കൊച്ചി: കളിസ്ഥലം സ്കൂളുകളിൽ അവിഭാജ്യ ഘടകമാണെന്നും അതില്ലെങ്കിൽ വിദ്യാലയങ്ങൾ അടച്ചുപൂട്ടണമെന്നും ഹൈകോടതി. പത്തനംതിട്ട തേവായൂർ ഗവ. എൽ.പി സ്‌കൂൾ ഗ്രൗണ്ടിൽ വാട്ടർടാങ്ക് നിർമിക്കാനുള്ള ജില്ല പഞ്ചായത്തിന്റെ തീരുമാനം ചോദ്യംചെയ്യുന്ന പി.ടി.എയുടെ ഹരജിയിലാണ് കോടതി ഉത്തരവ്.
കുട്ടികളുടെ ശാരീരികവും മാനസികവും വൈകാരികവുമായ വളർച്ചക്ക് കളിസ്ഥലം അനിവാര്യമാണ്. പഠനം ക്ലാസ് മുറിയിൽ മാത്രം ഒതുങ്ങേണ്ടതല്ലെന്നും മൈതാനമാണ് ആത്യന്തികമായ ക്ലാസ് മുറിയെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ നിരീക്ഷിച്ചു. എത്ര വിസ്തീർണമാണ് സ്‌കൂൾ മൈതാനത്തിന് വേണ്ടതെന്ന് കേരള വിദ്യാഭ്യാസച്ചട്ടത്തിൽ പ്രത്യേകമായി നിർദേശിക്കണം.
അതിനാൽ സ്‌കൂളുകൾ മതിയായ സൗകര്യമുള്ള കളിസ്ഥലം ഒരുക്കാത്ത സ്ഥിതിയുണ്ട്. കളിസ്ഥലത്തിന്റെ വിസ്തീർണം സംബന്ധിച്ച് സി.ബി.എസ്.ഇ രജിസ്‌ട്രേഷൻ ചട്ടങ്ങളിൽ പറയുന്നുണ്ട്. ഇതടക്കം കണക്കിലെടുത്താണ് കെ.ഇ.ആറിലും പ്രത്യേകം ചട്ടം വേണമെന്ന് നിർദേശിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് നാലുമാസത്തിനുള്ളിൽ ചട്ടങ്ങൾ രൂപവത്കരിക്കണം. ഇത് പാലിക്കാൻ കർശന നിർദേശങ്ങൾ നൽകുകയും വേണം.
മതിയായ സമയം നൽകിയിട്ടും പാലിക്കാത്ത സ്‌കൂളുകൾ പൂട്ടാൻ ഉത്തരവിടണമെന്നുമാണ് കോടതി നിർദേശം. ഉത്തരവ് പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് അയച്ചുകൊടുക്കും. ഹരജിക്കാരുടെ കാര്യത്തിൽ, സ്‌കൂൾ കളിസ്ഥലത്ത് വാട്ടർടാങ്ക് നിർമിക്കുന്നതിൽനിന്ന് പഞ്ചായത്ത് പിന്നീട് പിന്മാറിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.