കൊച്ചി: ശബരിമല-മാളികപ്പുറം ക്ഷേത്രങ്ങളിലേക്ക് മേൽശാന്തി നിയമനത്തിനായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിന്റെ ഭരണഘടന സാധുത ചോദ്യം ചെയ്തു കൊണ്ടുള്ള ഹരജികളിൽ നാളെ ഹൈകോടതി പ്രത്യേക സിറ്റിങ് നടത്തും. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരടങ്ങുന്ന രണ്ടംഗ ദേവസ്വം ബെഞ്ചാണ് കേസിൽ വാദം കേൾക്കുന്നത്.
മലയാള ബ്രാഹ്മണർക്കു മാത്രമേ ശബരിമല-മാളികപ്പുറം മേൽശാന്തി നിയമനത്തിന് അപേക്ഷിക്കാനാവൂ എന്നാണ് ദേവസ്വം വിജ്ഞാപനത്തിൽ പറയുന്നത്. ഈ നിബന്ധനയൊഴികെ ദേവസ്വം ആവശ്യപ്പെടുന്ന എല്ലാ യോഗ്യതകളും ഉള്ളവരാണ് ഹരജിക്കാർ. ദേവസ്വം നിലപാട് ഇന്ത്യൻ ഭരണഘടനയുടെ അനുഛേദം 14, 15 (1) 16 (2) എന്നിവക്കു വിരുദ്ധമാണെന്ന് ഹരജിയിൽ പറയുന്നു.
ശാന്തിക്കാരായ സിജിത്ത് ടി.എൽ, വിജീഷ് പി.ആർ. എന്നിവർക്കു വേണ്ടി അഡ്വ. ടി.ആർ. രാജേഷ് നൽകിയ ഹരജിയിൽ ഭരണഘടനാ വിദഗ്ധൻ പ്രഫ. ഡോ. മോഹൻ ഗോപാൽ നാളെ ഹാജരാകും. ഇതേ വിഷയത്തിൽ സി.വി. വിഷ്ണുനാരായണൻ നൽകിയ ഹരജിയിൽ അഡ്വ. ബി.ജി. ഹരീന്ദ്രനാഥും ഹാജരാകും. കേസിലെ കോടതി നടപടികൾ ലൈവ് സ്ട്രീമിങ് നടത്തണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള അപേക്ഷ ഹൈകോടതി ചീഫ് ജസ്റ്റിസിന്റെ മുമ്പാകെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.