതിരെയാണ് ഹരജി.
നമ്പി നാരായണനും സി.ബി.ഐ ജോയന്റ് ഡയറക്ടറായിരുന്ന രാജേന്ദ്രനാഥ് കൗളും ഡിവൈ.എസ്.പി ആയിരുന്ന കെ.വി. ഹരിവത്സനും തമ്മിൽ ഭൂമി ഇടപാട് നടന്നുവെന്നാണ് ഹരജിയിൽ ആരോപിക്കുന്നത്.
ചാരക്കേസ് അന്വേഷണം അട്ടിമറിക്കാനാണ് രാജേന്ദ്രനാഥ് കൗളിനടക്കം തമിഴ്നാട്ടിലെ തിരുനെൽവേലി ജില്ലയിലെ നാങ്കുനേരിയിലുള്ള സ്ഥലം നമ്പി നാരായണൻ സമ്മാനമായി എഴുതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഐ.എസ്.ആർ.ഒ ചാരക്കേസ് എഴുതിത്തള്ളണമെന്ന് അന്വേഷണ സംഘം കോടതിയിൽ റിപ്പോർട്ട് നൽകിയത്. കേന്ദ്രസർക്കാർ, സി.ബി.ഐ, നമ്പി നാരായണൻ, രാജേന്ദ്രനാഥ് കൗൾ, ഹരിവത്സൻ തുടങ്ങിയവർക്കാണ് നോട്ടീസ് നൽകാൻ ഉത്തരവായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.