കൊച്ചി: 'പ്രകോപനപരമായ വസ്ത്രധാരണം' സ്ത്രീകളെ അപമാനിക്കാനുള്ള ലൈസൻസല്ലെന്ന് ഹൈകോടതി. എഴുത്തുകാരൻ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ട് കോഴിക്കോട് സെഷന്‍സ് കോടതി നടത്തിയ 'ലൈംഗിക പ്രകോപനം സൃഷ്ടിക്കുന്ന വസ്ത്രം' എന്ന പരാമർശം കോടതി നീക്കം ചെയ്തു. അതേസമയം, ലൈംഗിക ആരോപണ കേസില്‍ സിവിക് ചന്ദ്രന് അനുവദിച്ച മുന്‍കൂര്‍ ജാമ്യം ഹൈകോടതി ശരിവെക്കുകയും ചെയ്തു.
മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ സംസ്ഥാന സര്‍ക്കാരും പരാതിക്കാരിയും ഹൈകോടതിയെ സമീപിച്ചിരുന്നു. ഈ ഹരജികള്‍ തീര്‍പ്പാക്കിക്കൊണ്ടാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ഉത്തരവ്. മുന്‍കൂര്‍ ജാമ്യം അനുവദിക്കാന്‍ കീഴ്‌ക്കോടതി വ്യക്തമാക്കിയ കാരണം ന്യായീകരിക്കാനാവില്ല. അതേസമയം, മുന്‍കൂര്‍ ജാമ്യം റദ്ദാക്കാനാകില്ലെന്നും ഹൈകോടതി വ്യക്തമാക്കി. പ്രതിയുടെ പ്രായം കൂടി പരിഗണിച്ചാണ് തീരുമാനം.
സ്ത്രീയുടെ മാന്യതയെ അവഹേളിക്കാനുള്ള കുറ്റത്തില്‍നിന്ന് പ്രതിയെ മോചിപ്പിക്കാനുള്ള നിയമപരമായ കാരണമായി ഇരയുടെ വസ്ത്രധാരണത്തെ വ്യാഖ്യാനിക്കാനാവില്ലെന്ന് ഹൈകോടതി ജഡ്ജി എടപ്പഗത്ത് നിരീക്ഷിച്ചു.
ആഗസ്റ്റ് 12-ന് സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം നല്‍കിക്കൊണ്ട് കോഴിക്കോട് സെഷന്‍സ് കോടതി ജഡ്ജി എസ്.കൃഷ്ണകുമാര്‍ പുറപ്പെടുവിച്ച ഉത്തരവിലെ പരാമര്‍ശങ്ങള്‍ വലിയ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമിടയാക്കിയിരുന്നു. പരാതിക്കാരി ലൈംഗിക പ്രകോപനം ഉണ്ടാക്കുന്ന വസ്ത്രം ധരിച്ചതിനാല്‍ ലൈംഗികാതിക്രമ കുറ്റം നിലനില്‍ക്കില്ലെന്നായിരുന്നു ജഡ്ജിയുടെ പരാമർശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.