മാത്യു കുഴല്‍നാടന്‍റെ ഹരജി: മുഖ്യമന്ത്രിക്കും മകള്‍ക്കും നോട്ടീസ് അയച്ച് ഹൈകോടതി

കൊച്ചി: സി.എം.ആർ.എൽ-എക്സാലോജിക് ഇടപാടിൽ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എം.എൽ.എ സമർപ്പിച്ച ഹരജിയിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനും ഹൈകോടതി നോട്ടീസ്. വീണ വിജയന്‍റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിക്ക് ഇല്ലാത്ത സേവനത്തിന് സി.എം.ആർ.എൽ കമ്പനി പ്രതിഫലം നൽകിയെന്ന സെറ്റിൽമെന്റ് ബോർഡ് കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ആവശ്യപ്പെട്ട് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹരജി സമർപ്പിച്ചിരുന്നു. ഇത് തള്ളിയതിനെതിരെ നൽകിയ റിവിഷൻ ഹരജിയിലാണ് മുഖ്യമന്ത്രിയടക്കം എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാൻ ജസ്റ്റിസ് കെ. ബാബു ഉത്തരവിട്ടത്. അതേസമയം, മാസപ്പടി കേസിൽ അന്വേഷണം ആവശ്യപ്പെട്ട് കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു നൽകിയ ഹരജിയും കോടതി ചൊവ്വാഴ്ച പരിഗണിച്ചിരുന്നു. എന്നാൽ, ഹരജിക്കാരൻ മരിച്ച സാഹചര്യത്തിൽ ഈ ഹരജി നിലനിൽക്കുമോയെന്നതടക്കം പരിശോധിക്കാൻ മാറ്റി. രണ്ട് ഹരജികളും വെവ്വേറെ പരിഗണിക്കും. എം.എൽ.എയുടെ ഹരജി ജൂലൈ രണ്ടിലേക്ക് മാറ്റി.

പുനഃപരിശോധനക്കായി പരാതി വീണ്ടും വിജിലൻസ് കോടതിയുടെ പരിഗണനക്ക് അയക്കണമെന്നാണ് മാത്യു കുഴൽനാടന്‍റെ ആവശ്യം. 27 രേഖകൾ സഹിതം സമർപ്പിച്ച പരാതിയിൽ നിയമപരമായി സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ വിജിലൻസ് കോടതി പാലിച്ചിട്ടില്ല.

ക്രിമിനൽ നടപടിച്ചട്ടങ്ങൾ പാലിക്കാതെയാണ് അന്വേഷണ ആവശ്യം തള്ളിയത്. സുപ്രീംകോടതി മാർഗനിർദേശങ്ങൾക്ക് വിരുദ്ധമാണ് വിജിലൻസ് കോടതി ഉത്തരവ്. കൈക്കൂലി നൽകിയതിനും അതിന്റെ സഹായം സി.എം.ആർ.എല്ലിന് ലഭിച്ചതിനും തെളിവുകൾ ഹാജരാക്കിയിട്ടും പരിഗണിച്ചില്ലെന്നും രാഷ്ട്രീയപ്രേരിതമാണെന്ന കോടതിയുടെ കണ്ടെത്തൽ അനാവശ്യമാണെന്നും ഹരജിയിൽ പറയുന്നു.

Tags:    
News Summary - High Court sent notice to CM and daughter Veena on Mathew Kuzhalnadan's petition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.