കൊച്ചി: കൊല്ലം പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട കേസുകളുടെ വിചാരണക്ക് പ്രത്യേക കോടതി അനുവദിക്കാമെന്ന് ഹൈകോടതി. ഈ ആവശ്യമുന്നയിച്ച് കൊല്ലം ജില്ല പൊലീസ് മേധാവി നൽകിയ റിപ്പോർട്ട് പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻ ബെഞ്ചിെൻറ അനുകൂല നിരീക്ഷണം. അതേസമയം, പുറ്റിങ്ങൽ ദുരന്തവുമായി ബന്ധപ്പെട്ട കേസുകൾ ഫുൾ ബെഞ്ചിെൻറ പരിഗണനയിലായതിനാൽ ഇക്കാര്യവും ഫുൾബെഞ്ചിന് വിടാൻ ഡിവിഷൻ ബെഞ്ച് ഹൈകോടതി രജിസ്ട്രിക്ക് നിർദേശം നൽകി.
2016 ഏപ്രിൽ 11നുണ്ടായ പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തത്തിെൻറ വ്യാപ്തിയും ഗൗരവവും സാക്ഷികളടക്കം കേസുമായി ബന്ധപ്പെട്ടവരുടെ എണ്ണവും പരിഗണിച്ചാൽ പ്രത്യേക കോടതി അനിവാര്യമാണെന്നാണ് ജില്ല പൊലീസ് മേധാവി കോടതിയെ അറിയിച്ചത്. കൊല്ലം ചിന്നക്കടയിൽ നഗരസഭയുടെ ഉടമസ്ഥതയിെല കമേഴ്സ്യൽ കോംപ്ലക്സിലെ മൂന്നും നാലും നിലകൾ സ്പെഷൽ കോടതിക്ക് വിട്ടുനൽകാമെന്ന് കൊല്ലം നഗരസഭ അധികൃതർ സർക്കാറിനെ അറിയിച്ചിട്ടുണ്ട്.
കേസിെൻറ ആദ്യഘട്ടത്തിൽതന്നെ ഡി.ജി.പി ആഭ്യന്തര സെക്രട്ടറി മുഖേന ഇത്തരമൊരു ആവശ്യം ഹൈകോടതിയിൽ ഉന്നയിച്ചതായും സെപ്റ്റംബർ 27ന് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. തുടർന്നാണ് വിഷയം ഈ മാസം 25ന് ഫുൾബെഞ്ചിെൻറ പരിഗണനക്ക് സമർപ്പിക്കാൻ കോടതി നിർദേശിച്ചത്. പുറ്റിങ്ങൽ ദുരന്തത്തെത്തുടർന്ന് അന്നത്തെ ഹൈകോടതി ജഡ്ജിയായിരുന്ന വി. ചിദംബരേഷ് ചീഫ് ജസ്റ്റിസിനെഴുതിയ കത്തിെൻറ അടിസ്ഥാനത്തിൽ ഡിവിഷൻ ബെഞ്ച് വിഷയം സ്വമേധയാ പരിഗണിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.