കൊച്ചി: ലവ് ഡെയിൽ റിസോർട്ട് സ്ഥിതിചെയ്യുന്ന കണ്ണൻദേവൻ ഹിൽസ് വില്ലേജിലെ 22 സെൻറ് ഭൂമി ഒഴിഞ്ഞുകൊടുക്കാൻ കൈവശക്കാർക്ക് ഹൈകോടതി ആറുമാസത്തെ സമയം അനുവദിച്ചു. കൈയേറ്റ ഭൂമിയെന്നും അനധികൃത കൈമാറ്റമെന്നുമുള്ള പേരിൽ ഇൗ ഭൂമിയിൽനിന്ന് ഒഴിപ്പിക്കാനുള്ള റവന്യൂ അധികൃതരുടെ നടപടി ശരിവെച്ച സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ഉടമസ്ഥത അവകാശപ്പെടുന്ന വി.വി. ജോർജ് നൽകിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ച് ഉത്തരവ്. എന്നാൽ, ഹരജിക്കാരുടേത് വ്യക്തമായ കൈയേറ്റമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെടുന്ന അപ്പീൽ തള്ളി.
2018 മാർച്ച് 31ഒാടെ െകട്ടിടം ഒഴിഞ്ഞ് ഭൂമി സഹിതം സർക്കാറിന് കൈമാറാനാണ് ഹരജിക്കാരോട് നിർദേശിച്ചിട്ടുള്ളത്. ഇതുപ്രകാരം സമയബന്ധിതമായി ഒഴിഞ്ഞില്ലെങ്കിൽ ഹരജിക്കാർക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. കൈയേറിയ ഭൂമി ഒഴിഞ്ഞു കൊടുക്കണമെന്നാവശ്യപ്പെട്ട് റവന്യൂ അധികൃതർ നൽകിയ നോട്ടീസ് ചോദ്യം ചെയ്താണ് ഹരജിക്കാരൻ ആദ്യം സിംഗിൾ ബെഞ്ചിനെ സമീപിച്ചത്. റവന്യൂ അധികൃതരുടെ നടപടിയിൽ ഇടപെടാതിരുന്ന കോടതി കെട്ടിടവും സ്ഥലവും ഒരു മാസത്തിനകം ഒഴിയണമെന്ന് നിർദേശിച്ചു. ഇതിനെതിരെയാണ് അപ്പീൽ നൽകിയത്. 113 കുത്തകപ്പാട്ട കരാറുകാരുടെ കാര്യത്തിൽ പരിശോധന നടത്തി അവരുടെ കൈയേറ്റത്തിന് സാധുത നൽകാനുള്ള മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിെൻറ തീരുമാനം തങ്ങൾക്കും ബാധകമാക്കണമെന്ന ആവശ്യം അപ്പീലിൽ ഉന്നയിച്ചിരുന്നു.
എന്നാൽ, ഭൂപ്രശ്ന പരിഹാരത്തിെൻറ ഭാഗമായാണ് 113 പേരുടെ കൈയേറ്റവുമായി ബന്ധപ്പെട്ട തീരുമാനമെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഹരജിക്കാർ സർക്കാർ ഭൂമിയിലെ കൈയേറ്റക്കാരാണ്. കാർഷികേതര ആവശ്യത്തിന് 1986ൽ തോമസ് മൈക്കിളിന് മൂന്നുവർഷത്തേക്ക് മാത്രം പാട്ടത്തിന് നൽകിയ ഭൂമിയും കെട്ടിടവുമാണിത്. പൊതുമരാമത്ത് വകുപ്പിനുകീഴിലുള്ള കെട്ടിടം പാട്ടക്കാരൻ ചാരായ ഗോഡൗണായാണ് ഉപയോഗിച്ചത്. 1989ൽ പാട്ടക്കാലാവധി അവസാനിച്ചെങ്കിലും ഭൂമിയും കെട്ടിടവും ഹരജിക്കാരന് നിയമവിരുദ്ധമായും പാട്ടക്കരാർ ലംഘിച്ചും കൈമാറുകയായിരുന്നു. തുടർന്ന് കെട്ടിടം റിസോർട്ടാക്കി മാറ്റി.
ഭൂസംരക്ഷണ നിയമപ്രകാരം പുറേമ്പാക്ക് ഭൂമിയിലാണ് ഹരജിക്കാരൻ അവകാശവാദമുന്നയിക്കുന്നതെന്നതുൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് ഇയാളുടെ അപേക്ഷകൾ നിരസിച്ചിട്ടുള്ളത്. പഞ്ചായത്തിെൻറ 1991 -92 മുതൽ 96-97 വരെയുള്ള പതിച്ചുനൽകൽ പട്ടികയിൽ ഇൗ സ്ഥലം ഉൾപ്പെട്ടിട്ടില്ല. പാട്ട വ്യവസ്ഥ ലംഘനവുമുണ്ടായിട്ടുണ്ടെന്നും സർക്കാർ ചൂണ്ടിക്കാട്ടി. തുടർന്നാണ് ഹരജിക്കാരേൻറത് നിയമം ലംഘിച്ചുള്ള കൈയേറ്റമാണെന്ന് കോടതി വ്യക്തമാക്കിയത്. ഇതോടെ കെട്ടിടവും സ്ഥലവും ഒഴിയാൻ ഹരജിക്കാരൻ കൂടുതൽ സമയം തേടി. തുടർന്ന് ആറുമാസം സമയം അനുവദിച്ച് അപ്പീൽ തള്ളുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.