വോ​ട്ടെണ്ണൽ ദിനത്തിൽ ലോക്​ഡൗൺ ​വേണ്ടെന്ന്​ ഹൈകോടതി

​കൊച്ചി: കോവിഡ്​ വ്യാപനത്തിന്‍റെ പശ്​ചാത്തലത്തിൽ കേരളത്തിൽ വോ​ട്ടെണ്ണൽ ദിനമായ മേയ്​ രണ്ടിന്​ ലോക്​ഡൗൺ ഏർപ്പെടുത്തണമെന്ന ​ആവശ്യം ഹൈകോടതി തള്ളി. സർക്കാറും തെരഞ്ഞെടുപ്പ്​ കമ്മീഷനും സ്വീകരിച്ച നടപടികൾ തൃപ്​തികരമാണെന്നും ഹരജി തീർപ്പാക്കവേ ഹൈകോടതി ചൂണ്ടിക്കാട്ടി. ലോക്​ഡൗണിന്​ സമാനമായ നിയന്ത്രണം ഏർപ്പെടുത്തിയതായി സർക്കാർ കോടതിയെ അറിയിച്ചിരുന്നു.

വോട്ടെണ്ണൽ ദിനത്തിലെ ആഹ്ലാദ പ്രകടനങ്ങൾക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനും നേരത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നു. മേയ് രണ്ടിനും തുടർന്നുള്ള ദിവസങ്ങളിലുമാണ് തെരഞ്ഞെടുപ്പ് കമീഷൻ വിലക്ക് ഏർപ്പെടുത്തിയത്. വോട്ടെടുപ്പ് നടന്ന കേരളം, തമിഴ്നാട്, പുതുച്ചേരി, പശ്ചിമ ബംഗാൾ, അസം സംസ്ഥാനങ്ങളിൽ വിലക്ക് ബാധകമാണ്. കോവിഡിന്‍റെ രണ്ടാം വ്യാപന കാലത്തെ തെരഞ്ഞെടുപ്പ് നടത്തിപ്പ് സംബന്ധിച്ച മദ്രാസ് ഹൈകോടതിയുടെ വിമർശനത്തിന്‍റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമീഷന്‍റെ നടപടി.

വിജയിച്ച സ്ഥാനാർഥിക്ക് വരണാധികാരിയിൽ നിന്ന് ഇലക്ഷൻ സർട്ടിഫിക്കറ്റ് വാങ്ങാൻ രണ്ടു പേരെ കൂടെകൂട്ടാവുന്നതാണ്. അല്ലെങ്കിൽ സ്ഥാനാർഥി ചുമതലപ്പെടുത്തുന്ന പ്രതിനിധിക്ക് വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് ഇലക്ഷൻ സർട്ടിഫിക്കറ്റ് കൈപ്പറ്റാവുന്നതാണെന്നും തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു.

കോവിഡിന്‍റെ രണ്ടാം വ്യാപനത്തിന്​​ ഉത്തരവാദി തെരഞ്ഞെടുപ്പ്​ കമീഷൻ മാത്രമാണെന്നും ഉദ്യോഗസ്​ഥർക്കെതിരെ കൊലക്കുറ്റത്തിന്​ കേസെടുക്കണമെന്നും മ​ദ്രാസ്​ ഹൈകോടതി ചീഫ്​ ജസ്റ്റിസ്​ സഞ്​ജിബ്​ ബാനർജി ചൂണ്ടിക്കാട്ടിയിരുന്നു. ഒരു നിയന്ത്രണവുമില്ലാതെ തെരഞ്ഞെടുപ്പ്​ റാലികൾക്ക്​ അനുവാദം നൽകിയതാണ്​ കാര്യങ്ങൾ ഇത്രമാത്രം വഷളാക്കിയതെന്നും മദ്രാസ്​​ ഹൈകോടതി നിരീക്ഷിച്ചു.

Tags:    
News Summary - High court rejects lockdown on counting day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.