കൊച്ചി: സംസ്ഥാനത്തെ കോളജുകളിലും സർവകലാശാലകളിലും വിദ്യാർഥി പരാതി പരിഹാര സെല്ലുകൾ രൂപവത്കരിക്കാനുള്ള സർക്കാർ ഉത്തരവിന് ഹൈകോടതിയുടെ സ്റ്റേ. കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളജിലെ വിദ്യാർഥിനിയുടെ ആത്മഹത്യയെ തുടർന്ന് സ്വാശ്രയ കോളജുകളിലടക്കം വിദ്യാർഥി പരാതി പരിഹാര സെല്ലുകൾ രൂപവത്കരിക്കാനും സർവകലാശാല തലത്തിൽ അപ്പല്ലേറ്റ് സമിതികളുണ്ടാക്കാനും സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കുന്നതാണ് ജസ്റ്റിസ് പി. ഗോപിനാഥ് സ്റ്റേ ചെയ്തത്.
ഉന്നതവിദ്യാഭ്യാസ വകുപ്പ് ജൂൺ ഒമ്പതിന് പുറത്തിറക്കിയ ഉത്തരവിനെതിരെ സംസ്ഥാനത്തെ കോളജ് പ്രിൻസിപ്പൽമാരുടെ സംഘടനയും കേരള കാത്തലിക് എൻജിനീയറിങ് കോളജ് മാനേജ്മെന്റ്സ് അസോസിയേഷനും നൽകിയ ഹരജികളാണ് കോടതി പരിഗണിച്ചത്. സർക്കാറിന്റെ നിലപാട് തേടിയ കോടതി ഹരജികൾ വീണ്ടും ജൂലൈ 26ന് പരിഗണിക്കാൻ മാറ്റി.
യു.ജി.സി നിഷ്കർഷിച്ചിട്ടുള്ള 2023 ലെ റെഗുലേഷന് വിരുദ്ധമാണ് സർക്കാർ ഉത്തരവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി നൽകിയിരിക്കുന്നത്. സർക്കാർ ഉത്തരവ് പ്രകാരമുള്ള പരാതി പരിഹാര സെല്ലിലെ പത്തംഗങ്ങളിൽ അഞ്ച് പേർ വിദ്യാർഥികളും ഒരാൾ പി.ടി.എ പ്രതിനിധിയുമാണ്. സമിതി ഭൂരിപക്ഷാടിസ്ഥാനത്തിൽ എടുക്കുന്ന തീരുമാനങ്ങൾ നടപ്പാക്കാൻ സമിതിയുടെ ചെയർപേഴ്സണായ പ്രിൻസിപ്പലിന് ബാധ്യതയുണ്ട്.
കോളജിന്റെ ഭരണപരമായ കാര്യങ്ങൾ, വിദ്യാർഥി പ്രവേശനം, പരീക്ഷ, അച്ചടക്ക നടപടി തുടങ്ങിയ കാര്യങ്ങളിൽ മതിയായ അറിവില്ലാത്ത ഭൂരിപക്ഷം വരുന്ന അംഗങ്ങൾ ഇത്തരം കാര്യങ്ങളിൽ പ്രിൻസിപ്പൽ എടുക്കുന്ന തീരുമാനങ്ങളെ എതിർക്കാനാണ് സാധ്യതയെന്നും ഹരജിക്കാർ ആരോപിക്കുന്നു. മതിയായ നിയമ നിർമാണമില്ലാതെ എയ്ഡഡ്, അൺ എയ്ഡഡ് കോളജുകളുടെ ഭരണപരമായ കാര്യങ്ങളിൽ ഇടപെടാൻ കഴിയില്ല.
യു.ജി.സി റെഗുലേഷനനുസരിച്ച് പ്രഫസർമാരും സീനിയർ ഫാക്കൽട്ടി മെംബർമാരുമൊക്കെ ഉൾപ്പെട്ട സമിതിയാണ് പരാതി പരിഹാര സെൽ. ഇതു മറികടന്നാണ് പുതിയ സമിതി സർക്കാർ നിർദേശിച്ചിരിക്കുന്നത്. അതിനാൽ, സമിതി രൂപവത്കരിക്കാനുള്ള സർക്കാർ ഉത്തരവ് നിയമപരമല്ലെന്നും ഹരജിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.