ഇടുക്കി ജില്ലയിലെ സി.പി.എം ഓഫിസുകളുടെ നിര്‍മാണം നിര്‍ത്തിവെക്കാന്‍ ഹൈകോടതി നിർദേശം

കൊച്ചി: ഇടുക്കി ജില്ലയിലെ സി.പി.എം ഓഫിസുകളുടെ നിര്‍മാണം നിര്‍ത്തിവെക്കാന്‍ ഹൈകോടതി നിർദേശം. ഉടുമ്പന്‍ചോല, ബൈസന്‍വാലി, ശാന്തന്‍പാറ എന്നിവിടങ്ങളിലെ പാർട്ടി ഓഫിസുകളുടെ നിര്‍മാണം നിര്‍ത്തിവെക്കാനാണ് മൂന്നാര്‍ കേസുകള്‍ പരിഗണിക്കുന്ന ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് ഉൾപ്പെട്ട പ്രത്യേക ബെഞ്ച് ജില്ല കലക്ടർക്ക് നിർദേശം നൽകിയത്. നിര്‍മാണം തടയാന്‍ ജില്ല കലക്ടര്‍ക്ക് പൊലീസ് സഹായം തേടാമെന്ന് അറിയിച്ച കോടതി, ആവശ്യമായ സംരക്ഷണം നല്‍കാന്‍ ജില്ല പൊലീസ് മേധാവിക്ക് നിര്‍ദേശവും നല്‍കി.

ഇടുക്കി ശാന്തൻപാറയിൽ സി.പി.എം ഏരിയ കമ്മിറ്റി ഓഫിസ് നിർമിക്കുന്നത് ചട്ടങ്ങൾ ലംഘിച്ചാണെന്നും അത് ഇടിച്ചുനിരത്തണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഭൂപതിവ് ചട്ടം, കാർഡമം ഹിൽ റിസർവിലെ നിർമാണ ചട്ടം എന്നിവ ലംഘിച്ച് നിർമിക്കുന്ന കെട്ടിടത്തിന് വില്ലേജ് ഓഫിസർ സ്റ്റോപ്പ് മെമോ നൽകിയതാണ്. എന്നിട്ടും സി.പി.എം നിർമാണം തുടരുന്നു. നിയമ ലംഘനം നടത്തിയവർക്കെതിരെ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

വിവരാവകാശ നിയമപ്രകാരം ഡി.സി.സി ജനറൽ സെക്രട്ടറി ബിജോ മാണിക്ക് ലഭിച്ച രേഖയിൽ, ഭൂപതിവ് ചട്ടം ലംഘിച്ച് റവന്യു വകുപ്പിന്റെ എൻ.ഒ.സി ഇല്ലാതെയാണ് നാല് നിലയുള്ള കെട്ടിടം നിർമിക്കുന്നതെന്ന് വ്യക്തമാക്കിയിരുന്നു. സി.പി.എം ജില്ല സെക്രട്ടറി സി.വി. വർഗീസിന്റെ പേരിലുള്ള എട്ട് സെന്റ് ഭൂമിയിലാണ് ശാന്തൻപാറയിലെ കെട്ടിടം നിർമിക്കുന്നത്. 

Tags:    
News Summary - High Court orders to stop the construction of CPM offices in Idukki district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.