കൊച്ചി: ഒന്നരക്കോടിയിലേറെ രൂപ കുടിശ്ശികയായതിനെത്തുടർന്ന് കോടതി ഉത്തരവ് പ്രകാരം കസ്റ്റഡിയിലെടുത്ത് തടഞ്ഞുവെച്ച ലക്ഷദ്വീപ് ഡെവലപ്മെന്‍റ് കോർപറേഷന്‍റെ കപ്പൽ വിട്ടയക്കാൻ ഹൈകോടതി ഉത്തരവ്. 1.66 കോടി കുടിശ്ശികയുണ്ടെന്ന് കാണിച്ച് കമ്പനി ഫയൽ ചെയ്ത ഹരജിയെത്തുടർന്ന് തടഞ്ഞുവെച്ച 'എം.വി കോറൽസ്' എന്ന കപ്പലാണ് വിട്ടയച്ചത്. കേന്ദ്ര സർക്കാറിന്‍റെ ഇടപെടലിനെത്തുടർന്നാണിത്.
വ്യാഴാഴ്ച ഉച്ചക്ക് കൊച്ചി തുറമുഖത്തുനിന്ന് പുറപ്പെടേണ്ട കപ്പലായിരുന്നു ഇത്. മുന്നൂറിലധികം യാത്രക്കാർ കൊച്ചിയിൽനിന്നുതന്നെ ബുക്ക് ചെയ്തിരുന്നു. ഇതിനിടെയായിരുന്നു ലക്ഷദ്വീപ് ഡെവലപ്മെന്‍റ് കോർപറേഷന്‍റെ ഉടമസ്ഥതയിലുള്ള കപ്പലുകളുടെ സർവിസ് ഏജൻസിയായ കൊച്ചിയിലെ പിയർസ് ലെസ്ലി ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനി നൽകിയ ഹരജിയിൽ കപ്പൽ അറസ്റ്റ് ചെയ്യാൻ ഹൈകോടതി ബുധനാഴ്ച ഉത്തരവിട്ടത്.
സർവിസ് ഇനത്തിൽ 1.66 കോടി നൽകാനുണ്ടെന്ന് കാട്ടിയായിരുന്നു ഹരജി. ലക്ഷദ്വീപ് ഡെവലപ്മെന്‍റ് കോർപറേഷന്‍റെ ഉടമസ്ഥതയിലുള്ള കപ്പലുകൾ ഷിപ്പിങ് കോർപറേഷൻ ഓഫ് ഇന്ത്യക്ക് കൈമാറാൻ തീരുമാനിച്ചിരുന്നു. ഇങ്ങനെ കൈമാറിയാൽ കുടിശ്ശിക കിട്ടാൻ തടസ്സമാകും എന്നും ഹരജിയിൽ ഉന്നയിച്ചിരുന്നു. തുടർന്നാണ് കപ്പൽ അറസ്റ്റ് ചെയ്യാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടത്.
കപ്പൽ തടഞ്ഞുവെച്ചത് കേന്ദ്രസർക്കാർ അഭിഭാഷകൻ വ്യാഴാഴ്ച രാവിലെ കോടതിയിൽ ഉന്നയിച്ചു. ലക്ഷദ്വീപ് ഭരണകൂടത്തിനോ കേന്ദ്രത്തിനോ ഇത്തരമൊരു ഹരജിയെക്കുറിച്ച് അറിയുമായിരുന്നില്ല. എന്നാൽ, അഡ്മിറാലിറ്റി സ്യൂട്ടിൽ എതിർകക്ഷികൾക്ക് നോട്ടീസ് നൽകേണ്ടതില്ലെന്ന് ഹരജിക്കാരുടെ അഭിഭാഷകൻ വാദിച്ചു. വ്യാഴാഴ്ച ഉച്ചക്ക് പുറപ്പെടേണ്ട കപ്പലാണെന്നും മുന്നൂറിലധികം യാത്രക്കാർ ബുക്ക് ചെയ്തിട്ടുണ്ടെന്നും കേന്ദ്രത്തിന്‍റെ അഭിഭാഷകൻ വിശദീകരിച്ചു.
30 ലക്ഷം രൂപ കഴിഞ്ഞദിവസം നൽകിയിരുന്നുവെന്നും ഇനി 40 ലക്ഷമേ കൈമാറാനുള്ളൂ എന്നും അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് രേഖാമൂലം വിശദീകരണം നൽകാൻ നിർദേശിച്ച കോടതി, കപ്പൽ വിട്ടയക്കാൻ ഉത്തരവിടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.