ഭാരത് ജോഡോ യാത്രക്കെതിരായ ഹരജി തള്ളി; യാത്ര സമാധാനപരമെന്ന് സർക്കാർ

കൊച്ചി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഗതാഗത തടസ്സമുണ്ടാക്കുന്നുവെന്ന് ആരോപിച്ചുള്ള ഹരജി ഹൈക്കോടതി തള്ളി. ആരോപണം തെളിയിക്കുന്ന രേഖകൾ ഹാജരാക്കുന്നതിൽ ഹരജിക്കാരൻ പരാജയപ്പെട്ടെന്ന് കണ്ടെത്തിയാണ് ഹരജി തള്ളിയത്.

യാത്ര സമാധാനപരമായാണ് കടന്നുപോകുന്നതെന്ന് സർക്കാരും കോടതിയെ അറിയിച്ചു. നിയമവിരുദ്ധ നടപടികൾക്കെതിരെ കേസുകൾ എടുത്തതായും സർക്കാർ വ്യക്തമാക്കി.

ജോഡോ യാത്ര എറണാകുളം ജില്ലയില്‍ പ്രവേശിച്ച ഉടനെ ആയിരുന്നു ഗതാഗത തടസ്സമുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഹൈകോടതിയില്‍ സ്വകാര്യ ഹരജിയെത്തിയത്. അഭിഭാഷകനായ കെ. വിജയനാണ് ഹരജിക്കാരൻ. ഗതാഗത കുരുക്ക് ഒഴിവാക്കാൻ പൊലീസിന് നിർദേശം നൽകണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. രാഹുൽ ഗാന്ധി, കെ.പി.സി.സി പ്രസിഡന്റ് എന്നിവരെ എതിർ കക്ഷികളാക്കിയായിരുന്നു ഹരജി.

യാത്രയ്ക്ക് പൊലീസ് അനുമതിയില്ലേയെന്നും എന്തെല്ലാം മാനദണ്ഡമാണ് യാത്രക്ക് അനുവാദം നല്‍കുമ്പോള്‍ പൊലീസ് വ്യക്തമാക്കിയതെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഹരജിക്കാരനോട് ചോദിച്ചു. എന്നാൽ ഹരജിക്കാരന് ഇതിൽ വ്യക്തമായ ഉത്തരമുണ്ടായിരുന്നില്ല. തുടർന്നാണ് സർക്കാറിന്‍റെ വാദങ്ങൾ കൂടി കേട്ട് ഹരജി തള്ളിയത്. യാത്ര സമാധാനപരമാണെന്നും നിയമലംഘനമുണ്ടായ ഇടത്തെല്ലാം കേസെടുത്തിട്ടുണ്ടെന്നും ഇതിൽ തുടര്‍നടപടികള്‍ ഉണ്ടാവുമെന്നും സര്‍ക്കാര്‍ അറിയിക്കുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.