ലിവ്‌ ഇൻ ബന്ധക്കാർക്ക് വിവാഹമോചനം ആവശ്യപ്പെടാനാകില്ലെന്ന്‌ ഹൈകോടതി

കൊച്ചി: ലിവ്‌ ഇൻ റിലേഷൻ നിയമപരമായ വിവാഹമായി അംഗീകരിച്ചിട്ടില്ലാത്തതിനാൽ പങ്കാളികൾക്ക് വിവാഹമോചനം ആവശ്യപ്പെടാനാകില്ലെന്ന്‌ ഹൈകോടതി. സ്‌പെഷൽ മാര്യേജ്‌ ആക്ടോ വ്യക്തിനിയമങ്ങളോ അനുസരിച്ച്‌ നടക്കുന്ന വിവാഹങ്ങൾക്ക്‌ മാത്രമേ നിയമസാധുതയുള്ളൂ.

നിയമപ്രകാരം വിവാഹിതരാകാതെ ഒരുമിച്ച്‌ ജീവിക്കുന്നതിനെ വിവാഹമായി കാണാനാവില്ലെന്ന് ജസ്‌റ്റിസ്‌ മുഹമ്മദ്‌ മുഷ്‌താഖ്‌, ജസ്‌റ്റിസ്‌ സോഫി തോമസ്‌ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. കരാറിന്‍റെ അടിസ്ഥാനത്തിൽ 2006 മുതൽ ഒരുമിച്ച് ജീവിക്കുന്ന പങ്കാളികൾ വിവാഹമോചനം ആവശ്യപ്പെട്ട്‌ എറണാകുളം കുടുംബ കോടതിയിൽ നൽകിയ ഹരജി തള്ളിയതിനെതിരായ അപ്പീലാണ്‌ കോടതി പരിഗണിച്ചത്.

ഹിന്ദു, ക്രിസ്‌ത്യൻ സമുദായങ്ങളിൽപെട്ട പങ്കാളികൾ ഉഭയ സമ്മതപ്രകാരം വിവാഹമോചനം ആവശ്യപ്പെട്ടാണ്‌ എറണാകുളം കുടുംബ കോടതിയെ സമീപിച്ചത്‌. നിയമപ്രകാരം വിവാഹിതരായിട്ടില്ലെന്ന് വിലയിരുത്തി വിവാഹമോചനം അനുവദിക്കാൻ കുടുംബ കോടതി വിസമ്മതിച്ചു. വിവാഹബന്ധം നിയമപരമായി വേർപെടുത്താനുള്ള ഒരു മാർഗം മാത്രമാണ്‌ വിവാഹ മോചനം.

നിയമപരമായി വിവാഹിതരല്ലാത്തവരുടെ വിവാഹമോചന ഹരജി പരിഗണിക്കാൻ കുടുംബ കോടതിക്ക് അധികാരമില്ല. മറ്റ് ആവശ്യങ്ങൾക്ക് ലിവ് ഇൻ റിലേഷൻ അംഗീകരിക്കപ്പെടുമെങ്കിലും വിവാഹമോചനത്തിന് ഈ ബന്ധങ്ങൾ അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

Tags:    
News Summary - High Court says that live-in relatives cannot ask for divorce

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.