ശബരിമല തീർഥാടകരുടെ ഗ്യാസ് സിലിണ്ടറും പാത്രങ്ങളും പിടിച്ചെടുക്കണമെന്ന് ഹൈകോടതി

കൊച്ചി: പാചകവാതക സിലിണ്ടറുകളുമായി ശബരിമല സന്നിധാനത്തേക്ക്​ തീർഥാടകർ പോകുന്നത് തടയണമെന്ന് ഹൈകോടതി. ഭക്ഷണം തയാറാക്കാനുള്ള ഉദ്ദേശ്യത്തോടെ കൊണ്ടുപോകുന്ന സിലിണ്ടറും പാത്രങ്ങളും പൊലീസ് പിടിച്ചെടുക്കണം.

മാളികപ്പുറത്തെ അന്നദാനം കോംപ്ലക്‌സിൽ 24 മണിക്കൂറും ഭക്ഷണ വിതരണമുണ്ടെന്നിരിക്കെ, തീർഥാടകർക്ക് പാചകം ചെയ്യേണ്ട ആവശ്യമില്ല. മകരവിളക്ക് പ്രമാണിച്ച് 13, 14 തീയതികളിൽ പാണ്ടിത്താവളത്തും ഭക്ഷണ വിതരണമുണ്ട്. സന്നിധാനത്തും പരിസരങ്ങളിലും പാചകം ചെയ്യുന്നത് സുരക്ഷക്ക്​ ഭീഷണിയാണെന്ന്​ വ്യക്തമാക്കിയാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ചിന്റെ ഉത്തരവ്. സുരക്ഷ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത ഹരജികളാണ്​ കോടതി പരിഗണിച്ചത്​.

പരമ്പരാഗത പാതയായ എരുമേലി, മുക്കുഴി വഴിയുള്ള തീർഥാടക പ്രവാഹം നിയന്ത്രിക്കണമെന്ന്​ കോടതി നിർദേശിച്ചപ്പോൾ, ഈ പാതയിലൂടെയുള്ള തീർഥാടനം ആചാരത്തിന്റെ ഭാഗമാണെന്നും പൂർണനിരോധനം പ്രായോഗികമല്ലെന്നും ദേവസ്വംബോർഡ്​ അഭിഭാഷകൻ അറിയിച്ചു. ഇതുസംബന്ധിച്ച്​ ദേവസ്വം ബോർഡ് സെക്രട്ടറിയോട്​ റിപ്പോർട്ട്​ തേടി. മകരവിളക്ക് പ്രമാണിച്ചുള്ള ക്രമീകരണങ്ങളെക്കുറിച്ച് ശബരിമല സ്‌പെഷൽ കമീഷണർ റിപ്പോർട്ട് നൽകി. 12ന് രാവിലെ എട്ടുമുതൽ 15ന് ഉച്ചക്ക്​ രണ്ടുവരെ പമ്പയിൽ വാഹനപാർക്കിങ്ങും 11 മുതൽ 14 വരെ മുക്കുഴി വഴിയുള്ള തീർഥാടനവും അനുവദിക്കില്ലെന്ന്​ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

Tags:    
News Summary - High Court orders ban on carrying gas cylinders to Sabarimala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.